ഹരിപ്പാട് ∙ അച്ചൻകോവിലാറിന്റെ കരകളിൽ വീറും വാശിയും ഭക്തിയും ഒരുപോലെ അലയടിച്ച ജലോത്സവത്തിന് എത്തിയത് വൻജനാവലി. നെഹ്റു ട്രോഫി കഴിഞ്ഞാൽ കരക്കാർ കാത്തിരിക്കുന്നതു പായിപ്പാട് വള്ളംകളിയിൽ ട്രോഫി നേടുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ സമീപമുള്ള കരകളിൽ നിന്നുള്ളതാണ്.
അതു കൊണ്ടു തന്നെ മത്സരത്തിന്റെ ആവേശം വാനോളം ഉയർന്നു.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന ജലോത്സവമാണ് പായിപ്പാട്ടേത്. സുബ്രഹ്മണ്യ രൂപം ആലേഖനം ചെയ്ത ട്രോഫി കരകളിൽ എത്തിക്കുക എന്നത് ഓരോ കരക്കാരുടെയും സ്വപ്നമാണ്.
കാരിച്ചാൽ, പായിപ്പാട്, വെള്ളംകുളങ്ങര, കരുവാറ്റ, ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി, ആയാപറമ്പ് പാണ്ടി,ആനാരി, വീയപുരം, മേൽപാടം എന്നീ ചുണ്ടൻ വള്ളങ്ങളാണ് കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മത്സരിച്ചത്.
ആദ്യപാദ മത്സരം മുതൽ ഫൈനൽ മത്സരം വരെ ചുണ്ടൻ വള്ളങ്ങൾ ഓളപരപ്പിൽ ആവേശം ഉയർത്തി.ഫൈനൽ മത്സരത്തിൽ കരയിലെ ആവേശം തുഴകളിലേക്ക് ആവാഹിച്ചപ്പോൾ ഓളങ്ങളെ കീറിമുറിച്ചവർ മുന്നേറി. ഒപ്പത്തിനെപ്പം മത്സരിച്ച ചുണ്ടൻ വള്ളങ്ങൾ ഫിനിഷ് ചെയ്തപ്പോൾ കാണികൾ വിജയികളെ അറിയാനുള്ള ആകാംക്ഷയായി.
വള്ളത്തിൽ ഇരുന്നവർ ആഹ്ലാദത്തോടെ തുഴകളുമായി ആറ്റിലേക്കും കരയിൽ നിന്നവർ വെള്ളത്തിലേക്കും ചാടി സന്തോഷം പങ്കിട്ടു.
ട്രോഫിയുമായി ഘോഷയാത്ര
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ട്രോഫി പായിപ്പാട് വള്ളംകളി പവനിയിൽ എത്തിച്ചതോടെയാണ് ജലോത്സവം ആരംഭിച്ചത്. തിരുവോണ ദിവസം കരക്കാരുടെ നേതൃത്വത്തിൽ ട്രോഫിയുമായി ചുണ്ടൻ വള്ളങ്ങളിൽ ഹരിപ്പാട് നെൽപ്പുര കടവിലെത്തിയിരുന്നു.
നഗരസഭയും ഉപദേശക സമിതിയും ഭക്തജനങ്ങളും ചേർന്നു കരക്കാരെ സ്വീകരിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ക്ഷേത്രത്തിലെത്തി വഞ്ചിപ്പാട്ട് പാടി കൊടിമരച്ചുവട്ടിൽ ട്രോഫി ദേവസ്വം അധികൃതർക്ക് കൈമാറിയിരുന്നു. ദേവസ്വം ഓഫിസിൽ സൂക്ഷിച്ച ട്രോഫി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി ഘോഷയാത്രയായാണ് ജലോത്സവ പവനിയനിൽ എത്തിച്ചത്.
ജലോത്സവ സമിതി ഭാരവാഹികൾ ട്രോഫി ഏറ്റുവാങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]