
ആലപ്പുഴ∙ അടിഭാഗം ദ്രവിച്ച നിലയിലും വർഷങ്ങൾ പഴക്കമുള്ളതുമായ ജനറൽ ആശുപത്രി വളപ്പിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.
നൂറു കണക്കിനു രോഗികൾ സഞ്ചരിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും സ്ഥലത്താണ് ഈ മരങ്ങളുള്ളത്. അപകട
ഭീഷണിയായ കൂറ്റൻ തണൽ മരങ്ങളിലൊന്നു കഴിഞ്ഞ വർഷം ശക്തമായ കാറ്റിൽ കടപുഴകി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണ് അപകടം സംഭവിച്ചിരുന്നു. എന്നിട്ടും ശേഷിച്ച മരങ്ങൾ വെട്ടിമാറ്റാതെ അധികൃതർ നിസ്സംഗത തുടരുകയാണ്.
ആശുപത്രി ക്വാർട്ടേഴ്സിനോടു ചേർന്നു നിന്ന കൂറ്റൻ തണൽ മരത്തിന്റെ അടിഭാഗം ദ്രവിച്ചതിനാലാണു ശക്തമായ കാറ്റിൽ രാത്രിയിൽ കടപുഴകി വീണത്.
ഇതിനു സമീപം തന്നെ വർഷങ്ങൾ പഴക്കമുള്ള മാവിന്റെ കൂറ്റൻ ശിഖരവും മാസങ്ങൾക്കു മുൻപ് കാറ്റിൽ നിലം പൊത്തിയിരുന്നു. ഈ മാവിന്റെ അടിഭാഗവും ദ്രവിച്ച നിലയിലാണുള്ളത്.
ഇതിനു താഴെയാണ് ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ആരോഗ്യ വകുപ്പിന്റെയും എൻഎച്ച്എമ്മിന്റെയും വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്.
ആശുപത്രിയുടെ പിൻവശത്തായി പാലസ് വാർഡിലെ റോഡിനോടു ചേർന്നു നിന്ന തണൽ മരത്തിന്റെയും ശിഖരങ്ങൾ അടുത്തിടെ ഒടിഞ്ഞു വീണിരുന്നു.
പേ വാർഡിനു സമീപം നിൽക്കുന്ന കൂറ്റൻ മരവും വർഷങ്ങൾ പഴക്കമുള്ളതാണ്. ഇതിനു താഴെയായി ട്രാൻസ്ഫോമറും സ്ഥിതി ചെയ്യുന്നുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു.
ആശുപത്രിയുടെ ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ അപകടഭീഷണിയുയർത്തുന്നതിനിടെയാണ് ആശുപത്രി വളപ്പിലെ പഴക്കമുള്ള മരങ്ങളും അപകട ഭീഷണിയായിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]