
ജലവിതരണ പൈപ്പുപൊട്ടി: റോഡ് വെള്ളക്കെട്ടിൽ, ഒരാഴ്ചയായി വെള്ളം കിട്ടാതെ നൂറോളം കുടുംബങ്ങൾ
കായംകുളം∙ കീരിക്കാട് തെക്ക് പ്രദേശത്ത് ഭാരവാഹനങ്ങൾ കയറി ജലവിതരണ പൈപ്പ് പൊട്ടി റോഡിൽ ഒരാഴ്ചയായി വെള്ളക്കെട്ട്. ജലവിതരണം പ്രതിസന്ധിയിലായതോടെ നൂറോളം കുടുംബങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു.
മുഴങ്ങോടിക്കാവ്–കിളിമുക്കേൽകടവ്–സൊസൈറ്റി കടവ് റോഡിലാണ് ഈ സ്ഥിതി തുടരുന്നത്. നഗരസഭ 41ാം വാർഡിൽപ്പെടുന്ന റോഡിലൂടെ അധിക ലോഡ് കയറ്റിയ വാഹനങ്ങൾ സ്വകാര്യ സ്ഥാപനത്തിലേക്ക് പോകുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത് .10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ഇതുവഴി പോകരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇത് ലംഘിച്ച് 60 ടൺ വരെ ഭാരമുള്ള വാഹനങ്ങൾ റോഡിലൂടെ പോകുന്നതാണ് പൈപ്പുകൾ സ്ഥിരമായി പൊട്ടാൻ കാരണമെന്ന് പറയുന്നു. പൊതു സ്ഥലത്തെ പൊട്ടിയ പൈപ്പുകൾ നന്നാക്കണമെന്ന് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ ഉപയോഗിക്കുന്ന പൈപ്പുകൾ പൊട്ടിയത് നന്നാക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
തുടർച്ചയായി പൈപ്പുകൾ പൊട്ടിക്കുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും മോട്ടർ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ റെജി മാവനാൽ പറഞ്ഞു. പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കൗൺസിലർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]