അമ്പലപ്പുഴ ∙ 2018ലെ മഹാപ്രളയകാലത്ത് നാടാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറക്കാൻ വൈകിയത് എന്തുകൊണ്ടെന്ന സംശയം വർഷങ്ങൾക്കു ശേഷം വീണ്ടും സജീവ ചർച്ചയിലേക്ക്. പൊഴിമുഖത്ത് അടിഞ്ഞ കരിമണൽ കടലിലേക്കു പൂർണമായും ഒഴുകിപ്പോകാതിരിക്കാനാണു കരിമണൽ ലോബിക്കു വേണ്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന ആരോപണമാണ് അന്നു ശക്തമായി ഉയർന്നത്.
2018ലെ മഹാപ്രളയം കുട്ടനാട്ടിലും കിഴക്കൻ മേഖലകളിലും സർവനാശം വിതച്ച ശേഷമാണ് നിരന്തര ആവശ്യങ്ങൾക്കൊടുവിൽ സ്പിൽവേയുടെ 20 ഷട്ടറുകൾ തുറന്നത്.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽക്കൂടി ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ അധികനേരം തങ്ങിനിൽക്കാതെ കടലിലേക്ക് ഒഴുക്കാനും വേലിയേറ്റ കാലത്തു കടലിലെ ഓരുവെള്ളം കുട്ടനാട്ടിലേക്കു കയറാതെ തടയാനുമായി നിർമിച്ച തോട്ടപ്പള്ളി സ്പിൽവേക്ക് 40 ഷട്ടറുകളാണുള്ളത്. ഇതിൽ 20 ഷട്ടറുകൾ പ്രളയത്തിനു മുൻപു തന്നെ തുറന്നിരുന്നു.
2018 ഓഗസ്റ്റ് 15ന് ആരംഭിച്ച അതിശക്തമായ മഴയിൽ നദികളിലൂടെ വെള്ളം കുതിച്ചൊഴുകി.
ഷട്ടറുകൾ പൂർണമായും തുറക്കാത്തതിനാൽ കടലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു. കുട്ടനാടും ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളും പത്തനംതിട്ട
ജില്ലയും പ്രളയത്തിൽ മുങ്ങി. ബാക്കിയുള്ള 20 ഷട്ടറുകൾ കൂടി തുറക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഫലമുണ്ടായില്ല.
പ്രളയജലം വീടുകൾക്ക് മുകളിലൂടെ ഒഴുകിയിട്ടും ബാക്കി ഷട്ടറുകൾ ഉയർത്താൻ ജലസേചന വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവിൽ പത്തനംതിട്ട
ജില്ലയിൽ നിന്നുൾപ്പെടെ ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്തിയതോടെയാണ് ഓഗസ്റ്റ് 18ന് ബാക്കി 20 ഷട്ടറുകൾ തുറന്നത്.
അപ്പോഴേക്കും പ്രളയ ജലം കയറി വീടും വസ്തുക്കളും ഉപകരണങ്ങളും കച്ചവട സ്ഥാപനങ്ങളും നശിച്ചു കഴിഞ്ഞിരുന്നു.
അന്നു ജലസേചന വകുപ്പ് കരാർ നൽകിയ സ്വകാര്യ കമ്പനിയാണു പൊഴിമുഖത്തെ മണൽ നീക്കിയിരുന്നത്. 2019 മേയിലാണ് പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലിനും ഐആർഇയ്ക്കും തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കം ചെയ്യാൻ അനുമതി നൽകിയത്.
2019 മുതൽ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടങ്ങി. ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടലിലാണ് കഴിഞ്ഞവർഷം അതു നിർത്തിവച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

