
നെടുമുടി ∙ മൂന്നാറ്റിൻമുഖം മുതൽ സി ബ്ലോക്ക് വരെ ആറ്റുതീരം റോഡ് നിർമിക്കുമെന്നു തോമസ് കെ.തോമസ് എംഎൽഎ. റോഡ് യാഥാർഥ്യമാകുന്നതോടെ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ ഏതാനും പ്രദേശങ്ങളിൽ വാഹനങ്ങൾ എത്തിച്ചേരും.
നിർദിഷ്ട റോഡിലുള്ള പാലങ്ങളുടെ അടക്കം നിർമാണം പുരോഗമിക്കുകയാണ്. റോഡിന്റെ ഭാഗമായുള്ള രണ്ടാമത്തെ പ്രവൃത്തിയായ ബേക്കറി പാലം–ആയിരവേലി റോഡ് നിർമാണം ആരംഭിച്ചു.
2.675 കോടി രൂപ വിനിയോഗിച്ചു തദ്ദേശ സ്വയം ഭരണ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു നിർമാണം പുരോഗമിക്കുന്നത്.
2.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കൈനകരി ഗ്രാമ പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ കരമാർഗമുള്ള ഗതാഗത ബുദ്ധിമുട്ടിന് ആശ്വാസമാകും. നിർദിഷ്ട പാതയിലെ ബേക്കറി പാലം മുതൽ കുട്ടമംഗലം എൽസി ജെട്ടി വരെ ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഫണ്ട് ഉപയോഗിച്ചുള്ള കോൺക്രീറ്റ് പാതയുടെ നിർമാണം പൂർത്തിയായി.
എൽസി ജെട്ടി മുതൽ സി ബ്ലോക്ക് വരെയുള്ള റോഡും ഉമ്പിക്കാരം പാലം നിർമാണവും ഉൾപ്പെടുന്ന 2.35 കോടി രൂപയുടെ പ്രവൃത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും. മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ ആയിരവേലി പാലത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു.
സൊസൈറ്റി പാലം നിർമാണത്തിനായുള്ള അധികതുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
നടപടി ക്രമങ്ങൾ നടന്നു വരുന്നു. സൊസൈറ്റി പാലം മുതൽ എൺപതിന്റെ ബോട്ട് ജെട്ടി വരെയുള്ള റോഡ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമാണം നടന്നു വരുന്നു. പൊതുവാ തോടിനു കുറുകെയുള്ള എൺപതിന്റെ ജെട്ടി പാലം ചെറുവാഹനങ്ങൾ കയറും വിധമുള്ള നവീകരണ പ്രവർത്തനങ്ങൾക്കായുള്ള തുകയും എംഎൽഎ ഫണ്ടിൽ നിന്നു വിനിയോഗിക്കുവാൻ നിർദേശിച്ചിട്ടുണ്ട്. നെടുമുടി-കൈനകരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പമ്പയാറിനോടു ചേർന്നു പോകുന്ന മൂന്നാറ്റിൻമുഖം–സി ബ്ലോക്ക് ആറ്റുതീരം പാത ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ കർശന നിർദേശം ബന്ധപ്പെട്ടവർക്കു നൽകിയതായും എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]