
ചാരുംമൂട്∙ സ്കൂളിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനു മുൻപേ സ്വകാര്യ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് ഡോർ തലയിലിടിച്ചു വിദ്യാർഥിനിക്കു ഗുരുതര പരുക്ക്. കെപി റോഡിൽ ഇന്നലെ രാവിലെ ഏഴരയ്ക്കു ബസുകളുടെ മത്സരയോട്ടത്തിനിടെയാണു സംഭവം. താമരക്കുളം വിവിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനി ചുനക്കര തുണ്ടുപുരയിടത്തിൽ ഷാജിയുടെ മകൾ മിഷ ഫാത്തിമ (15)യ്ക്കാണ് പരുക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബെല്ലടിച്ച് ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്നു നാട്ടുകാർ അറിയിച്ചു.
അപ്പോൾ ഡോർ തലയിൽ ആഞ്ഞടിച്ചു. തലയിൽ നിന്നു രക്തം വാർന്നതു കണ്ടിട്ടും നിർത്താതെ പോയ ബസ് വിദ്യാർഥികളും നാട്ടുകാരും ചേർന്നു തടഞ്ഞു പൊലീസിനു കൈമാറി.
വിദ്യാർഥിനിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു മുറിവിൽ തുന്നലിട്ട
ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടൂരിലുള്ള ആശുപത്രിയിലേക്കു മാറ്റി.കെപി റോഡിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച നിരന്തര പരാതികൾക്കിടെയാണ് ഈ സംഭവം. നാട്ടുകാർ പിന്തുടർന്നു തടഞ്ഞിട്ട ബസ് നൂറനാട് നിന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത് കേസ് റജിസ്റ്റർ ചെയ്തു.
കുട്ടിക്കു തലയിൽ ആറിടത്തു തുന്നിക്കെട്ടുണ്ട്. സംഭവത്തിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. ഇന്ന് മുതൽ കെ പി റോഡിൽ കായംകുളം മുതൽ അടൂർ വരെ മൂന്ന് ആർടി ഓഫിസുകളുടെ നേതൃത്വത്തിൽ വാഹനപരിശോധന കർശനമാക്കാനും തീരുമാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]