ചേർത്തല∙ വാരനാട് സ്വദേശി റിട്ട. ഗവ ഉദ്യോഗസ്ഥ ഐഷ(57)യുടെ തിരോധാനവുമായി ബന്ധപ്പെട്ടു ചേർത്തല ശാസ്താംകവല ഉടുമ്പനാട് റോസമ്മയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഐഷയുടെ ബന്ധുക്കൾ.
ഐഷയെ കാണാതായ കേസിൽ പ്രതിയെന്നു പൊലീസ് സംശയിക്കുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ(65) സുഹൃത്തും കാണാതായ ഐഷയുടെ അയൽവാസിയുമാണ് റോസമ്മ (70). റോസമ്മയുടെ ഉടമസ്ഥതയിലുള്ള, നേരത്തേ കോഴിഫാം പ്രവർത്തിച്ചിരുന്ന ഷെഡിൽ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു.
സെബാസ്റ്റ്യൻ റോസമ്മയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ഐഷയെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യനു പരിചയപ്പെടുത്തിക്കൊടുത്തതു റോസമ്മയാണെന്നും ഐഷയുടെ സഹോദരന്റെ മകൻ എം.ഹുസൈൻ പറഞ്ഞു. ‘‘പഞ്ചായത്ത് വകുപ്പിൽ ജീവനക്കാരിയായിരുന്ന ഐഷ വിരമിച്ച ശേഷം 2011ലാണ് ചേർത്തല ശാസ്താംകവലയിലെ സഹോദരന്റെ വീട്ടിലെത്തുന്നത്.
ഇതിനു സമീപം 3 സെന്റ് സ്ഥലം വാങ്ങി തനിച്ചു താമസം തുടങ്ങി. ഭർത്താവ് നേരത്തേ മരിച്ചിരുന്നു.
മക്കൾ വിവാഹിതരായി മറ്റൊരിടത്തായിരുന്നു താമസം. റോസമ്മ വഴിയാണു സ്ഥലം വാങ്ങിയത് പിന്നീട് റോസമ്മയും ഐഷയും അടുപ്പത്തിലായി.
അങ്ങനെയാണ് റോസമ്മയുടെ സുഹൃത്തായ സെബാസ്റ്റ്യനെ ഐഷ പരിചയപ്പെടുന്നത്. അധികം വൈകാതെ ഐഷയെ കാണാതായി.
എന്നാൽ ഐഷയെ തനിക്കു പരിചയപ്പെടുത്തിയത് സെബാസ്റ്റ്യനാണെന്നാണ് ഇന്നലെ റോസമ്മ മാധ്യമങ്ങളോടു പറഞ്ഞത്. ഐഷയെ കാണാതായ വിവരം റോസമ്മ തങ്ങളെ അറിയിക്കുന്നതു നാലു ദിവസങ്ങൾക്കു ശേഷമായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സെബാസ്റ്റ്യനുമായി ഐഷയ്ക്കുണ്ടായിരുന്ന പരിചയം റോസമ്മ മറച്ചു വച്ചതിനാൽ ഈ ദിശയിൽ അന്വേഷണം നടന്നില്ല.
കാണാതാകുമ്പോൾ ഐഷയുടെ ഫോൺ സിഗ്നൽ പളളിപ്പുറത്തായിരുന്നെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇതും പരിശോധിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
കാണാതായത് 2012ൽ; 2016ൽ കണ്ടെന്ന് റോസമ്മ
2012 മേയ് 13നാണ് ഐഷയെ കാണാതായെന്നു ബന്ധുക്കൾ ചേർത്തല പൊലീസിൽ പരാതി നൽകിയത്. എന്നാൽ 2016 ഓഗസ്റ്റ് 15ന് ഐഷയും സെബാസ്റ്റ്യനും കൂടി തന്റെ വീടിനു സമീപത്ത് ഇപ്പോൾ കോഴിഫാമിന്റെ ഷെഡ് ഉള്ള സ്ഥലം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു വൃത്തിയാക്കിയെന്നു റോസമ്മ പറയുന്നു.
ഈ കാര്യം ഇന്നലെ മാധ്യമങ്ങളോടും റോസമ്മ ആവർത്തിച്ചു. 2012 ൽ കാണാതായ ഐഷയെ എങ്ങനെയാണ് 2016ൽ റോസമ്മ കണ്ടുവെന്നാണ് ബന്ധുക്കളുടെ ചോദ്യം.
റോസമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഐഷയ്ക്കു വിൽപന നടത്താമെന്നു സെബാസ്റ്റ്യനും റോസമ്മയും വാഗ്ദാനം നൽകിയിരുന്നുവെന്നും ഇതിനായി ഐഷ പണം സംഘടിപ്പിച്ചിരുന്നുവെന്നും ഇതിനു ശേഷമാണ് ഇവരെ കാണാതായെന്നും ആരോപണമുണ്ട്.
കാണാതായ ശേഷവും ഐഷയുടെ ഫോണിൽ നിന്ന് തനിക്ക് കോളുകൾ വന്നിരുന്നതായി റോസമ്മ പറയുന്നു. കോൾ എടുക്കാത്തതിനാൽ വിളിച്ചത് സെബാസ്റ്റ്യനാണോ ഐഷയാണോ എന്നറിയില്ല.
സെബാസ്റ്റ്യൻ തന്നെ വിവാഹം ആലോചിച്ചിരുന്നതായും റോസമ്മ പറഞ്ഞു. ആദ്യ ഭർത്താവിന്റെ മരണശേഷമാണു റോസമ്മ ശാസ്താംകവല സ്വദേശിയായ അധ്യാപകനെ വിവാഹം ചെയ്തത്.
ഇദ്ദേഹവും മരിച്ചതോടെ ഇവർ തനിച്ചാണു താമസം.
ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേർത്തല പൊലീസ് ഇന്നലെ റോസമ്മയുടെ മൊഴിയെടുത്തു. ഇവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധന കഴിഞ്ഞ് അപ്രതീക്ഷിതമായാണു പൊലീസ് സംഘം റോസമ്മയുടെ ശാസ്താംകവലയിലെ വീട്ടിലെത്തിയത്.
കോഴിഫാം പ്രവർത്തിച്ചിരുന്ന ഷെഡിൽ പൊലീസിനൊപ്പം ചെന്ന റോസമ്മ ഇടയ്ക്കു വീട്ടിലേക്കു മടങ്ങി.
മാധ്യമങ്ങൾ ചോദ്യങ്ങളുമായി അടുത്തെത്തിയപ്പോൾ തനിക്കു തല കറങ്ങുന്നുവെന്നും അൽപസമയം ഇരിക്കണമെന്നും പറഞ്ഞു വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതോടെ പൊലീസ് ഭയന്നു.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ ജനാലയ്ക്കരികിലും അടുക്കള വാതിലിനടുത്തു ചെന്നു നോക്കി. അൽപസമയത്തിനകം ധരിച്ചിരുന്ന നൈറ്റി മാറ്റി ചുരിദാർ ധരിച്ചു റോസമ്മ പുറത്തുവന്നു മാധ്യമങ്ങളോടു പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]