ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമായത്.പരാതിക്കാരൻ ലിങ്കിൽ ക്ലിക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നാണു നിഗമനം.
പെൻഷൻ പാസ് ബുക്ക് പുതുക്കി നൽകുമെന്ന സമൂഹമാധ്യമ പരസ്യം കണ്ടു ജനുവരി 31നു രാത്രി 10നാണ് പരാതിക്കാരൻ അതിനൊപ്പമുള്ള ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തത്.
വീട്ടിൽ നിന്ന് എസ്ബിഐ ശാഖയിലേക്കു ദൂരം കുറവാണെങ്കിലും പക്ഷാഘാതം വന്നു കിടപ്പിലായതിനാൽ യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് പരസ്യത്തിൽ വിശ്വസിച്ചു ക്ലിക് ചെയ്തത്.അന്നു രാത്രി സമൂഹമാധ്യമത്തിലൂടെ തട്ടിപ്പുകാർ പലതവണ ബന്ധപ്പെട്ടെന്നു പരാതിക്കാരൻ പറഞ്ഞു. പിറ്റേന്നു രാവിലെ 10നു വാട്സാപ്പിൽ വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു.
പെൻഷൻ ബുക്ക് വാങ്ങാൻ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാൽ സംശയം തോന്നി കോൾ കട്ട് ചെയ്തു.
പക്ഷേ, അപ്പോഴേക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ വി.ഡി.റെജിരാജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

