മാവേലിക്കര ∙ അഞ്ചാം ക്ലാസ് അനുവദിച്ചു തിരുവിതാംകൂർ സർക്കാർ നൽകിയ ഉത്തരവ് പിൻവലിക്കുമെന്നുള്ള റിപ്പോർട്ടിനെ തുടർന്നു വിളിച്ചു ചേർത്ത പൊതുയോഗ നോട്ടിസിനു പ്ലാറ്റിനം ജൂബിലി മധുരം. 1879 ൽ ആരംഭിച്ച കല്ലുമല സിഎംഎസ് എൽപിഎസിൽ 1951 അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ് അനുവദിച്ചു തിരുവിതാംകൂർ സർക്കാർ ഉത്തരവായിരുന്നു.
വിദ്യാഭ്യാസവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പകുതി ഭാഗം കേടായതു ശ്രദ്ധയിൽപെട്ടു.
തകരാർ പരിഹരിച്ചില്ലെങ്കിൽ അഞ്ചാം ക്ലാസ് അനുവദിച്ച ഉത്തരവ് റദ്ദാക്കുമെന്ന അറിയിപ്പ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ കൂട്ടി തീരുമാനം എടുക്കാനായി 1951 മാർച്ച് 18നു സ്കൂളിൽ പൊതുയോഗം ചേരുന്നതു സംബന്ധിച്ച നോട്ടിസ് പുറത്തിറക്കി.
തഴക്കര താരക വിലാസം പ്രസിൽ 1951 മാർച്ച് 14 നു പ്രിന്റിങ് നടത്തിയത്.
കല്ലുമല സിഎംഎസ് എൽപിഎസുമായി ബന്ധപ്പെട്ട 75 വർഷം പഴക്കമുള്ള നോട്ടിസ് അമൂല്യ നിധിയായി ചരിത്ര ഗവേഷകൻ തഴക്കര മിത്ര നികേതൻ ജോർജ് തഴക്കരയുടെ ശേഖരത്തിലാണ് ഉള്ളത്.
വിവിധ ഗ്രാമങ്ങളുടെ പ്രാദേശിക ചരിത്രം തേടി ജോർജ് തഴക്കര നടത്തിയ അന്വേഷണത്തിലാണു ചിത്രമെഴുത്ത് കെ.എം.വർഗീസിന്റെ മകൻ റോയി മാവേലിക്കര നൽകിയ പഴയ ഒരു നോട്ട്ബുക്കിൽ നിന്നു ലഭിച്ചത്. പൊതുയോഗത്തിലെ തീരുമാനം, പിന്നീടുണ്ടായ നടപടികൾ സംബന്ധിച്ചുള്ള അന്വേഷണത്തിലാണു ജോർജ് തഴക്കര. കല്ലുമല ഗ്രാമത്തിന്റെ വിദ്യാവെളിച്ചമായി നിലകൊള്ളുന്ന സിഎംഎസ് സ്കൂൾ ഇപ്പോഴും എൽപി സ്കൂളായി നാടിനു അഭിമാനമാകുന്നു.
ഓലമേഞ്ഞ വെള്ള പൂശിയ നീളൻ കെട്ടിടമുള്ള സിഎംഎസിലാണു താൻ പഠിച്ചതെന്നും അഞ്ചാം ക്ലാസ് അവിടെ പിന്നീടു വന്നിട്ടില്ലെന്നും നോവലിസ്റ്റ് കെ.കെ.സുധാകരൻ പറഞ്ഞു.
നോട്ടിസിന്റെ പ്രധാന ഭാഗം
‘നമ്മുടെ നാട്ടിലെ പൊതുസ്ഥാപനമായ ഈ ഏക വിദ്യാലയത്തിന്റെ ദയനീയാവസ്ഥയ്ക്കു പെട്ടെന്ന് പരിഹാരം ഉണ്ടാക്കേണ്ടത് അത്യാവശ്യമാകയാൽ തത്സംബന്ധമായ ആലോചനകൾക്കായി സ്ഥലവാസികളുടെ ഒരു പൊതുയോഗം സ്കൂളിൽ 1951 മാർച്ച് 18 ഞായറാഴ്ച പകൽ 2 മണിക്കു ശേഷം ബി.എച്ച് ഇംഗ്ലിഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.സി.ഉമ്മൻ അവർകൾ ബിഎ, എൽടി (പോളച്ചിറയ്ക്കൽ) അധ്യക്ഷതയിൽ കൂടുന്നതിന് നിശ്ചയിച്ചിരിക്കയാൽ താങ്കളേവരും ദയവായി അതിൽ വന്നു ചേരണമെന്ന് വിനീതമായ അപേക്ഷിക്കുന്നു.’ എന്നു കൺവീനർ റവ.സി.ടി.മാത്യു ബിഎ, എൽടി അറിയിക്കുന്നതായിരുന്നു നോട്ടിസ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

