ആലപ്പുഴ∙ തീരദേശ ഹൈവേ വികസനം വേഗത്തിലാക്കാനായി ജില്ലയിൽ തുമ്പോളി വികസനം ജംക്ഷൻ മുതൽ സൗത്ത് ചെല്ലാനം വരെയുള്ള ഭാഗത്തെ നാലു റീച്ചുകളായി തിരിച്ചു. പാതിരപ്പള്ളി, കലവൂർ, മാരാരിക്കുളം വടക്ക്, അർത്തുങ്കൽ എന്നിങ്ങനെയാണു റീച്ചുകൾ. ഇതിൽ പാതിരപ്പള്ളി, കലവൂർ റീച്ചുകളിലെ സർവേ പൂർത്തിയായി.
ഇവിടെ ഭൂമിയുടെയും ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമിതികളുടെയും വിലനിർണയവും പൂർത്തിയായിട്ടുണ്ട്.
സർവേ സ്കെച്ച് പൂർത്തിയാകുന്നതോടെ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്കു കടക്കും. സംസ്ഥാന സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ തീരദേശ ഹൈവേയുടെ പണി തുടങ്ങാനാണു നടപടികൾ വേഗത്തിലാക്കുന്നത്.
ഈ ഭാഗത്തെ ഹിയറിങ്ങും പൂർത്തിയായിരുന്നു.
ആകെ 3139 സർവേ നമ്പറുകളിൽ നിന്നായി ഏറ്റെടുക്കുന്ന 22.4355 ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജൂലൈയിൽ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്നു ലഭിച്ച പരാതികളിലും ആക്ഷേപങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
അമ്പലപ്പുഴ താലൂക്കിലെ പാതിരപ്പള്ളി, കലവൂർ വില്ലേജുകളിലും ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക്, അർത്തുങ്കൽ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ തെക്ക്, കുത്തിയതോട് എന്നീ വില്ലേജുകളിലുമാണു ഭൂമിയേറ്റെടുക്കുന്നത്.
വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ മതുക്കൽ വരെയുള്ള ഭാഗത്തെ സാമൂഹികാഘാത പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. മതുക്കൽ മുതൽ തുമ്പോളി വികസനം വരെയുള്ള ഭാഗത്തെ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ ഉത്തരവായിട്ടില്ല.
ഇവിടെ നാറ്റ്പാക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
തോട്ടപ്പള്ളി മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു ദേശീയപാത 66ന്റെ ഭാഗമാണു തീരദേശ ഹൈവേ. നേരത്തെ പായൽക്കുളങ്ങര ജംക്ഷനിൽ നിന്നാണു തീരദേശഹൈവേ പുനരാരംഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അമ്പലപ്പുഴ ജംക്ഷനിൽ നിന്നു പാത പുനരാരംഭിക്കാനാണ് ആലോചന നടക്കുന്നത്. തീരദേശ ഹൈവേയിൽ കൂടിയെത്തുന്ന വാഹനങ്ങൾക്കു ദേശീയപാതയിൽ പ്രവേശിക്കാൻ പായൽക്കുളങ്ങരയിൽ അടിപ്പാതയില്ലാത്തതാണു കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

