ചേർത്തല∙ ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആനതറ വെളിയിൽ ആരംഭിച്ച ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് രണ്ടര മാസം. ശുചിമുറി മാലിന്യ സംസ്കരിക്കാൻ ജില്ലയിൽ ആരംഭിച്ച ഏക പ്ലാന്റാണ് ചേർത്തലയിൽ മാർച്ചിൽ പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ പ്രവർത്തനം തുടങ്ങി മൂന്നു മാസത്തിനുള്ളിൽ നിർത്തിവയ്ക്കേണ്ടി വന്നു. ജൂലൈ മാസം ശക്തമായ മഴയിൽ വെള്ളം കയറി സംസ്കരണാവശിഷ്ടം പുറത്തേക്ക് ഒഴുകിയ സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തിവച്ചത്. പ്ലാന്റ് നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ പൂർത്തിയാക്കേണ്ട
പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണു പ്രവർത്തനം ആരംഭിച്ചതെന്ന ആരോപണമുയർന്നിരുന്നു.
പ്രവർത്തനം നിർത്തിവച്ചിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും ഇതിനു പരിഹാരമുണ്ടാക്കാൻ നഗരസഭയും സർക്കാരും തയാറാകുന്നില്ല. 7.5 കോടിരൂപ മുടക്കിലാണ് സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ പ്ലാന്റ് നിർമിച്ചത്. ദിവസേന 2.5 ലക്ഷം ലീറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റാണ്.
ആരംഭഘട്ടത്തിൽ കാട്ടിയ ഇടപെടൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും നഗരസഭയിൽ നിന്നും ഉണ്ടാകുന്നില്ല. നിർമാണവും തുടർന്ന് പ്ലാന്റിന്റെ പരിപാലനവും നടത്തുന്ന കമ്പനിക്ക് 50 ശതമാനത്തോളം തുക ഇനിയും നൽകാനുള്ളത്.
കരാർ തുക നൽകാത്തതിനാൽ കമ്പനി തുടർനടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
മഴവെള്ളം പ്ലാന്റിന്റെ അകത്തു കടക്കാതിരിക്കാനുള്ള സംവിധാനം അടുത്തയിടെ കരാർ കമ്പനി ഒരുക്കിയെങ്കിലും സംസ്കരിച്ച വെള്ളം ജനങ്ങൾക്കും സമീപ സ്ഥാപനങ്ങൾക്കും ആശങ്കയില്ലാതെ ഒഴുക്കി വിടുന്നതിനും സംസ്കരണ അവശിഷ്ടത്തിൽ ജലാംശം കുറയ്ക്കുന്നതിനുമുള്ള സംവിധാനവും സ്ഥാപിക്കാനായിട്ടില്ല. ഇതാണ് ഇപ്പോൾ പ്രവർത്തനത്തിനു തടസ്സമാകുന്നത്.
മൂന്നുമാസം പ്രവർത്തിച്ച പ്ലാന്റിൽ 40 ലക്ഷം ലീറ്റർ മാലിന്യമാണ് സംസ്കരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ചേർത്തലയിലും സമീപ പ്രദേശങ്ങളിലും ശുചിമുറി മാലിന്യം തള്ളൽ പതിവായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]