
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത തുടങ്ങുന്ന തുറവൂർ ജംക്ഷന്റെ നിലവിലെ ഡിസൈനിൽ മാറ്റംവരും. തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ട് 350 മീറ്റർ മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതിനു പകരമായി ജംക്ഷനിൽ നിന്നു 200 മീറ്റർ തൂണുകളിൽ തെക്കോട്ട് നീങ്ങി ഇവിടെ നിന്നു 280 മീറ്റർ മണ്ണിട്ടുയർത്തിയുള്ള അപ്രോച്ച് റോഡ് തുറവൂർ പറവൂർ റീച്ചിലെ 6 വരി പാതയിൽ ബന്ധിപ്പിക്കുന്ന വിധമാണ് പുതിയ ഡിസൈൻ. ഇതോടെ അരൂർ– തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്നു13 കിലോ മീറ്ററിലധികമായി മാറും.
തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ട് മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കുന്നത് അവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നു പറഞ്ഞ് നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തു വന്നതോടെ കെ.സി.വേണുഗോപാൽ എംപി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് ഡിസൈൻ മാറ്റുന്നതിനുള്ള തീരുമാനത്തിലെത്തിയത്.
ആറുമാസം മുൻപ് ഇതിനായുള്ള നടപടി തുടങ്ങിയിരുന്നു.
അന്തിമ തീരുമാനമാകാത്തതിനാൽ ഉയരപ്പാതയും താഴെയുള്ള റോഡുമായി ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ ജോലികൾ നിർത്തിവച്ചിരുന്നു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തൂണുകൾക്ക് മുകളിൽ പാത കോൺക്രീറ്റ് ചെയ്ത ഭാഗത്തെ തൂണുകൾക്ക് പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെയും മീഡിയൻ വാളിന്റെയും കോൺക്രീറ്റിങ് ആരംഭിച്ചു.
തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്.
8 മീറ്റർ മുതൽ 11.5 മീറ്റർ ഉയരമുള്ള ഒറ്റത്തൂണുകൾക്ക് മുകളിൽ 24.51മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്.തൂണുകൾക്കു ചുവട്ടിൽ 7 മീറ്റർ വീതിയിലും 7 മീറ്റർ നീളത്തിലും ഒന്നരയടി താഴ്ചയിൽ പാറപ്പൊടിയും 65 എംഎം മെറ്റലും ചേർത്ത മിശ്രിതം യന്ത്രസഹായത്തോടെ ഉറപ്പിക്കുന്ന ജോലിയും തുടങ്ങി.
ഇതിനൊപ്പം പാതയുടെ മധ്യത്തിൽ തൂണിനോടു ചേർന്ന് മീഡിയൻ വാളിന്റെയും ജോലി തുടങ്ങിയത്. തൂണിന്റെ അടിഭാഗത്ത് നിന്നു 2 മീറ്റർ ഉയരത്തിൽ 10 സെന്റീമീറ്റർ ഘനത്തിൽ കോൺക്രീറ്റിങ് നടക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]