
ആലപ്പുഴ∙ ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വെൺമണി സ്വദേശിയായ മെയിൽ നഴ്സിൽ നിന്നും ഷെയർ ട്രേഡിങ്ങിലൂടെ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് 70.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. പുന്നപ്ര നോർത്ത് പഞ്ചായത്ത് ആറാട്ടുകുളം പ്രവീൺ ദാസിനെ (26) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരനെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം ഷെയർ ട്രേഡിങ് ചെയ്യുന്നതിനെന്ന പേരിൽ വ്യാജ വെബ്സൈറ്റിൽ യൂസർ ഐഡി, പാസ്വേഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യിപ്പിച്ചു കൃത്രിമമായ ലാഭം പ്രദർശിപ്പിച്ച ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ അക്കൗണ്ടുകളിലേക്ക് 28 തവണയാണ് പരാതിക്കാരൻ പ്രതികൾക്ക് പണം അയച്ചുകൊടുത്തത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
പരാതിക്കാരനിൽ നിന്നും 10 ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങി ചെക്ക് ഉപയോഗിച്ച് പിൻവലിച്ച ആളാണ് ഇപ്പോൾ അറസ്റ്റിലായത്.
ഇയാളുടെ കുറ്റസമ്മതമൊഴി പ്രകാരം എറണാകുളം സ്വദേശിയായ രാഹുൽ എന്നയാൾക്കാണു പ്രതി പണം കൈമാറിയത്. ഇയാളെക്കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. തെലങ്കാന സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതി നിലവിലുണ്ട്.ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി എം.എസ്.സന്തോഷിന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എസ്.ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.ആർ.ഗിരീഷ്, ആർ.അഖിൽ, ജേക്കബ് സേവ്യർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രഞ്ജിത് കൃഷ്ണനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]