ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള കാവിൽ പൂജകൾ ആരംഭിച്ചു. കാവുമാറ്റം വഴി മണ്ണാറശാലയിൽ എത്തുന്ന നാഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗയക്ഷിക്കാവിലാണു പൂജകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണു പൂജകൾ നടക്കുന്നത്.
7നു നാഗയക്ഷിക്കാവിലെ പൂജകൾ സമാപിക്കും. തുടർന്നു മണ്ണാറശാല ക്ഷേത്രത്തിന്റെ മൂല സ്ഥാനമായ എരിങ്ങാടപ്പള്ളിക്കാവിലും, ആലക്കോട്ടുകാവിലും പൂജ നടക്കും.
10നു കാവിൽ പൂജകൾ സമാപിക്കും.
പുണർതം നാളായ 10ന് മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവം തുടങ്ങുന്നത്. 12നാണ് മണ്ണാറശാലയിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്.അന്ന് രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും.
ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും.
എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യം പൂജകൾ നടക്കും.
ആയില്യംപൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിനു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

