
കീച്ചേരിക്കടവ്∙ ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും മാനം തെളിഞ്ഞു നിന്ന തിങ്കളാഴ്ച. എന്നാൽ ഉച്ചയോടെ കീച്ചേരിക്കടവിൽ സങ്കടം പരന്നു.
നിർമാണത്തിലിരുന്ന പാലത്തിന്റെ കോൺക്രീറ്റ് തകർന്നു വീണ ദുരന്തം കീച്ചേരിക്കടവിനെ കണ്ണീർക്കടലാക്കി. അഗ്നിരക്ഷാസേനയുടെ വാഹനം സൈറൺ മുഴക്കി എത്തിയപ്പോഴാണു പലരും അപകടവിവരം അറിഞ്ഞതു തന്നെ.
പാലം തകർന്ന രണ്ടു പേരെ കാണാതായെന്നറിഞ്ഞ് അച്ചൻകോവിലാറിന്റെ ഇരുകരകളിലും പാലത്തിന്റെ മുകളിലും ജനക്കൂട്ടമായിരുന്നു. എന്നാൽ അച്ചൻകോവിലാറ്റിലെ ശക്തമായ ഒഴുക്കിൽ നിസ്സഹായരായി നോക്കി നിൽക്കാനേ അവർക്കു സാധിച്ചുള്ളൂ.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും പ്രദേശവാസിയായ ഒരാളെ വിളിച്ച് അയാളുടെ വള്ളത്തിലാണു തിരച്ചിൽ തുടങ്ങിയത്.
പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിൽ ഫലപ്രദമല്ലെന്നു നാട്ടുകാർ അപ്പോഴും പറഞ്ഞു. സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാൻ സ്കൂബ ഡൈവിങ് പരിശീലിച്ചവരെയും എൻഡിആർഎഫിനെയും സ്ഥലത്തെത്തിക്കാൻ നിർദേശിച്ചു.
സ്കൂബ ടീം എത്തിയാണു വെള്ളത്തിനടിയിൽ മുങ്ങി തിരച്ചിൽ തുടങ്ങിയത്. നീണ്ട
കാത്തിരിപ്പിനൊടുവിൽ, ദുരന്തമുണ്ടായ പാലത്തിനു 150 മീറ്റർ അകലെ ഓളപ്പരപ്പിൽ മുകളിലായി ഒരു കാലു പൊന്തി വരുന്നതു കണ്ടു. അതു തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറയിൽ ബിനുവിന്റെ (42) ജീവനറ്റ ശരീരമായിരുന്നു.
ബിനുവിന്റെ മൃതദേഹം വൈകിട്ട് 4.50നും രാഘവ് കാർത്തിക്കിന്റെ മൃതദേഹം 5.50നും അഗ്നിരക്ഷാസേനയുടെ തിരച്ചിലിൽ, തകർന്ന പാലത്തിന്റെ 50 മീറ്റർ അകലെ കണ്ടെത്തി. അപകടത്തിൽപെട്ട
മിലന്റെ തുടയെല്ല് പൊട്ടി. സുമിത് കിർകിതയുടെ കൈക്കു മുറിവേറ്റു.
സോമൻ, വിനീഷ് എന്നിവർക്കു ചെറിയ പരുക്കുകളുണ്ട്.
അപകടം അറിഞ്ഞ് എംഎൽഎമാരായ യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് എന്നിവരും ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തി. ചെങ്ങന്നൂർ ആർഡിഒ: ടി.ഐ.വിജയസേനൻ, മാവേലിക്കര തഹസിൽദാർ അനീഷ് ഈപ്പൻ, ഡപ്യൂട്ടി തഹസിൽദാർമാരായ സുരേഷ് ബാബു, ജി.ബിനു, അനിൽകുമാർ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
പാലം നിർമാണം ആരംഭിച്ച ശേഷം കീച്ചേരിക്കടവിൽ നാലാമത്തെ ജീവനാണു പൊലിഞ്ഞത്. അതിനു മുൻപും പല അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
ഇവിടെ സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ ആറിന്റെ തീരം ഇടിയുന്നതും പതിവാണ്. മൃതദേഹങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
അപകടകാരണം നട്ട് ഒടിഞ്ഞതാകാമെന്ന് നിഗമനം
ചെന്നിത്തല∙ കോൺക്രീറ്റിങ്ങിനിടെ പാലം തകരാൻ ഇടയായത് തട്ടിന്റെ നട്ട് ഒടിഞ്ഞതിനാലാകാമെന്ന് മരാമത്തു വകുപ്പ് ബ്രിജ് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ശ്രീജിത്ത് പറഞ്ഞു.
ഇതേ തട്ട് ഉപയോഗിച്ചാണു മറ്റു 14 ഗർഡറുകളും കോൺക്രീറ്റ് ചെയ്തത്. അന്നു പ്രശ്നമുണ്ടായില്ല.
ഇന്നലെ കോൺക്രീറ്റിങ് പൂർത്തിയാകാൻ 5 മിനിറ്റ് ശേഷിക്കെയാണ് അപകടം. അതിനു തൊട്ടു മുൻപു കേട്ട
ശബ്ദം നട്ട് ഒടിഞ്ഞതാകാമെന്നും ഒരു നട്ട് പോയാൽ തന്നെ മുഴുവനായും തകർന്നു വീഴുമെന്നും ശ്രീജിത്ത് പറഞ്ഞു. മരിച്ച ബിനുവിന്റെ സഹോദരൻ ബിജു, കരുവാറ്റ നാരകത്തറ വിനീഷ് ഭവനത്തിൽ വിനീഷ്, നൂറനാട് പടനിലം സ്വദേശി സോമൻ, അതിഥിത്തൊഴിലാളികളായ മിലൻ, സുമിത് കിർകിത എന്നിവരാണ് ആറ്റിൽ വീണെങ്കിലും രക്ഷപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]