
മൗനവും കൂസലില്ലായ്മയും കൊണ്ട് സെബാസ്റ്റ്യന്റെ പ്രതിരോധം
ആലപ്പുഴ ∙ ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്കു ഇന്നലെയും മൗനം. ബിന്ദു പത്മനാഭൻ, ജെയ്നമ്മ, ഐഷ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ ഈ കൂസലില്ലായ്മ വർഷങ്ങളായി പൊലീസിനെ വലയ്ക്കുകയാണ്.
ബിന്ദു പത്മനാഭൻ തിരോധാന കേസിന്റെ അന്വേഷണത്തിലും ഇതു തന്നെയായിരുന്നു സെബാസ്റ്റ്യന്റെ പ്രകൃതം. മറ്റു സൂചനകളാണ് അന്വേഷണത്തെ മുന്നോട്ടു നയിച്ചത്.
സെബാസ്റ്റ്യനെ സംശയിക്കാവുന്ന പല വസ്തുക്കളും വിവരങ്ങളും പൊലീസിനു കിട്ടിയെങ്കിലും തുടർന്നുള്ള ചോദ്യങ്ങൾക്കൊന്നും അയാൾ വഴങ്ങിയിട്ടില്ല.
‘ഈ സംഭവങ്ങൾക്കു പിന്നിൽ സെബാസ്റ്റ്യനാണെന്നു ഞങ്ങൾക്കു നൂറുശതമാനം ഉറപ്പുണ്ട്. പക്ഷേ, തെളിവില്ലാതെ എന്തു ചെയ്യാൻ? അയാളുടെ പ്രായവും ആരോഗ്യവും നോക്കിയാൽ ശരിക്കൊന്നു ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ല.
കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ കാണാതായവരുടേതാണെന്നു തെളിഞ്ഞാലേ അന്വേഷണം മുന്നോട്ടു പോകൂ’ – സെബാസ്റ്റ്യനെതിരായ കേസുകൾ അന്വേഷിക്കുന്ന പല ഉദ്യോഗസ്ഥരും പറയുന്നത് ഇതേ കാര്യം തന്നെ. പൊലീസിനോട് ഒന്നും മിണ്ടാത്ത സെബാസ്റ്റ്യൻ കാണാതായവരുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ പലതും ചെയ്തു എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളുമായി പരിചയമുണ്ടായിരുന്നവരാണു കാണാതായ ജെയ്നമ്മയും ബിന്ദു പത്മനാഭനും ഐഷയും.
ബിന്ദുവിനെ കാണാതായ ശേഷം സഹോദരൻ അന്വേഷിച്ചപ്പോൾ ബിന്ദു തന്നെ ഫോണിൽ വിളിക്കുന്നുണ്ടെന്നാണു സെബാസ്റ്റ്യൻ പറഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം തന്റെ പേരിൽ വ്യാജ മുക്ത്യാർ ഉണ്ടാക്കി വിറ്റെന്നു തെളിഞ്ഞപ്പോഴാണു സെബാസ്റ്റ്യൻ ആദ്യം അറസ്റ്റിലായത്.
പക്ഷേ, ബിന്ദുവിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്കൊന്നും സെബാസ്റ്റ്യൻ ഒരു സൂചന പോലും നൽകിയിട്ടില്ല. ജെയ്നമ്മയെ കാണാതായ ശേഷം അവരുടെ ഫോണിൽനിന്നു ബന്ധുക്കൾക്കു വിളിയെത്തിയിരുന്നു.
പക്ഷേ, മറുതലയ്ക്കൽനിന്നു പ്രതികരണമൊന്നുമില്ല. ജെയ്നമ്മയുടെ ഫോൺ ഇയാൾ റീചാർജ് ചെയ്തെന്നും പൊലീസ് കണ്ടെത്തി.
ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ ഇയാൾ പണയം വയ്ക്കുകയും പിന്നീടു വിൽക്കുകയും ചെയ്തെന്നു കണ്ടെത്തിയിട്ടും തുടർന്നുള്ള ചോദ്യങ്ങളെ സെബാസ്റ്റ്യൻ മൗനംകൊണ്ടു നേരിട്ടു.
ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും സെബാസ്റ്റ്യൻ വീടിനുള്ളിൽ മിണ്ടാതിരുന്നു. സംശയത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണു വീടിനുള്ളിൽ രക്തക്കറയും പറമ്പിൽ നിന്ന് അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്.
ഒന്നും അറിയില്ലെന്നു മറുപടി
ചേർത്തല∙ മൂന്നു ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലും ഇന്നലെ 5 മണിക്കൂറോളം പള്ളിപ്പുറത്തെ വീട്ടിനുള്ളിൽ വച്ചും ചോദ്യം ചെയ്തെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു സെബാസ്റ്റ്യന്റെ മറുപടി. അസ്ഥിക്കഷണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയപ്പോഴും ഇയാൾ കൂസലില്ലാതെ മറുപടി ആവർത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു.
സെബാസ്റ്റ്യനിൽ നിന്നു വിവരങ്ങളൊന്നും ലഭിക്കാത്തത്തിനാൽ പൊലീസിനു സംശയം തോന്നിയ സ്ഥലങ്ങളിലും പൊലീസ് കെഡാവർ നായ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലുമായിരുന്നു പരിശോധന.
വെള്ളി മുതൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഇന്നലെ ഉച്ചയോടെയാണു പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചത്. വീടിനുള്ളിൽ പ്രവേശിപ്പിച്ചതിനു ശേഷം അന്വേഷണ സംഘത്തിലുണ്ടായിരുന്ന കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി.സാരഥി, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തു.
മൂന്നു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും സാമ്പത്തിക ഇടപാടുകൾ നടത്തിയതായും സമ്മതിക്കുന്നുണ്ടെങ്കിലും ഇവരെ കാണാതായതിനു പിന്നിൽ എന്താണെന്ന് അറിയില്ലെന്ന മറുപടി സെബാസ്റ്റ്യൻ ആവർത്തിച്ചു. മാധ്യമങ്ങളിൽ നിന്നു മറച്ചാണു സെബാസ്റ്റ്യനെ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചോടെ തിരികെ കൊണ്ടുപോയി.
7.30നു പരിശോധന അവസാനിപ്പിച്ചു. നാളെ വീണ്ടും പരിശോധന നടത്തും.
സെബാസ്റ്റ്യനുമായുള്ള പരിചയം അറിയില്ലെന്ന് സഹോദരൻ
ആലപ്പുഴ ∙ ജെയ്നമ്മയുമായി സെബാസ്റ്റ്യന് എങ്ങനെയാണു പരിചയമെന്ന് അറിയില്ലെന്നു ജെയ്നമ്മയുടെ സഹോദരൻ സാവിയോ മാണി.
സെബാസ്റ്റ്യനെ അറിയില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണു സെബാസ്റ്റ്യനെ കാണുന്നത്.
കാണാതാകുമ്പോൾ ജെയ്നമ്മ മാല, വള, കമ്മൽ എന്നിവ ധരിച്ചിരുന്നു. ‘‘ആരെങ്കിലുമായി സാമ്പത്തിക ഇടപാടുണ്ടെന്നു കരുതുന്നില്ല.
എന്റെ ഉഴവൂരിലെ വീട്ടിൽ വരുമ്പോഴൊക്കെ യാത്രാക്കൂലി കൊടുത്താണു വിടുന്നത്. ഡിസംബർ 17നു മടങ്ങുമ്പോൾ ക്രിസ്മസ് ആഘോഷത്തിനായി 24നു വരാമെന്നു പറഞ്ഞിരുന്നു.
23നു രാവിലെ ഏഴരയോടെ വിളിച്ചിരുന്നു. അതിനു മുൻപുള്ള ദിവസങ്ങളിലും വിളിച്ചിരുന്നു’’ സാവിയോ പറഞ്ഞു.
ജെയ്നമ്മയുടെ ഫോണിൽനിന്നു 3 തവണ സഹോദരിയുടെ ഫോണിലേക്കു വിളി വന്നിട്ടുണ്ട്.
മൂന്നു തവണയും ഇങ്ങോട്ട് ഒന്നും സംസാരിച്ചില്ല. ജനുവരിയിലും ഫെബ്രുവരിയിലും ഇങ്ങനെ വിളി വന്നു.
അതിനു ശേഷമാണ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. ആ സമയത്തു ചേർത്തല പള്ളിപ്പുറം ഭാഗത്താണു ഫോണിന്റെ സിഗ്നലെന്നു മാത്രമാണറിഞ്ഞത്.
മറ്റൊരു വിവരവും ലഭിക്കാത്തതിനാൽ കോടതിയെ സമീപിച്ചു. അങ്ങനെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്.
ജെയ്നമ്മയെ കാണാതായപ്പോൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത് ജെയ്നമ്മയുടെ ഭർത്താവിന് എതിരെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]