ആലപ്പുഴ ∙ കേരളത്തിൽ പക്ഷിപ്പനി ആവർത്തിച്ചു സ്ഥിരീകരിക്കാൻ കാരണം ദേശാടനപക്ഷികളും വളർത്തുപക്ഷികളും തമ്മിൽ അടുത്തിടപഴകുന്നതാണെന്നു പ്രാഥമിക നിഗമനം. പക്ഷിപ്പനി സംബന്ധിച്ച വിശദപഠനത്തിനെത്തിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരുൾപ്പെട്ട
സംഘം നടത്തിയ പരിശോധനയിലാണു കോഴിഫാമുകളിൽ വരെ ദേശാടനപക്ഷികൾ വളരെ അടുത്തിടപഴകുന്നതായി കണ്ടെത്തിയത്.
എച്ച്5എൻ1 വൈറസ് ദേശാടനപക്ഷികളുടെ കാഷ്ഠത്തിലൂടെ മറ്റു പക്ഷികളിലേക്ക് എത്തുകയാകാം ചെയ്യുന്നതെന്നാണു വിലയിരുത്തൽ. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നു ശേഖരിച്ച സാംപിളുകളുടെ വിശദപരിശോധനയ്ക്കു ശേഷമാകും സംഘം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു റിപ്പോർട്ട് സമർപ്പിക്കുക.കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പരിശോധന നടത്തിയ സംഘം ഇന്നലെ കോട്ടയം ജില്ലയിൽ കുമരകം, കോട്ടയം നഗരം, വേമ്പനാട്ടു കായൽ ഭാഗങ്ങളിൽ പരിശോധന നടത്തി.
രണ്ടു ജില്ലകളിൽ നിന്നായി ആകെ 58 സാംപിളുകളാണു ശേഖരിച്ചത്.
ഇവ ശീതീകരിച്ചു വിമാനമാർഗം ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിലേക്ക് അയച്ചു. പക്ഷികളുടെ കാഷ്ഠത്തിലൂടെ രോഗവ്യാപനത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്നു വിദഗ്ധർ പറഞ്ഞു.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ പ്രോജക്ട് ലീഡറും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. ചക്രധർ ടോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.
മനോജ് കുമാർ എന്നിവരാണു പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
തുടർന്നു തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിർണയ ലാബിലെത്തി ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഇന്നലെയോടെ സന്ദർശനം പൂർത്തിയാക്കിയ സംഘം ഇന്നു ഭോപാലിലേക്കു മടങ്ങും.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് ലാബിൽ നിന്നുള്ള മൂന്നു ശാസ്ത്രജ്ഞരും മഞ്ഞാടി ലാബിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. ദീപു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

