ആലപ്പുഴ∙ ആറ്റുതീരത്തു തമ്പടിച്ചു കഴിയുകയും കുട്ടവഞ്ചിയിൽ മീൻ പിടിച്ചു ജീവിക്കുകയും ചെയ്യുന്ന കുടുംബത്തിനു കേരളത്തിൽ സ്വന്തമായി റേഷൻ കാർഡ്. അതിനൊപ്പം അവർക്കു വീടും സ്ഥലവും ലഭ്യമാക്കാനും ഫിഷറീസ് വകുപ്പിന്റെ മത്സ്യബന്ധന ലൈസൻസ് നൽകാനും കുട്ടികൾക്കു വിദ്യാഭ്യാസ പഠനസഹായം നൽകാനും നടപടിയായി.
പുണ്യം ചാരിറ്റബിൾ പ്രവാസി സംഘടനയാണു സ്ഥലവും വീടും വാങ്ങി നൽകുന്നത്.
കർണാടകയിൽ നിന്നുള്ള ഈ കുടുംബത്തിലെ കുട്ടികളെ സമീപത്തെ സ്കൂളിലെ അധ്യാപിക ഇടപെട്ടു സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നതും പഠനമില്ലാത്ത സമയത്തു കുട്ടികൾ മീൻ പിടിക്കാൻ പോകുന്നതും മനോരമ വാർത്തയാക്കിയിരുന്നു. 20 വർഷത്തിലേറെയായി കേരളത്തിൽ പലയിടത്തായി താമസിക്കുന്ന ഈ കുടുംബത്തിനു റേഷൻ കാർഡ് ഇല്ലാത്തതിനാൽ ആനുകൂല്യങ്ങളൊന്നും കിട്ടാത്തതും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതാണ് അനുകൂല നടപടികൾക്കും സുമനസ്സുകളുടെ ഇടപെടലിനും വഴി തെളിച്ചത്.
തായങ്കരി ഇരുപത്തിനാലിൽ ജെട്ടിക്കു സമീപം ആയിരത്തിൽ അൻപത് ചിറയിൽ ഒന്നരവർഷമായി ടെന്റ് കെട്ടി താമസിക്കുന്ന കർണാടക ഹൊസ്ദുർഗ് സ്വദേശി സുരേഷ് (30), ഭാര്യ അംബിക (36), മക്കൾ വിഷ്ണു (15), അമ്മു (13), ശിവ(രണ്ടര), സുരേഷിന്റെ അമ്മ ഗൗരി (61) എന്നിവർക്കായാണു റേഷൻ കാർഡ് അനുവദിച്ചത്. കണ്ടങ്കരി ഡിവിഎച്ച്എസ്എസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുവിനും അമ്മുവിനും കലക്ടറുടെ വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകും.
ഈ സ്കൂളിലെ അധ്യാപിക ആർ.രാധികയാണു കുട്ടികളെ സ്കൂളിൽ ചേർക്കാനും വേണ്ട
സഹായങ്ങൾ നൽകി പഠിപ്പിക്കാനും മുൻകൈയെടുത്തത്. മനോരമ വാർത്തയെ തുടർന്നു രാധിക തന്നെ റേഷൻ കാർഡിനു വേണ്ടിയും ശ്രമം തുടങ്ങി.
പഞ്ചായത്തംഗം കുഞ്ഞച്ചൻ അഞ്ചിൽ കുടുംബത്തിനു സാക്ഷ്യപത്രം നൽകി, എടത്വ റേഷനിങ് ഇൻസ്പെക്ടർ നടപടികൾ പൂർത്തിയാക്കി. ഇന്നലെ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ അലക്സ് വർഗീസ് റേഷൻ കാർഡ് കൈമാറി.
കണ്ടങ്കരിയിൽ പമ്പാ നദിയിലാണ് ഈ കുടുംബം കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നത്.
ഇതിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി പല തവണ ഫിഷറീസ് ഇൻസ്പെക്ടർ ഇവരെ തടഞ്ഞിരുന്നു. ഇവരുടെ കുട്ടവഞ്ചിക്ക് ലൈസൻസ് നൽകാൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്കു കലക്ടർ നിർദേശം നൽകി.
കലക്ടറേറ്റിലെ ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫിസർ മുജീബ്, ശ്രീസത്യസായി സേവാ സമിതി ജില്ലാ പ്രസിഡന്റ് പ്രേം സായ്, അധ്യാപിക ആർ.രാധിക തുടങ്ങിയവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

