ഹരിപ്പാട് ∙ പായിപ്പാട് ജലോത്സവത്തിന് മുന്നോടിയായി ചുണ്ടൻ വള്ളങ്ങൾ നെൽപ്പുരക്കടവിൽ എത്തും. വർഷങ്ങൾക്കു ശേഷമാണ് തിരുവോണനാളിൽ ചുണ്ടനുകൾ കടവിലെത്തുന്നത്. നഗരസഭയുടെ നേതൃത്വത്തിലാണ് നെൽപ്പുരക്കടവ് തോട് വൃത്തിയാക്കി ചുണ്ടൻ വള്ളങ്ങൾക്ക് കടന്നു വരാനുള്ള പരമ്പരാഗത ജലപാത ഒരുക്കിയത്.
അച്ചൻകോവിലാറ്റിൽ നിന്ന് നെൽപ്പുരക്കടവിലേക്കുള്ള ജലപാത പായലും പോളയും മാലിന്യവും നിറഞ്ഞ് കിടക്കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 3.5 ലക്ഷം രൂപ വിനിയോഗിച്ച് യന്ത്ര സഹായത്തോടെയാണ് 3 കിലോമീറ്ററോളം ദൂരം വൃത്തിയാക്കിയത്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്ഥലമാണ് നെൽപ്പുരക്കടവ്.
പരശുരാമൻ പൂജിച്ചിരുന്ന നാലു കൈകളോടു കൂടിയ സുബ്രഹ്മണ്യ വിഗ്രഹം കായംകുളം കായലിൽ നിന്ന് കണ്ടെടുത്ത് കരക്കാർ ഘോഷയാത്രയായി അനേകം വള്ളങ്ങളുടെ അകമ്പടിയോടെ നെൽപ്പുരക്കടവിലെത്തിച്ചു എന്നാണ് വിശ്വാസം.
ഇൗ വിഗ്രഹ ഘോഷയാത്രയെ അനുസ്മരിച്ച് നടത്തുന്നതാണ് പ്രസിദ്ധമായ പായിപ്പാട് ജലോത്സവം.
തിരുവോണ നാളിൽ പായിപ്പാട് ആറ്റിൽ നിന്ന് വള്ളങ്ങളിൽ നെൽപ്പുരക്കടവിലെത്തുന്ന കരക്കാർ വഞ്ചിപ്പാട്ടും ദേവ കീർത്തനങ്ങളും പാടി ക്ഷേത്ര ദർശനം നടത്തുന്ന ചടങ്ങുണ്ട്. എന്നാൽ തോട്ടിൽ പായലും പോളയും നിറഞ്ഞതിനാൽ 2007 മുതൽ വള്ളങ്ങൾക്ക് നെൽപ്പുരക്കടവിലേക്ക് കടന്നു വരാൻ കഴിയാത്ത സ്ഥിതിയായി.
പിന്നീട് കരക്കാർ വാഹനത്തിൽ നെൽപ്പുരക്കടവിലെത്തി അവിടെ നിന്നു ഘോഷയാത്രയായിട്ടാണ് ക്ഷേത്രദർശനം നടത്തിയിരുന്നത്.
ചുണ്ടൻ വള്ളങ്ങളുടെ പരമ്പരാഗത ജലപാത വൃത്തിയാക്കിയതോടെ ഇത്തവണ മുതൽ ചുണ്ടൻ വള്ളത്തിൽ കരക്കാർ നെൽപ്പുരക്കടവിലെത്തി ക്ഷേത്ര ദർശനം നടത്തുന്ന പുരാതനായ ചടങ്ങ് ആരംഭിക്കും. നാളെ രാവിലെ 8ന് ചുണ്ടൻ വള്ളങ്ങളിൽ കരക്കാർ നെൽപ്പുരക്കടവിലെത്തി വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി ദർശനം നടത്തി മടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

