
എടത്വ ∙ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ‘ഉള്ളൊഴുക്ക്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്രദ്ധനേടി കുട്ടനാടിന്റെയും അവിടത്തെ ജനങ്ങളുടെയും ദുരിതം. സിനിമ പ്രേക്ഷകപ്രീതി നേടി മുന്നേറിയപ്പോൾ കുട്ടനാട്ടിലെ ജനത ഓരോ മഴക്കാലത്തും അഭിമുഖീകരിക്കുന്ന ദുരിതമാണു സിനിമ കാണുന്നവരുടെ നെഞ്ചുകളിലേക്ക് ഇരച്ചുകയറിയത്.
ഈ ചിത്രത്തിൽ ലീലാമ്മയായി അഭിനയിച്ച ഉർവശിക്കു സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉള്ളൊഴുക്കിനു മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചതു കുട്ടനാടിനു സന്തോഷമേകുന്നു.സിനിമയുടെ ആദ്യാവസാനമുള്ള പ്രളയം മുട്ടാറിലാണു സെറ്റിട്ടു ചിത്രീകരിച്ചത്.
സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ അമ്മയുടെ വീടായ മണലിൽ വീട്ടിലും പരിസരത്തുമായിരുന്നു ഷൂട്ടിങ്. രണ്ടര ഏക്കറുള്ള വീടും പറമ്പും നിറഞ്ഞു കിടക്കാൻ പാകത്തിനു ‘വെള്ളം’ ഒരുക്കിയതു മുതിർന്ന കലാസംവിധായകനായ എം.ബാവയാണ്.
വീടിനു ചുറ്റും ബണ്ടു കെട്ടിയാണു വെള്ളം നിറച്ചത്. മൂന്നു മാസത്തേക്കായിരുന്നു ചിത്രീകരണം ഉദ്ദേശിച്ചതെങ്കിലും കോവിഡ് കാരണം രണ്ടു വർഷത്തോളം നീണ്ടു.
ഇക്കാലമത്രയും വീട്ടുകാർ മറ്റൊരിടത്താണു കഴിഞ്ഞത്.
വെള്ളം നിറഞ്ഞുകിടക്കുന്ന പള്ളിയായി മുട്ടാറിലെ തന്നെ ഒരു പള്ളി കണ്ടെത്തി. പക്ഷേ, പള്ളിപ്പരിസരത്തു വെള്ളക്കെട്ട് ഉണ്ടാക്കാനാകാത്തതിനാൽ മഴക്കാലത്ത്, വെള്ളം ഉയർന്ന സമയത്താണു പള്ളിയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വെള്ളക്കെട്ടിലുള്ള ചിത്രീകരണം കാരണം പലരുടെയും കാൽ ചൊറിയുകയും തടിക്കുകയും ചെയ്തിരുന്നെന്ന് അണിയറപ്രവർത്തകർ പറയുന്നു.വർഷങ്ങൾക്കു മുൻപു ഭരത് ഗോപിക്കു ഭരത് അവാർഡ് നേടിക്കൊടുത്ത ‘എലിപ്പത്തായം’ എന്ന സിനിമയിലും കുട്ടനാട്ടിലെ വെള്ളപ്പൊക്കം പ്രമേയമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]