കായംകുളം മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പുല്ലുകുളങ്ങര, ഐക്യജംക്ഷൻ എന്നീ പ്രദേശങ്ങളിൽ മാത്രം പത്ത് പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ജനങ്ങളെ ആക്രമിച്ച അതേ നായ തന്നെയാണ് വീണ്ടും അക്രമം അഴിച്ചുവിട്ടതെന്നാണ് നാട്ടുകാരുടെ പ്രധാന സംശയം.
കഴിഞ്ഞ ദിവസം പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര കണ്ണമ്പള്ളിഭാഗം ശ്രീസദനത്തിൽ രാജമ്മ (56), ചെറുമകൻ ആരവ് (4 മാസം) എന്നിവർക്ക് നേരെയായിരുന്നു തെരുവുനായയുടെ ക്രൂരമായ ആക്രമണം നടന്നത്. വീടിനു സമീപത്തെ റോഡിൽ കുഞ്ഞിനെയും എടുത്ത് നിൽക്കുകയായിരുന്നു രാജമ്മ.
അപ്രതീക്ഷിതമായി എത്തിയ തെരുവുനായ ഇവരെ ആക്രമിക്കുകയായിരുന്നു. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൗമ്യയുടെ മകനായ നാല് മാസം പ്രായമുള്ള ആരവിന്റെ കാലിൽ നായ കടിച്ചു കീറിയത്.
വൈകിട്ട് 5.30-ഓടെയാണ് സംഭവം നടന്നത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇതേ തെരുവുനായ ആക്രമണത്തിൽ പുല്ലുകുളങ്ങര പൊന്നുരൂട്ട് സ്വദേശികളായ റഷീദ (44), മകൾ അമാന (16) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുവരും കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയും ചെയ്തു.
തുടർച്ചയായുള്ള നായ ആക്രമണങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

