തോട്ടിൽ തടിപ്പാലം നിർമിക്കാൻ അനുമതി നൽകിയ പഞ്ചായത്ത് പ്രസിഡന്റിന് ഉപഹാരമായി പഞ്ചായത്ത് ഓഫിസിലെത്തി പണപ്പൊതി നീട്ടുന്നു ഒരാൾ! പാലം വരുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചതാണ്.
പക്ഷേ, അതു വാങ്ങുന്നതു ശരിയല്ലല്ലോ. തകഴി പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴുള്ള അനുഭവമാണു യു.പ്രതിഭ എംഎൽഎ പറയുന്നത്.
സ്നേഹപൂർവം നിരസിച്ച ആ സമ്മാനം പൊതുജീവിതത്തിൽ കളങ്കങ്ങളെ അകറ്റിനിർത്തിയതിന്റെ ഓർമയായി ഇന്നും മനസ്സിലുണ്ട്. കരുമാടി പ്രദേശത്തെ കളത്തിൽ പാലത്തിനു സമീപമുള്ള തോട്ടിൽ തടിപ്പാലം നിർമിക്കാൻ പ്രസിഡന്റെന്ന നിലയിൽ അനുമതി നൽകിയിരുന്നു.
പ്രദേശത്തെ പ്രായമേറിയ ഒരാളാണ് അതിന്റെ സന്തോഷം അറിയിക്കാൻ പൊതിയുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്.
നാടിന്റെ പൊതു ആവശ്യമാണെങ്കിലും അതു നടക്കാൻ പണം നൽകണമെന്ന മിഥ്യാധാരണ തിരുത്താനുള്ള അവസരമായി അത്. 2000ൽ, കൊച്ചി സർവകലാശാലയിൽ നിയമ ബിരുദത്തിനു പഠിക്കുമ്പോഴാണു തകഴി വാർഡിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു പാർട്ടിക്കാർ വീട്ടുകാരെ സമീപിച്ചത്.
മാതാപിതാക്കൾക്കു വളരെ താൽപര്യമായിരുന്നു.
മത്സരിച്ചു, 260 വോട്ടിനു ജയിക്കുകയും ചെയ്തു. 2005ൽ ജനറൽ വാർഡിലാണു മത്സരിച്ചത്.
സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമായി. ചുരിദാർ ധരിച്ചു പഞ്ചായത്ത് ഓഫിസിൽ എത്തിയത് അക്കാലത്ത് അദ്ഭുതത്തോടെ നാട്ടുകാർ നോക്കിനിന്നു.
‘വേഷം ഏതായാതാലും ജനങ്ങളോടുള്ള സമീപനമാണു പ്രധാനമെന്നു പിന്നീട് തെളിയിച്ചു.
സാധാരണക്കാർ ഏറെയുള്ള പഞ്ചായത്തിൽ ശുചിത്വത്തിനു വലിയ പ്രാധാന്യം നൽകുന്ന പദ്ധതികൾ കൊണ്ടുവന്നു. പ്രസിഡന്റായിരിക്കുമ്പോൾ സർക്കാരിന്റെ നിർമൽ പുരസ്കാരം പഞ്ചായത്ത് നേടി. പാടശേഖങ്ങൾക്കു പഞ്ഞമില്ലാത്ത ഗ്രാമത്തിൽ കർഷകത്തൊഴിലാളികളുടെ സങ്കടങ്ങൾ ഒഴിയില്ലായിരുന്നു.
അതിലൊക്കെ ഇടപെട്ടു.
മിക്കതിലും പരിഹാരം കാണാനായതു പൊതുജീവിതത്തിലെ വലിയ സംതൃപ്തിയാണ്’ – പ്രതിഭ പറയുന്നു. അനാഥരെ സഹായിക്കാൻ രൂപം നൽകിയ കരുണ പദ്ധതിയും പാടത്തു താമര വളർത്താനുളള പുഷ്പജാലകം പദ്ധതിയും ജനകീയമായിരുന്നു.
അനാഥരായ കുട്ടികൾക്കു വർഷം 10,000 രൂപ നൽകുന്ന പദ്ധതി നടപ്പാക്കാനായതും മറക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാവാലത്തും വെളിയനാട്ടും നടപ്പാക്കിയ തരിശുപാടങ്ങളിലെ കൃഷി കർഷകരെ ഏറെ സന്തോഷിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് നൽകിയ പിന്തുണ വലുതായിരുന്നു.
അന്ന് ഒപ്പം പഞ്ചായത്തംഗമായിരുന്ന അംബിക ഇപ്പോൾ പഞ്ചായത്തിലേക്കു മത്സരിക്കുന്നു എന്നതും ഏറെ സന്തോഷിപ്പിക്കുന്നെന്നു പ്രതിഭ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

