ആലപ്പുഴ∙ ആശുപത്രിത്തിരക്കുകളിൽനിന്നു മുതിർന്ന പൗരൻമാർക്കു മോചനം; ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ 60 വയസ്സു കഴിഞ്ഞവർക്കുള്ള പ്രത്യേക ഒപി കൗണ്ടർ ഇന്നലെ തുറന്നു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണിത്.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ 65 വയസ്സിനു മേൽ പ്രായമുള്ളവർക്കായി പ്രത്യേക ഒപി കൗണ്ടർ നേരത്തെ തന്നെയുണ്ട്. ഇടക്കാലത്ത് അസൗകര്യങ്ങൾ മൂലം പ്രവർത്തിച്ചിരുന്നില്ല.
ഇന്നലെ അത് 60 വയസ്സു കഴിഞ്ഞവർക്കായി തുറന്നു.
താഴത്തെ നിലയിൽ റാംപ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്. ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയ്നിങ് സെന്റർ ആശുപത്രിയിൽ (ആർഎച്ച്ടിസി) മുതിർന്ന പൗരന്മാർക്കുള്ള ഒപി കൗണ്ടർ ഉണ്ടെങ്കിലും പരിശോധിക്കാൻ പ്രത്യേക ഡോക്ടറില്ല.
മറ്റ് ഒപികളിൽ പോയി ഡോക്ടറെ കാണണം.മാവേലിക്കര ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഒരു കൗണ്ടർ മുതിർന്ന പൗരൻമാർക്കു മാത്രമായി സജ്ജമാക്കി.ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2 കൗണ്ടറുകൾ തുറന്നു.
ആശുപത്രി പ്രവർത്തിക്കുന്ന ഗവ. ബോയ്സ് ഹൈസ്കൂളിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായാണിത്.ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രത്യേക കൗണ്ടർ തുടങ്ങി.
വാർഡുകളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. മുതിർന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും വാർഡുകളിൽ 2 കിടക്ക വീതം ഒരുക്കുകയും ചെയ്തു.
തുറവൂർ ആശുപത്രി, തുറവൂർ പഞ്ചായത്ത് ആശുപത്രി, കുത്തിയതോട് പ്രാഥമികാരോഗ്യ കേന്ദ്രം, കോടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, അരൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടില്ല.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കു പ്രത്യേക സൗകര്യം മുൻപു ഉണ്ടായിരുന്നു. മരുന്നു വാങ്ങാനും ഡോക്ടറെ കാണാനും മുതിർന്ന പൗരൻമാർക്കു ക്യൂ നിൽക്കേണ്ട
സാഹചര്യമില്ല.
ചേർത്തല താലൂക്ക് ആശുപത്രി ഉൾപ്പെടെ താലൂക്കിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ തുടങ്ങി. പൊതുക്യൂവിൽ നിന്ന മുതിർന്ന പൗരൻമാരെ ജീവനക്കാർ പ്രത്യേക കൗണ്ടറിലേക്കു കൊണ്ടുപോയതോടെ അവർക്കു തിരക്കില്ലാതെ സേവനം ലഭിച്ചു തുടങ്ങി. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രത്യേക കൗണ്ടർ പ്രവർത്തിച്ചു തുടങ്ങി. വിശ്രമിക്കാൻ 10 കസേരകളും ക്രമീകരിച്ചു.
പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കൗണ്ടർ വിപുലമാക്കുമെന്ന് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]