
ആലപ്പുഴ ∙ ഭൂമി കയ്യേറി ഷെഡ് നിർമിച്ചത് ചോദിക്കാനെത്തിയ കുടുംബനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകനു ജീവപര്യന്തം തടവ്. മണ്ണഞ്ചേരി വരകാടിവെളി നഗർ സുദർശനനെ (62) കൊലപ്പെടുത്തിയ കേസിലാണ് ബന്ധു കൂടിയായ അഭിഭാഷകൻ വരകാടിവെളി നഗർ മഹേഷിനെ (40) അഡീഷനൽ ജില്ലാ സെഷൻസ് കോടതി 2 ജഡ്ജി എസ്.ഭാരതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത് .മറ്റൊരു കുടുംബത്തിന്റെ 3.5 സെന്റ് സ്ഥലത്ത് സുദർശനന്റെ മകൻ സുമേഷും കുടുംബവും ഷെഡ് നിർമിച്ച് താമസിക്കുകയായിരുന്നു.
പ്രളയത്തിൽ ഷെഡ് തകർന്നപ്പോൾ സുമേഷും കുടുംബവും സുദർശനന്റെ വീട്ടിലേക്ക് മാറി.
ഇതിനു പിന്നാലെ ഈ സ്ഥലത്ത് മഹേഷിന്റെ ബന്ധുവായ ലതയ്ക്കു വേണ്ടി മറ്റൊരു ഷെഡ് നിർമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാൻ വന്ന സുദർശനനെയും മക്കളായ സുമേഷിനെയും സുസ്മിതയെയും മഹേഷ് ഇരുമ്പു പൈപ്പ് കൊണ്ട് ആക്രമിച്ചു.
തലയ്ക്കു ഗുരുതരമായി അടിയേറ്റ സുദർശനനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലാംദിവസം മരിച്ചു.
2020 സെപ്റ്റംബർ 29ന് ആയിരുന്നു സംഭവം. ആ സമയത്ത് മഹേഷ് കോഴിക്കോട് ലോ കോളജിൽ നിയമ വിദ്യാർഥിയായിരുന്നു.
കേസിൽ ജാമ്യമെടുത്തു പഠനം പൂർത്തിയാക്കി കോഴിക്കോട് പ്രാക്ടിസ് തുടങ്ങിയ സമയത്തായിരുന്നു അറസ്റ്റ്.കൊലപാതകത്തിന് ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും സുമേഷിന്റെ കൈ അടിച്ചൊടിച്ചതിനു മൂന്നുവർഷം തടവും 25,000 രൂപ പിഴയും, സുസ്മിതയെ അടിച്ചതിനു രണ്ടുവർഷം തടവുമാണ് ശിക്ഷ.മണ്ണഞ്ചേരി ഹൗസ് സ്റ്റേഷൻ ഓഫിസറായിരുന്ന രവി സന്തോഷ് ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]