
ആലപ്പുഴ ∙ സംഗീത ജീവിതത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട് സാക്സഫോൺ കലാകാരനും ചലച്ചിത്ര, നാടക സംഗീതജ്ഞനുമായ ആലപ്പി ജിമ്മി. കളപ്പുര വെളിയിൽ ജോസഫ് ജോർജ്, എലിസബത്ത് ദമ്പതികളുടെ മൂത്തമകനായ ഇഗ്നേഷ്യസ് ജോൺ എന്ന ആലപ്പി ജിമ്മി സംഗീതത്തിന്റെ ഉപാസകനായി മാറിയത് കുടുംബവഴിയിലൂടെയാണ്.
മുത്തച്ഛൻ 1930–60 കാലഘട്ടത്തിൽ ആലപ്പി ബാൻഡ്സെറ്റ് എന്ന ട്രൂപ്പ് നടത്തി വന്നിരുന്നു. മുത്തച്ഛന്റെ മരണശേഷം ജിമ്മിയുടെ അച്ഛൻ ട്രൂപ്പ് ഏറ്റെടുത്തു നടത്തി.
അച്ഛന്റെ കൂടെ ട്രൂപ്പിൽ അദ്ദേഹം സാക്സഫോൺ വായിക്കാൻ തുടങ്ങി, അത് ഇഗ്നേഷ്യസ് ജോണിന്റെ സംഗീതജീവിതത്തിന്റെ കൂടി തുടക്കമായിരുന്നു.
ലിയോ തേർട്ടീൻത് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന ഇഗ്നേഷ്യസ് ജോണിന് സാക്സഫോൺ, കോർനെറ്റ്, ക്ലാരനെറ്റ്, ഹാർമോണിയം എന്നിവയിൽ ഉണ്ടായിരുന്ന പ്രാവീണ്യം മനസ്സിലാക്കിയ ഹെഡ്മാസ്റ്റർ ഫാ.എം.സി.ജോസഫ് ഇവിടെനിന്നു കാട്ടൂർ സെന്റ് മൈക്കിൾസ് ഹൈസ്കൂളിലേക്കു മാറ്റിയതാണ് ആദ്യത്തെ വഴിത്തിരിവ്. അവിടെ പഠിക്കുന്നതോടൊപ്പം കുട്ടികളെ സാക്സഫോണും മറ്റും പഠിപ്പിക്കുകയും ചെയ്തു.
സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ് അവതരിപ്പിച്ച ‘മുപ്പത് വെള്ളിക്കാശ്’ നാടകത്തിൽ 13–ാം വയസ്സിൽ ക്ലാരനെറ്റ് വായിക്കാൻ പോയത് പ്രമുഖ സമിതികളിലേക്കുള്ള പ്രവേശനത്തിനു കാരണമായി.
ഇക്കാലത്ത് പി.ജെ.കൊച്ചുവർക്കി കോർനെറ്റിലും, കണ്ണൂർ ജയിംസ് സാക്സഫോണിലും, സീലോഡ് നിക്കോളാസ് വെസ്റ്റേൺ സാക്സഫോണിലും ഇഗ്നേഷ്യസിനു പരിശീലനം നൽകി.
കെപിഎസിയിൽ ദേവരാജൻ, ആലപ്പി തിയറ്റേഴ്സിൽ എം.കെ.അർജുനൻ, കലാനിലയത്തിൽ ദക്ഷിണാമൂർത്തി, മറ്റു സമിതികളിൽ കുമരകം രാജപ്പൻ, ബാബുരാജ്, ആർ.കെ.ശേഖർ, എൽപിആർ വർമ, വയലാർ രാമവർമ, വയലാർ ശരത്ചന്ദ്ര വർമ തുടങ്ങിയവരോടൊപ്പം നാടകഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയ അദ്ദേഹം, ഒറ്റയ്ക്ക് ഒരുവർഷം 33 സമിതികളിൽ വരെ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. സൂര്യസോമയുടെ നാടകത്തിൽ സംഗീതം ചെയ്തപ്പോൾ എസ്എൽ പുരം സദാനന്ദനാണ് ഇഗ്നേഷ്യസ് ജോൺ എന്ന പേര് ആലപ്പി ജിമ്മി എന്നു മാറ്റിയത്.
വി.സാംബശിവൻ, കൊല്ലം ബാബു, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രമുഖർക്കൊപ്പം കഥാപ്രസംഗ രംഗത്തും പ്രവർത്തിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന ഗാനങ്ങൾ അണിയിച്ചൊരുക്കിയ ആലപ്പി ജിമ്മി, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ആലപ്പുഴയിൽ വന്നപ്പോഴെല്ലാം കെപിസിസിക്കു വേണ്ടി ഗാനങ്ങൾ തയാറാക്കി. നാടൻ പാട്ടിനെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ 2 തവണ ഫെലോഷിപ് നൽകി.എൻ.പവിത്രന്റെ കുട്ടപ്പൻ സാക്ഷി, കുക്കു വിഷനിന്റെ നീലാകാശം നിറയെ സിനിമകൾക്ക് സംഗീതവും ചെയ്തു.
മക്കൾ: ജോസഫ് ഇഗ്നേഷ്യസ് (റിട്ട.ഫിസിഷ്യൻ, നേവി), സിബിലി വർഗീസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]