
എടത്വ∙ സ്കൂൾ കെട്ടിടത്തിനു നൽകിയിരുന്ന ഫിറ്റ്നസ് പിൻവലിച്ചു, ക്ലാസിൽ നിന്നു കുട്ടികളെ പുറത്താക്കി ഉദ്യോഗസ്ഥർ ക്ലാസ് മുറി പൂട്ടി. കോഴിമുക്ക് ഗവ.
എൽപി സ്കൂളിലാണ് സംഭവം. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിനു ഫിറ്റ്നസ് നൽകാത്തതിലും പഴയ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണിട്ടും സീലിങ് അടർന്നു വീണിട്ടും പരിശോധന നടത്താതെ തന്നെ ഫിറ്റ്നസ് നൽകിയതിലും സ്കൂൾ പിടിഎ വൈസ് പ്രസിഡന്റും രക്ഷകർത്താവുമായ കോഴിമുക്ക് കിഴക്കേപ്പറമ്പിൽ റെജിമോൻ വിദ്യാർഥികളായ മക്കളെയും കൂട്ടി 30നു സ്കൂളിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇന്നലെ എഇഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വാർഡ് അംഗവുമെത്തി പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.
ഇതോടെ മുപ്പതോളം കുട്ടികളും 6 അധ്യാപകരും പെരുവഴിയിൽ ആയി. ഇത് കുട്ടികളെയും കൂട്ടി രക്ഷാകർത്താക്കൾ പ്രതിഷേധിക്കുന്നതിനും കാരണമായി. സംഭവം സംഘർഷത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിൽ എടത്വ പൊലീസും സ്കൂളിന്റെ ഉടമകളായ എടത്വ പഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി.
രക്ഷാകർത്താക്കളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പുതുതായി നിർമിച്ച കെട്ടിടത്തിനു താൽക്കാലിക ഫിറ്റ്നസ് നൽകാമെന്നു നിർദേശം വച്ചിട്ടും രക്ഷാകർത്താക്കൾ പിന്മാറാൻ തയാറായില്ല.പഴയ കെട്ടിടം നന്നാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു രക്ഷകർത്താക്കൾ.വൈകുന്നേരത്തോടെ പുതിയ കെട്ടിടത്തിനു താൽക്കാലിക പെർമിറ്റ് നൽകുന്നതിനു ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ അനുമതി നൽകിയെങ്കിലും.
പൂർണ ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ കുട്ടികളെ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വാശിയിലാണ് രക്ഷാകർത്താക്കൾ.
പുതിയ കെട്ടിടത്തിന് ഇന്ന് പൂർണ ഫിറ്റ്നസ് നൽകും
നിലവിലുള്ള കെട്ടിടത്തിന് പരിശോധന സമയത്ത് കേടുപാടുകൾ ഇല്ലായിരുന്നു. തുടർച്ചയായി വെള്ളം കയറുന്നതു കൊണ്ടാണ് കെട്ടിടത്തിനു കേടുപാടുകൾ സംഭവിക്കുന്നത്.
രക്ഷാകർത്താവ് ഇക്കാര്യം പറഞ്ഞ് ധർണ നടത്തിയപ്പോൾ സംഭവം ബോധ്യമായതിനാലാണ് ഫിറ്റ്നസ് പിൻവലിച്ചത്. ആ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ പുതിയതായി നിർമിച്ച കെട്ടിടത്തിൽ പഠനം നടത്താൻ ഡിഡി ഓഫിസിൽ നിന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് തലവടി ഉപജില്ല ഓഫിസർ എസ്.അശോകൻ പറഞ്ഞു.
ഇന്ന് പഞ്ചായത്ത് യോഗം വിളിക്കുകയും പ്രധാന അധ്യാപികയെ യോഗത്തിൽ വിളിപ്പിച്ചിട്ടുണ്ട് എന്നും ഇന്നു തന്നെ ചർച്ച നടത്തി പുതിയ കെട്ടിടത്തിനു ഫിറ്റ്നസ് നൽകുമെന്നും, പുതിയ കെട്ടിടത്തിന്റെ റെയിൽ നിർമാണം പൂർത്തിയാക്കുമെന്നും പ്രസിഡന്റ് ആൻസി ബിജോയ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]