തൃക്കരിപ്പൂർ ∙ കാലിക്കടവ്–ചന്തേര–ഒളവറ റോഡിൽ അനുബന്ധ സൗകര്യ വികസനത്തിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ നടപടികൾ പൂർത്തിയായി. 15 കേന്ദ്രങ്ങളിൽ 100 മീറ്റർ നീളത്തിൽ റൈസ്ഡ് ഫുട്പാത്തും ഹാൻഡ് റെയിലും ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമാണവും ബേംകോൺക്രീറ്റ് ഉൾപ്പെടെയുള്ളവയാണ് അനുബന്ധ സൗകര്യ വികസനത്തിന്റെ ഭാഗമായി പണിയുക. ഈ പ്രവൃത്തിക്ക് എം.രാജഗോപാലൻ എംഎൽഎ നൽകിയ പദ്ധതി നിർദേശത്തെ തുടർന്ന് സംസ്ഥാന ബജറ്റിൽ 2 കോടി രൂപ വകയിരുത്തിയിരുന്നു.
തുടർന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തീകരിച്ചതിനെ തുടർന്ന് പ്രവൃത്തി നടത്തുന്നതിന് ഇന്നലെ അടയാളപ്പെടുത്തൽ നടത്തി.
തൃക്കരിപ്പൂർ ടൗണിൽ ലൈഫ് കെയർ ആശുപത്രി പരിസരം മുതൽ വെള്ളാപ്പ് റോഡ് ജംക്ഷൻ വരെ 375 മീറ്റർ നീളത്തിലാണ് ഫുട്പാത്തും ഹാൻഡ് റെയിലും ഒരുക്കുക. വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തെ പൊതുമരാമത്ത് റോഡിന്റെ 2 ഭാഗത്തും സ്കൂൾ സോൺ വർക്കിൽ ഉൾപ്പെടുത്തി നേരത്തെ തന്നെ ഫുട്പാത്തിനും ഹാൻഡ് റെയിലിനും തുക അനുവദിച്ചിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് പ്രവൃത്തി നടത്തുക.
അതോടൊപ്പം കാരോളം, രാമവില്യം കഴകത്തിന് സമീപം, ഇളമ്പച്ചി മൈതാനി പരിസരം, കെഎസ്ഇബി ഓഫിസ്, ഹോമിയോ ആശുപത്രി, ഇളമ്പച്ചി ചിൽഡ്രൻസ് പാർക്ക് പരിസരം, സൗത്ത് തൃക്കരിപ്പൂർ സ്കൂൾ പരിസരം, തെക്കുമ്പാട്, ഒളവറ ജംക്ഷൻ എന്നിവ ഉൾപ്പെടെയുള്ള 15 കേന്ദ്രങ്ങളിൽ 1500 മീറ്റർ നീളത്തിലാണ് ഫുട്പാത്ത് നിർമിക്കുകയെന്നും പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും രാജഗോപാലൻ എംഎൽഎ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

