ബോവിക്കാനം ∙ കശുമാവുകൃഷിയിലെ നൂതന രീതികൾ കർഷകർക്കു പരിചയപ്പെടുത്തുന്നതിനായി പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിൽ പ്രദർശനത്തോട്ടങ്ങൾ ഒരുങ്ങുന്നു. കാസർകോട് എസ്റ്റേറ്റ് ഓഫിസിനോടു ചേർന്ന് 2 സ്ഥലങ്ങളിലായാണ് ഓരോ ഹെക്ടർ വീതമുള്ള 3 തോട്ടങ്ങൾ ഒരുക്കുന്നത്.തുള്ളിനന സംവിധാനത്തിനൊപ്പം തൈകൾ തമ്മിലുള്ള അകലം കുറച്ചുള്ളതാണ് ഒരു തോട്ടം.
തുള്ളിനനയുൾപ്പെടെ സാധാരണ അകലത്തിലുള്ളതാണ് മറ്റൊന്ന്. തുള്ളിനന ഇല്ലാതെ, സാധാരണ അകലത്തിലുള്ളതാണ് മൂന്നാമത്തെ തോട്ടം.കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആൻഡ് കൊക്കോ ഡവലപ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇവ നിർമിച്ചത്.
ഒന്നര ലക്ഷം രൂപ വീതമാണ് ഓരോന്നിനും ചെലവഴിച്ചത്. ഇതിന്റെ തൈ നടീൽ പൂർത്തിയായി.
3 വർഷത്തിനുള്ളിൽ വിളവ് ലഭിക്കുന്ന അത്യുൽപാദന ശേഷിയുള്ള തൈകളാണ് തോട്ടങ്ങളിലുള്ളത്.
പരീക്ഷണം വിജയിച്ചാൽ ഇരട്ടി ലാഭം
കശുമാവ് കൃഷിക്ക് ജലസേചനം ചെയ്താൽ വിളവ് ലഭിക്കുമോ എന്ന പരീക്ഷണം കൂടിയാണ് പിസികെ നടത്തുന്നത്. 7 മീറ്റർ അകലത്തിലാണ് സാധാരണ രീതിയിൽ കശുമാവ് നടുന്നത്.
ഈ അകലത്തിൽ നടുമ്പോൾ ഒരു ഹെക്ടർ സ്ഥലത്ത് 200 തൈകൾ നടാം. ഇതോടൊപ്പം തൈകൾ തമ്മിലുള്ള അകലം കുറച്ച്, 5 മീറ്റർ അകലത്തിലുള്ള മറ്റൊരു തോട്ടവും സ്ഥാപിച്ചിട്ടുണ്ട്.
ഇങ്ങനെ നടുമ്പോൾ ഒരു ഹെക്ടറിൽ 400 തൈകൾ നടാൻ സാധിക്കും. ഈ രണ്ട് തോട്ടങ്ങളിലും തുള്ളിനന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവയിൽ ഏതിലാണ് വിളവ് കൂടുതൽ ലഭിക്കുകയെന്നുകൂടി മനസ്സിലാക്കുകയാണ് ലക്ഷ്യം.
ഇവയ്ക്കൊപ്പം 7 മീറ്റർ അകലത്തിൽ ജലസേചന സൗകര്യമില്ലാത്ത മറ്റൊരു തോട്ടവും ഉണ്ട്. മൂന്ന് രീതിയിലുള്ള തോട്ടങ്ങളിലെയും ഉൽപാദനം താരതമ്യം ചെയ്താൽ ഏതാണ് ലാഭകരമെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.
വെള്ളം നനച്ച കശുമാവിൽ ഉൽപാദനം കൂടുകയാണെങ്കിൽ അത് പിസികെയുടെ നിലവിലുള്ള തോട്ടങ്ങളിലേക്ക് ഭാവിയിൽ വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ആറിനം തൈകൾ
പിസികെയുടെ മുതലപ്പാറയിലെ നഴ്സറിയിൽ ഉൽപാദിപ്പിച്ച അത്യുൽപാദനശേഷിയുള്ള തൈകളാണ് പ്രദർശനത്തോട്ടങ്ങളിൽ നട്ടിരിക്കുന്നത്. ധന, ധരശ്രി, സുലഭ, മാടക്കത്തറ–1, 2, പ്രിയങ്ക എന്നീ ആറിനങ്ങൾ.
ഇവ വലുപ്പത്തിലും ഉൽപാദനശേഷിയിലും വേറിട്ടു നിൽക്കുന്നവയാണ്. തുള്ളിനനയുള്ള തോട്ടങ്ങളിൽ 3 വർഷംകൊണ്ടും ഇല്ലാത്തതിൽ 5 വർഷംകൊണ്ടും വിളവു ലഭിക്കുമെന്നാണ് പിസികെയുടെ വിലയിരുത്തൽ.
തോട്ടങ്ങളും അവയിലെ ഉൽപാദനവും നേരിട്ടുകണ്ട് കർഷകർക്ക് കൃഷിരീതി തിരഞ്ഞെടുക്കാൻ പ്രദർശനത്തോട്ടങ്ങൾ ഗുണം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]