കാസർകോട് ∙ പ്രസിഡന്റ് സ്ഥാനാർഥി ആരാകുമെന്ന കോൺഗ്രസിലെ തർക്കം മൂലം മാറ്റിവച്ച പുല്ലൂർ പെരിയ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിലെ സി.കെ.
സബിതയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗവും എത്താത്തതിനാൽ ക്വാറം തികയാതെ വന്നതോടെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
19 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ്–9, എൽഡിഎഫ്–9, എൻഡിഎ–1 എന്നിങ്ങനെയാണ് കക്ഷിനില.
വോട്ടെടുപ്പിൽ യുഡിഎഫും എൽഡിഎഫും തുല്യനില വരികയും എൻഡിഎ വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. യുഡിഎഫിലെ 9 അംഗങ്ങളും എൻഡിഎയുടെ ഒരംഗവും ശനിയാഴ്ച തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയില്ല.
കോൺഗ്രസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളാകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് നേതൃത്വം ഇടപെട്ടിട്ടും പരിഹാരമാകാത്തതിനാലാണ് യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നത്.
9 അംഗങ്ങളുള്ള യുഡിഎഫിൽ 8 അംഗങ്ങൾ കോൺഗ്രസിന്റേതാണ്. ഒരു അംഗം മുസ്ലിം ലീഗിന്റെതും.
കോൺഗ്രസിൽ പെരിയ ടൗൺ വാർഡിൽ നിന്നു വിജയിച്ച ഉഷ എൻ. നായരെ ആദ്യ ടേമിൽ പ്രസിഡന്റാക്കാൻ കോർ കമ്മിറ്റി യോഗമെടുത്ത തീരുമാനത്തെ കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന എ.
കാർത്യായനിയും അവരെ അനുകൂലിക്കുന്നവരും അംഗീകരിക്കാത്തതാണ് തർക്കത്തിനു കാരണം. പിന്നീട് ഉഷ എൻ.
നായരെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാമെന്ന് ധാരണയായതോടെയാണ് ഇന്ന് യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിനെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടതിന് പിന്നാലെ പെരിയ പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചിരുന്നു. എന്നാൽ ഇത്തവണ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

