
കോളിയടുക്കം ∙ വാഷിങ് മെഷീനിലെ ഷോർട്ട് സർക്കീറ്റിനെ തുടർന്നു വീടിനു തീപിടിച്ചു. ഇലക്ട്രോണിക് സാധനങ്ങളും തുണിത്തരങ്ങളും കത്തിനശിച്ചു.
വീടു ഭാഗികമായി കത്തി. കക്കണ്ടം ബേനൂർ റോഡിലെ അബ്ദുൽ വാജിദിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് ഷോർട്ട് സർക്കീറ്റ് മൂലം തീ പിടിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അബ്ദുൽ വാജിദിന്റെ ഭാര്യ ശബാന മെഷീനിൽ തുണികൾ അലക്കാൻ ഇട്ടതിനുശേഷം താഴത്തെ നിലയിലെ അടുക്കളയിൽ പണിയെടുക്കുകയായിരുന്നു. ഇതിനിടെ പ്ലാസ്റ്റിക് കത്തിയ ഗന്ധം വന്നതിനെത്തുടർന്നു നോക്കിയപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്.
ഉടനെ കാസർകോട് അഗ്നിരക്ഷാ സേന ഓഫിസിൽ വിവരം അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ കെ. ഹർഷ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ.വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ വീട്ടിലെത്തി.വീടിന്റെ മുകൾ നിലയിലായിരുന്നു തീപിടിച്ചത്.
പുക നിറഞ്ഞതിനാൽ സേനാംഗങ്ങൾ മുറികളിൽ കയറാൻ പ്രയാസപ്പെട്ടു. ഓക്സിജൻ സിലിണ്ടർ ധരിച്ചു മുകളിലത്തെ വാതിലുകൾ പുറത്തുനിന്നു ഡോർ ബ്രേക്കർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് അകത്തു കടന്നത്. മുകൾ നിലയിൽ 5 ജനൽ ഗ്ലാസുകളും തീയുടെ ചൂടിൽ പൊട്ടിത്തെറിക്കുകയും ചുമരുകളുടെ പ്ലാസ്റ്ററിങ് അടർന്നു വീഴുകയും ചെയ്തിരുന്നു.
ഒരു മണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്.
വാഷിങ് മെഷീൻ, ഫാൻ, ലാപ്ടോപ്, വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചിരുന്നു. വാഹനം വീട്ടിലേക്ക് എത്താൻ പറ്റാത്തതിനാൽ 75 മീറ്റർ നീളത്തിൽ സേനയ്ക്ക് ഹോസ് പൈപ്പ് ഇടേണ്ടി വന്നു. സാധനങ്ങൾ കത്തിയ വകയിൽ 2 ലക്ഷം രൂപ നഷ്ടം വന്നതായി വീട്ടുടമ പറഞ്ഞു.
സേനാംഗങ്ങളായ എം. രമേശ, എസ്.
അരുൺകുമാർ, പി.സി.മുഹമ്മദ് സിറാജുദ്ദീൻ, അതുൽ രവി, ഹോം ഗാർഡുമാരായ എസ്. സോബിൻ, വി.വി.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]