ഇരിയണ്ണി ∙ മലയോരത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലായി മാറുന്ന ചൊട്ടപ്പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഇരിയണ്ണിയിൽനിന്നു കുണ്ടംകുഴിയിലേക്കും തിരിച്ചുമുള്ള യാത്രാദൂരം മൂന്നിലൊന്നായി കുറയും. കിഫ്ബിയിൽ 18.3 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.
പാലത്തിന്റെ മുകൾ ഭാഗത്ത് ടാറിങ്, പെയിന്റിങ്, അപ്രോച്ച് റോഡിൽ ഇന്റർലോക്ക് പാകൽ എന്നീ പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ അടുത്ത മാസം ആദ്യം ഉദ്ഘാടനം തീരുമാനിച്ചെങ്കിലും പണി പൂർത്തിയാകാത്തതിനാൽ മാറ്റിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇനി ഉദ്ഘാടനം നടക്കുകയുള്ളൂ. പയസ്വിനിപ്പുഴയിൽ മുളിയാർ–ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചൊട്ടയിൽ പാലം നിർമിച്ചത്.
5 സ്പാനുകളിലായി 130 മീറ്റർ നീളമുള്ളതാണ് പാലം. 11 മീറ്റർ വീതിയിൽ ഏഴര മീറ്റർ റോഡും ബാക്കി ഇരുവശങ്ങളിലും നടപ്പാതയുമാണ്.
ബോവിക്കാനം–കുറ്റിക്കോൽ റോഡിലെ ഇരിയണ്ണിയിൽനിന്നു തെക്കിൽ–ആലട്ടി റോഡിലെ കുണ്ടംകുഴിയിലെത്താനുള്ള ഏളുപ്പവഴിയായി ഇനി ഈ പാലം മാറും.
ഇരിയണ്ണിയിൽ നിന്നു കുറ്റിക്കോൽ വഴിയോ ചെർക്കള വഴിയോ ആണ് നിലവിൽ കുണ്ടംകുഴിയിലേക്കും തിരിച്ചും പോകുന്നത്. കുറ്റിക്കോൽ വഴി 24 കിലോമീറ്ററും ചെർക്കള വഴി 32 കിലോമീറ്ററും ദൂരമുണ്ട്.
പാലം തുറക്കുന്നതോടെ ഇരിയണ്ണിയിൽ നിന്നു കുണ്ടംകുഴിയിലേക്ക് 6 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്താൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം.
പാലത്തിൽ നിന്നു കുണ്ടംകുഴി ഭാഗത്തേക്ക് ഒരു കിലോമീറ്ററും ഇരിയണ്ണി ഭാഗത്തേക്ക് 900 മീറ്റർ അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. 10 മീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്റർ ടാറിങ് ആണ്. ചൊട്ടപ്പാലം നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു.
ഇതിനു വേണ്ടി ഒന്നര ഏക്കർ സ്ഥലം വരെ സൗജന്യമായി വിട്ടു നൽകിയവരുണ്ട്. ചട്ടഞ്ചാൽ ജാസ്മിൻ കൺസ്ട്രക്ഷൻസാണ് നിർമാണം നടത്തിയത്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം.
ഇരിയണ്ണി കുറ്റിയടുക്കം മുതൽ വെള്ളാല വരെ റോഡിന് വീതി കുറവ്
ഇരിയണ്ണിയിൽ നിന്നു പാലത്തിലേക്കുള്ള റോഡിന്റെ വീതി കൂട്ടാത്തത് പ്രതിസന്ധിയാണ്. പാലം തുറന്നു കൊടുക്കുന്നതോടെ റോഡിൽ തിരക്ക് കൂടുമെങ്കിലും ഇരിയണ്ണി കുറ്റിയടുക്കം മുതൽ വെള്ളാല വരെ 1.1 കിലോമീറ്റർ റോഡിന് വീതി കുറവാണ്.
വനത്തിലൂടെയുള്ള ഈ റോഡിന് 3 മീറ്റർ വീതിയേ ഉള്ളൂ. പാലത്തിന്റെ അടുത്ത് 8 മീറ്ററും.
വനത്തിലൂടെ പോകുന്നതിനാൽ വീതി കൂട്ടാൻ സാധിച്ചിട്ടില്ല. റോഡ് വീതി കൂട്ടാൻ വനഭൂമി ആവശ്യപ്പെട്ട് കെആർഎഫ്ബി വനംവകുപ്പിന്റെ പരിവേഷ് പോർട്ടൽ വഴി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഈ റോഡിന്റെ വീതി വർധിപ്പിച്ചാൽ മാത്രമേ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

