പെരിയ ∙ വീട്ടുപറമ്പിലെ കിണറിലേക്ക് രാത്രി ടാങ്കറിലെത്തിച്ച ശുചിമുറി മാലിന്യം തള്ളി. വീട്ടുകാർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറ്റിലേക്കാണ് മാലിന്യം തള്ളിയത്.
സിസി ക്യാമറകൾ പരിശോധിച്ച് മണിക്കൂറുകൾക്കകം ലോറി ഉടമയെ അമ്പലത്തറ പൊലീസ് കണ്ടെത്തി. ഇരിയ പുണൂറിലെ പി.സി.നാരായണന്റെ റോഡിനോടു ചേർന്നുള്ള പുരയിടത്തിലേക്ക് തുറന്നുവിട്ട
മാലിന്യം കിണറിലേക്കാണ് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെയാണ് വീട്ടുകാർ വിവരമറിയുന്നത്.
തുടർന്ന് അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസി ക്യാമറകൾ പരിശോധിച്ച പൊലീസ് മഞ്ചേശ്വരം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിലാണ് മാലിന്യം എത്തിച്ചതെന്ന് കണ്ടെത്തി. പൊലീസ് വിവരം പുല്ലൂർ പെരിയ പഞ്ചായത്ത് അധികൃതർക്കും കൈമാറി.
ഉടമസ്ഥനോട് ഇന്നു പഞ്ചായത്തിൽ ഹാജരായി അര ലക്ഷം രൂപ പിഴ അടയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത, വാർഡ് മെംബർ രതീഷ് കാട്ടുമാടം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.സുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ദീപ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഉടമയുടെ കിണർ വൃത്തിയാക്കുന്നതിന് 20,000 രൂപയും പകരം ശുദ്ധജല സൗകര്യം ഒരുക്കുന്നതിന് വീട്ടുടമയ്ക്ക് മൂന്നു മാസത്തേക്ക് 10,000 രൂപവീതം നഷ്ടപരിഹാരം നൽകാനും പൊലീസ് ലോറി ഉടമയോട് നിർദേശിച്ചു. വീടുകളിലെ ശുചിമുറി മാലിന്യം നീക്കുന്നതിന് ഉപയോഗിക്കുന്ന ടാങ്കറാണിത്.
അമിതഭാരം കാരണം പുണൂർ തോടിനു സമീപത്തെ കയറ്റം കയറാത്തതിനാൽ സമീപത്തെ പുരയിടത്തിലേക്ക് തൊഴിലാളികൾ തുറന്നുവിടുകയായിരുന്നുവെന്നും രാത്രിയായതിനാൽ ഇവിടെ കിണറുള്ള കാര്യം അറിഞ്ഞില്ലെന്നുമാണ് തൊഴിലാളികൾ ഉടമയോട് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
6 മാസം തടവും കുറഞ്ഞത് അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

