കാസർകോട് ∙ അവസാനം ലഭ്യമായ കണക്കു പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പിൽ 3 മുന്നണികളുടെയും സ്ഥാനാർഥികൾക്കു വിമത ശല്യമുണ്ട്. നഗരസഭകളിൽ എൽഡിഎഫിന്റെ 2, യുഡിഎഫിന്റെ 3, ബിജെപിയുടെ 1 സ്ഥാനാർഥികൾക്ക് വിമത ഭീഷണിയുണ്ട്.
ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 1, ബിജെപിക്ക് 1 എന്നിങ്ങനെയാണ് വിമതരുടെ കണക്ക്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പടുപ്പ് ഡിവിഷനിൽ മുസ്ലിം ലീഗും കോൺഗ്രസും വെവ്വേറെ മത്സരിക്കുന്നു.
നഗരസഭയിൽ തളങ്കര ബാങ്കോട് (25) വാർഡിൽ വനിതാലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുനിസിപ്പൽ വനിതാലീഗ് ഭാരവാഹിയുമായ ഫർസാന ഷിഹാബ് യുഡിഎഫ് സ്ഥാനാർഥിയായ മുസ്ലിംലീഗിലെ ഷാഹിദ യൂസുഫിനെതിരെ മത്സരിക്കുന്നു.
നുള്ളിപ്പാടി സൗത്ത് (9) വാർഡിൽ ബിജെപിയിലെ ബി.ശാരദയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി വിമതൻ കെ.കിരൺചന്ദ്രയ്ക്ക് യുഡിഎഫ് പിന്തുണ നൽകി. കോൺഗ്രസിന് അനുവദിച്ച സീറ്റാണ് ഇത്.
ചെങ്കള പഞ്ചായത്തിൽ പാടി (10) വാർഡിൽ ചെങ്കള പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനുമായ കോൺഗ്രസ് പ്രവർത്തകൻ സലീം എടനീർ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് പ്രവർത്തകൻ ഉദ്ദേശ് കുമാറിനെതിരെ മത്സരിക്കുന്നു.
നെല്ലിക്കട്ട (3) വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സുഹ്റാനാസറിനെതിരെ മുസ്ലിംലീഗിലെ ഫാത്തിമത്ത് റംസീനയ്ക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.
ചെമ്മനാട് പഞ്ചായത്ത് തെക്കിൽപറമ്പ 9ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ അജന പവിത്രനെതിരെ മഹിളാ കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി മാധവി മുണ്ടോൾ വിമതയായി മത്സരിക്കുന്നുണ്ട്.
നീലേശ്വരം ∙ കോൺഗ്രസിന്റെ കുത്തക സീറ്റായ നഗരസഭ ടൗൺ വാർഡ് 34ൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ഉഷ പത്രിക പിൻവലിച്ചില്ല. മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം ട്രഷറർ സതി ഭരതനെതിരെ കുട
ചിഹ്നത്തിലാണ് ഉഷ മത്സരിക്കുന്നത്. അവസാന നിമിഷം വരെ പാർട്ടി തലത്തിൽ സമവായത്തിനു ശ്രമിച്ചിരുന്നുവെങ്കിലും ഉഷ വഴങ്ങിയില്ല.
നീലേശ്വരം ∙ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വനിത സബ് കമ്മിറ്റിയംഗവും കെഎസ്കെടിയു ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എം.വി.വാസന്തി സിപിഎം ശക്തി കേന്ദ്രമായ 16 -ാം വാർഡ് കാര്യങ്കോട്ട് പത്രിക നൽകിയിരുന്നു.
വാസന്തി പത്രിക പിൻവലിച്ചിട്ടില്ല. സിപിഎമ്മിലെ പി.കെ.ഷിജിതയ്ക്കെതിരെയാണ് കസേര ചിഹ്നത്തിൽ വാസന്തി റിബലായി മത്സരിക്കുന്നത്.
പുത്തിഗെ ∙ പുത്തിഗെ പഞ്ചായത്തിലെ 11ാം വാർഡായ അനന്തപുരത്ത് ബിജെപിയിലെ ഔദ്യോഗിക സ്ഥാനാർഥി ജയന്ത പാട്ടാളിക്കെതിരെ റിബലായി സതീഷ് മൽസരിക്കുന്നു.
ബിജെപി വിജയിച്ച കണ്ണുർ വാർഡിന്റെ ഭാഗമാണ് അനന്തപുരമായത്.1995ലും 2005ലും ജയന്തപാട്ടാളി പഞ്ചായത്ത് അംഗമായിരുന്നു.
ബദിയടുക്ക ∙ പഞ്ചായത്തിലെ 9ാം വാർഡായ ചാളക്കോട് യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി രവി ചന്ദ്രയ്ക്കെതിരെ നിലവിലെ വാർഡ് അംഗവും മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഹമീദ് പള്ളത്തടുക്ക റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നു.2010ലും ഹമീദ് പഞ്ചായത്ത് അംഗമായിരുന്നു.ലീഗിലെ സ്ഥാനം രാജി വെക്കുമെന്ന് ഹമീദ് പള്ളത്തടുക്ക പറഞ്ഞു.
എൻമകജെ ∙ പഞ്ചായത്ത് ഗുണാജെയിലെ മുസ്ലിം ലീഗീലെ സിറ്റിങ് വാർഡായ ഗുണാജെയിൽ യുഡിഎഫിലെ ഔദ്യോഗിക സ്ഥാനാർഥി മുസ്ലിം ലീഗിലെ അബൂബക്കർ സിദ്ധീക്കിനെതിരെ റിബൽ സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.എം.അബ്ദുൽ ലത്തീഫ് മത്സരിക്കുന്നു. ∙ ബെള്ളൂർ പഞ്ചായത്തിലെ കായർപദവ് വാർഡിൽ നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ഗീത വിമത സ്ഥാനാർഥിയായി മത്സരിക്കുന്നു.
ബിജെപിയുടെ സിറ്റിങ് വാർഡായ ഇവിടെ പി.പ്രഗതിയാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി.
∙ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ ബിജെപിയുടെ സിറ്റിങ് ഡിവിഷനായ കുംബടാജെ ഡിവിഷനിൽ വിമത സ്ഥാനാർഥിയായി ബെള്ളൂർ പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷൻ എച്ച്. നരേന്ദ്രകുമാർ മത്സരിക്കുന്നു.
ബിജെപി ബെള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയാനന്ദ കുളയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
∙ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പടുപ്പ് ഡിവിഷനിൽ മുസ്ലിം ലീഗും കോൺഗ്രസും വെവ്വേറെ മത്സരിക്കുന്നു. കുറ്റിക്കോൽ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് ധാരണയാകാതിരുന്നതാണ് ഇരു പാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്താൻ കാരണം.
എം.എച്ച്.മുഹമ്മദ് ഹനീഫയാണ് കോൺഗ്രസ് സ്ഥാനാർഥി. ലീഗ് നേതാവ് പി.എം.ഹൈദരലി കോണി ചിഹ്നത്തിലും മത്സരിക്കുന്നു.
ഷമീർ കുമ്പക്കോടാണ് സിപിഎം സ്ഥാനാർഥി.
∙മംഗൽപാടി 22ാം വാർഡിൽ ലീഗ് സ്ഥാനാർഥി പി.എം.സലിമിനെതിരെ ലീഗ് വിമതനായി വടകര അബൂബക്കർ മത്സരിക്കുന്നു. പൈവളിഗെ പഞ്ചായത്തിലെ 2 വാർഡിൽ ലീഗിലെ ഷക്കീർ ഹുസ്സൈനിനെതിരെ സിപിഐ സ്ഥാനാർഥി രേഖ മത്സരരംഗത്ത് ഉണ്ടെങ്കിലും സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെയും നിർത്തിയിട്ടുണ്ട്.
പത്രിക പിൻവലിച്ചു
തൃക്കരിപ്പൂർ ∙ പടന്ന പഞ്ചായത്തിലെ 5 ാം വാർഡിൽ മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി വി.കെ.കുഞ്ഞബ്ദുല്ലക്കെതിരെ പത്രിക നൽകിയ മുസ്ലിം ലീഗ് നേതാവ് ബി.സി.എ.റഹ്മാൻ ഇന്നലെ പത്രിക പിൻവലിച്ചു ഔദ്യോഗിക സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പടന്ന പഞ്ചായത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നു. 16 സീറ്റുകളിൽ യുഡിഎഫിൽ നിന്നു 17 സ്ഥാനാർഥികളുണ്ട്.
ഏറ്റവും ഒടുവിൽ രണ്ടാം വാർഡിനെ ചൊല്ലിയാണ് തർക്കം. കോൺഗ്രസിന്റെ കെ.നീലിമയും മുസ്ലിം ലീഗിലെ ആയിഷ പാണ്ട്യാലയും രണ്ടാം വാർഡിൽ രംഗത്തുണ്ട്.
ഇരുവർക്കും 2 പാർട്ടികളും ചിഹ്നവും അനുവദിച്ചിട്ടുണ്ട്.
6 ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ ഇ.പി.പ്രകാശനെ മുസ്ലിം ലീഗിന്റെ സ്വതന്ത്രനായി അംഗീകരിച്ചു. പത്രികയിൽ പേരുണ്ടായാലും രണ്ടാം വാർഡിലെ തർക്കം പരിഹരിച്ച് ഒറ്റക്കെട്ടായി മത്സരിക്കുമെന്നു 2 പാർട്ടികളുടെയും നേതാക്കൾ. ∙ കാറഡുക്ക പഞ്ചായത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം എ.വിജയ കുമാർ മത്സരിക്കുന്ന പതിമൂന്നാം വാർഡിൽ വിമത സ്ഥാനാർഥിയായി പത്രിക നൽകിയ എസ്എഫ്ഐ മുൻ ഏരിയ െസക്രട്ടറിയും യുവ അഭിഭാഷകനുമായി കൃപേഷ് കാടകം പത്രിക പിൻവലിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

