കാസർകോട് ∙ കുമ്പളയും പരിസരവും ചുറ്റിപ്പറ്റിയായിരുന്നു ജില്ലയിൽ ബിജെപിയുടെ പ്രാരംഭരൂപമെന്നു പറയാവുന്ന ജനസംഘത്തിന്റെ ആദ്യകാല പ്രവർത്തനം. ജനസംഘം നേതാക്കൾക്കും പ്രവർത്തകർക്കും ഭക്ഷണവും താമസവും ഒരുക്കിയിരുന്ന ഇടമായിരുന്നു കുമ്പളയിലെ കൃഷ്ണദാസ് ജോഷി, ഗോപാൽ നായക്ക് എന്നിവരുടെ വീടുകൾ.
എ.ബി.വാജ്പേയ് അടക്കമുള്ള നേതാക്കൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. ആ കുമ്പളയിലെ ഒരു വാർഡിൽ പോലും വിജയിക്കാൻ കഴിയാത്തതായിരുന്നു ആദ്യകാലത്ത് ജനസംഘത്തിന്റെ സ്ഥിതി.
എം.എ.ഷേണായി അടക്കമുള്ളവർ പലതവണ ഇവിടെ വാർഡുകളിലേക്കു മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.
എന്നാൽ അടിയന്തരാവസ്ഥ സമരം ജനസംഘത്തിനു ജില്ലയിൽ വളരാൻ കളമൊരുക്കി. 1991ൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കു ബിജെപി സ്ഥാനാർഥിയായി കെ.ജി.മാരാർ മത്സരിക്കാനെത്തുമ്പോൾ മഞ്ചേശ്വരത്ത് പാർട്ടി കരുത്തുള്ള സംവിധാനമായി വളർന്നിരുന്നു.
അടയ്ക്കാ കർഷകരുടെ അടയാളമായ പാളത്തൊപ്പി തലയിലണിഞ്ഞു കെ.ജി.മാരാർ നടത്തിയ പ്രസംഗം കേൾക്കാൻ നൂറുകണക്കിനുപേരാണു തടിച്ചുകൂടിയത്. എൽ.കെ.അദ്വാനിയടക്കമുള്ള നേതാക്കളും അന്നു കുമ്പളയിലെത്തി.
ബിജെപി പ്രചാരണത്തിലെ ആവേശം എതിർസ്ഥാനാർഥികളിൽപോലും ആശങ്കയുണ്ടാക്കി. ഫലം വന്നപ്പോൾ മുസ്ലിംലീഗിലെ ചെർക്കളം അബ്ദുല്ലയോട് 1072 വോട്ടിനു പിന്നിലായെങ്കിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി.
അടിയന്തരാവസ്ഥാ സമരം
1975ൽ അടിയന്തരാവസ്ഥാവിരുദ്ധ സമരമാണു ജനസംഘത്തിനു ജില്ലയിൽ ജനപിന്തുണ നേടിക്കൊടുത്തത്.
1995ൽ ബിജെപി സ്ഥാനാർഥിയായി ജയിച്ചു കാസർകോട് നഗരസഭാ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജനസംഘം നേതാവായിരുന്ന സുന്ദർ റാവുവാണു സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനി.
അടിയന്തരാവസ്ഥാ സമരത്തിൽ രാജ്യത്തുതന്നെ ഏറ്റവുമധികം സത്യഗ്രഹവും അറസ്റ്റും നടന്ന സ്ഥലങ്ങളിലൊന്നു കാസർകോട് താലൂക്കായിരുന്നു. ഒളിവിലിരുന്നു ജനസംഘം പ്രവർത്തകരും നേതാക്കളും സമരം ആസൂത്രണം ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം പ്രതിപക്ഷകക്ഷികളായ സോഷ്യലിസ്റ്റ് പാർട്ടി, സംഘടന കോൺഗ്രസ്, ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം കക്ഷികൾ ഒന്നിച്ചു രൂപീകരിച്ച ജനതാ പാർട്ടിയും സിപിഎമ്മും ഉൾപ്പെടെ മുന്നണിയായി മത്സരിച്ച 1977ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനസംഘം സ്ഥാനാർഥികൾക്ക് വലിയതോതിൽ വോട്ട് ലഭിച്ചു.
ജില്ലാ രൂപീകരണ പോരാട്ടം
അടിയന്തരാവസ്ഥാ സമരത്തിനൊപ്പം ബിജെപിയുടെ വളർച്ചയ്ക്കു സഹായകരമായതാണു ജില്ലാ രൂപീകരണത്തിനായി നടത്തിയ പ്രതിഷേധങ്ങൾ. കാസർകോട് ജില്ല രൂപീകരിക്കുന്നതിനു മുൻപേ ബിജെപി ജില്ലാ കമ്മിറ്റി രൂപീകരിച്ചിരുന്നു.
1983 മുതൽ 87 വരെ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു മടിക്കൈ കമ്മാരൻ. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട
സമരങ്ങളിൽ മടിക്കൈ കമ്മാരന്റെ നേതൃത്വത്തിൽ കറന്തക്കാട് ബിജെപി ഓഫിസ് പരിസരത്തുനിന്ന് അയ്യായിരത്തോളം പ്രവർത്തകർ ചേർന്ന് റോഡ് ഉപരോധം ഉൾപ്പെടെ നടത്തി. കാസർകോട് ജില്ല രൂപീകൃതമായശേഷം ബിജെപിയുടെ പ്രഥമ പ്രസിഡന്റായിരുന്നു ഉമാനാഥ റാവു.
ജനറൽ സെക്രട്ടറി വി.രവീന്ദ്രനും. ഭക്ഷ്യക്ഷാമകാലത്തു തലപ്പാടി ചെക്പോസ്റ്റ് സമരം അടക്കമുള്ളവ പാർട്ടിയെ മുന്നോട്ടു നയിച്ചു.
തിരഞ്ഞെടുപ്പിൽ ബിജെപി
ജനസംഘകാലം മുതലേ നേതാവായിരുന്നു കാഞ്ഞങ്ങാട്ടെ എം.ഉമാനാഥ് റാവു.
ജനസംഘത്തിന്റെ പേരിലല്ലാതെ സ്വതന്ത്രനായി അദ്ദേഹം ആദ്യം മത്സരത്തിനിറങ്ങിയത് 1965ൽ ഹൊസ്ദുർഗ് മണ്ഡലത്തിൽ. ലഭിച്ചത് 2480 വോട്ട്.
1967ൽ ജനസംഘം സ്ഥാനാർഥിയായി ഉമാനാഥ് റാവു വീണ്ടും ഹൊസ്ദുർഗിൽ മത്സരിച്ചു. നേടിയത് 4384 വോട്ട്.
1970കളോടെ കണ്ണൂരിൽനിന്ന് കെ.ജി.മാരാർ ഹൊസ്ദുർഗിലെത്തി ജനസംഘം സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ വോട്ട് വിഹിതം 9793 ആയി ഉയർന്നു.
ജനസംഘത്തിന്റെ വോട്ട് ഉയർന്ന 1977
അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ സഖ്യത്തിനുവേണ്ടി മത്സരിച്ച ജനസംഘം സ്ഥാനാർഥികൾക്കു വൻ വോട്ട് ലഭിച്ചു. എച്ച്.ശങ്കര ആൽവ മഞ്ചേശ്വരത്ത് 21100 വോട്ട് നേടി രണ്ടാംസ്ഥാനത്തായി.
പരാജയം 4609 വോട്ടിനു സിപിഐ സ്ഥാനാർഥിയോട്. ഉദുമയിൽ കെ.ജി.മാരാരും 28145 വോട്ട് നേടി രണ്ടാമതത്തി.
ജനസംഘത്തിന്റെ സ്ഥാനാർഥികൾ ജില്ലയിൽ ആദ്യമായി വിജയത്തിനു തൊട്ടരികിലെത്തിയത് ആ വർഷമാണ്. 1982ൽ ബിജെപി രൂപീകരണത്തോടെ ബിജെപി സ്ഥാനാർഥികൾ മത്സരരംഗത്തെത്തി.
1982ൽ എച്ച്.ശങ്കര ആൽവ മഞ്ചേശ്വരത്ത് 14443 വോട്ടും എം.നാരായണ ഭട്ട് കാസർകോട്ട് 17657 വോട്ടും ഉദുമയിൽ എ.സി.ഗോപിനാഥ് 9008 വോട്ടും നേടി ബിജെപിയുടെ സ്വാധീനം തെളിയിച്ചു.1987ൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർഥി എച്ച്.ശങ്കര ആൽവയുടെ വോട്ട് 27197 ആയും കാസർകോട്ട് ്രശീകൃഷ്ണ ഭട്ടിന് 27350 ആയും ഉയർന്നു. 1991ൽ കെ.ജി.മാരാർ മഞ്ചേശ്വരത്തു മത്സരിച്ചപ്പോൾ 28531 വോട്ടായി വർധിച്ചു.
വോട്ട് 30000 കടന്നത് 1996ൽ
1996ൽ ആണു ബിജെപിയുടെ കാസർകോട്ടെയും മഞ്ചേശ്വരത്തെയും വോട്ട് 30,000 കടന്നത്.
2001ലും ഇതേ മികവുണ്ടായി. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ സ്വാധീനം കൂടുന്നതോടൊപ്പം ഹൊസ്ദുർഗ്, തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിൽ പിന്നീടു കാര്യമായ വളർച്ച ഉണ്ടായിട്ടില്ലെന്ന് വോട്ടുകണക്കുകൾ സൂചിപ്പിക്കുന്നു.
തൃക്കരിപ്പൂരിൽ 1980കളിൽ തന്നെ ശരാശരി 3000 വോട്ട് ലഭിച്ചിരുന്നത് ഇപ്പോഴും അതേപോലെ തുടരുന്നു. ഹൊസ്ദുർഗിൽ ശരാശരി 7000 വോട്ട് കിട്ടിയിരുന്നത് അതേപോലെയും ഉദുമയിൽ ശരാശരി 10000 വോട്ടും നില തുടരുന്നു.
കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 2016 മുതൽ ശരാശരി 50000–55000 ആണ് ബിജെപിയുടെ വോട്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

