കാസർകോട് ∙ ബന്ധുക്കൾ തടഞ്ഞതിനാലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനു പത്രിക സമർപ്പിക്കാതിരുന്നതെന്നും ആർക്ക് വോട്ടു ചെയ്യുമെന്നു വോട്ടെടുപ്പിന് 2 ദിവസം മുൻപു തീരുമാനിക്കുമെന്നും മുൻതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. ചെങ്കളയിൽ സിപിഎം നിയന്ത്രണത്തിലുള്ള ഇ.കെ.നായനാർ സഹകരണ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുന്ദരയിപ്പോൾ.
കെ.സുന്ദര സ്ഥാനാർഥിയായ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനെതിരെ 89 വോട്ട് ഭൂരിപക്ഷത്തിലാണ് പി.ബി.അബ്ദുറസാഖ് ജയിച്ചത്. ആ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ കെ.സുന്ദര 467 വോട്ട് നേടിയിരുന്നു.
കെ.സുരേന്ദ്രന്റെ അപരനായി കെ.സുന്ദര വോട്ടു പിടിച്ചതിനാലാണു പി.ബി.അബ്ദുറസാഖ് ജയിച്ചതെന്ന് വാദമുയർന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനും ബിജെപി നേതാക്കളും ചേർന്നു ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി ബിഎസ്പി അംഗം കെ.സുന്ദരയെക്കൊണ്ടു സ്ഥാനാർഥിത്വം പിൻവലിപ്പിച്ചു എന്നാരോപിച്ചു എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശൻ പരാതി നൽകിയിരുന്നു.
കേസിൽ ഇവരെ ജില്ലാ സെഷൻസ് കോടതി വിട്ടയച്ചു.
അപ്പീൽ ഹർജിയിൽ ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കെ.സുരേന്ദ്രനെതിരെ മുസ്ലിംലീഗ് അംഗം എ.കെ.എം.അഷ്റഫ് ജയിച്ചത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും കെ.സുന്ദര മത്സരിക്കുന്നില്ല.
സുന്ദര സംസാരിക്കുന്നു…
ഇത്തവണ എന്തുകൊണ്ട് സ്ഥാനാർഥിയായില്ല ?
മത്സരിക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞതുകൊണ്ട്. അവർക്ക് രാഷ്ട്രീയം ഉണ്ടോ?
ഇല്ല, കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്.
ഇത്തവണ പ്രചാരണത്തിനു പോകുന്നുണ്ടോ ?
ഇല്ല.
ഞാൻ സ്ഥാനാർഥിയായപ്പോഴും പ്രചാരണം നടത്തിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ എന്താണ് നിലപാട് ?
പ്രത്യേക നിലപാടില്ല.
ഏതു മുന്നണിക്കൊപ്പമാണ് ?
തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പിനു രണ്ടുദിവസം മുൻപു തീരുമാനിക്കും.
ഇപ്പോഴും ബഹുജൻ സമാജ് പാർട്ടി അംഗമാണോ ?
ഭാരവാഹിയല്ല, അംഗമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഎസ്പി ആവശ്യപ്പെട്ടിരുന്നില്ലേ ?
ഇല്ല.
സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായതിനാൽ സിപിഎമ്മിനു പിന്തുണ നൽകേണ്ടതല്ലേ?
ആണ്.
എങ്കിലും വോട്ടെടുപ്പിനു 2 ദിവസം മുൻപ് തീരുമാനിക്കും.
കൈക്കൂലി ആരോപണക്കേസ് എന്തായി?
എനിക്ക് ഇതുമായി ബന്ധപ്പെട്ടു പോകാൻ താൽപര്യമില്ല. അതിനായി വെറുതേ സമയം കളയാനില്ല.
ഞാൻ പരാതി നൽകിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശനാണു പരാതി നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

