ചാത്തങ്കൈ ∙ വാഹനങ്ങൾക്കു പോകാൻ റെയിൽവേ മേൽപാലം ഉണ്ടെങ്കിലും നാട്ടുകാർക്ക് തകർന്ന ചാത്തങ്കൈ– മാണി–ചെമ്പരിക്ക റോഡ് തന്നെ ശരണം. ഈ പ്രദേശങ്ങളിലുള്ളവർ ഈ ദുരിതയാത്ര തുടങ്ങിയിട്ട് വർഷങ്ങളായി.
റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി പൂർത്തിയായി 7 വർഷത്തിലേറെയായി, അന്നു മുതൽ ഇതിലൂടെ വാഹനം ഓടുന്നു. എന്നാൽ ഉദ്ഘാടനം നടന്നില്ല.
ചെമ്മനാട് പഞ്ചായത്തിലെ 17,19 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് അഞ്ഞൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. നാട്ടുകാർ നടത്തിയ ഒട്ടേറെ സമരങ്ങളുടെ ഫലമായി പി.കരുണാകരൻ എംപിയായിരിക്കെ റെയിൽവേ മേൽപാലം അനുവദിച്ചത്.
ഇതിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി ഏറെയായി.
എന്നിട്ടും പാലത്തിന്റെ ഇരുഭാഗങ്ങളിലേക്കുള്ള റോഡുകളായില്ല. സ്വകാര്യ വ്യക്തികളിൽ നിന്നു പണം നൽകിയാണ് നാട്ടുകാർ റോഡിനായി പാലത്തിന്റെ ഒരു ഭാഗത്ത് സ്ഥലം വാങ്ങിയത്.
മറുഭാഗത്ത് സമീപവാസികൾ റോഡിനു വീതി കൂട്ടാനായി സൗജന്യമായി സ്ഥലം വിട്ടുനൽകി. എന്നാൽ റോഡ് വീതി കൂട്ടി ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തി ഇതുവരെ തുടങ്ങിയില്ല.
ഇതിനായി ഫണ്ടുപോലും നീക്കിവച്ചിട്ടില്ല.
ഇടുവുങ്കാലിൽ നിന്നു തുടങ്ങി മാണി റെയിൽവേ മേൽപാലം കടന്ന് നൂമ്പിൽ പുഴയോരത്തേക്കുള്ള ഒരു കിലോമീറ്ററിലേറെയുള്ള റെയിൽവേ മേൽപാലത്തിൽ നിന്നു ചെമ്പരിക്കയിലേക്ക് പോകുന്ന റോഡിന്റെ സ്ഥിതിയും ഇതു തന്നെയാണ്. റെയിൽവേ മേൽപാലത്തിന്റെ തെക്കേക്കര മുതൽ നൂമ്പിൽ പുഴ വരെയുള്ള റോഡാണ് പാടേ തകർന്നിട്ടുള്ളത്.
ദിവസേന നൂറുകണക്കിനാളുകളും വാഹനങ്ങളും ആശ്രയിക്കുന്ന റോഡിലൂടെ യാത്ര ദുരിതമാണ്.
മഴയിൽ കുഴികളിൽ മുട്ടോളം ചെളിവെള്ളം കെട്ടി നിൽക്കുന്നുണ്ട്. മഴക്കാലത്ത് റോഡ് പൂർണമായും ചെളികുളമാകുന്നതിനാൽ ഓട്ടോറിക്ഷകളും ഈ ഭാഗത്തേക്ക് വരാറില്ലെന്നാണു നാട്ടുകാരുടെ പരാതി.
അങ്കണവാടികൾ, നഴ്സറി,വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളാണ് ഏറെ ദുരിതംപേറുന്നത്. മേൽപാലം നിർമിച്ച സ്ഥലത്തേക്ക് ആദ്യം നടന്നു പോകാനുള്ള വഴിയായിരുന്നു. പിന്നീട് ഈ നടവഴി 4 മീറ്റർ വീതിയിലുള്ള റോഡാക്കി മാറ്റുന്നതിനായി സ്ഥലം നാട്ടുകാർ ചേർന്ന് വിലകൊടുത്തു വാങ്ങി.
ഇടവുങ്കാൽ –ചാത്തങ്കൈ പാതയിൽ നിന്നു പാലത്തിനോട് ചേർന്ന് 20 മീറ്ററോളം ഇനിയും ടാറിങ് നടത്താൻ ബാക്കിയുണ്ട്. ആദ്യം വീതികുറഞ്ഞ റോഡായിരുന്നു.
പിന്നീട് 5 മീറ്ററാക്കി മാറ്റിയ വിവരം 2 വർഷം മുൻപ് പഞ്ചായത്ത് രേഖകളിൽ ഉൾപ്പെടുത്തി.
1.31 കോടി രൂപയുടെ പദ്ധതി എവിടെപ്പോയി?
കാസർകോട് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസിപ്പിക്കാനുള്ള നീക്കമുണ്ടായി. 1.31 കോടിയുടെ അടങ്കൽ ഉണ്ടാക്കി.
വീതി കൂട്ടിയപ്പോൾ റോഡിലുള്ള പോയ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കേണ്ട തുകയും ഇതിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സാന്നിധ്യത്തിൽ നാട്ടുകാരുടെ യോഗം ചേർന്നു കർമസമിതിയാക്കി. എന്നാൽ യോഗം കഴിഞ്ഞതിനു ശേഷം ഇതുവരെ മറ്റു നടപടികൾ ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

