
മധൂർ ∙ ഫിറ്റ്നസ് ഇല്ലാത്ത ജനകീയാരോഗ്യ കേന്ദ്രങ്ങൾ നിലനിൽപ് ഭീഷണിയിൽ. മധൂർ പഞ്ചായത്തിലെ ശിരിബാഗിലുവിലും കൊല്യയിലും ജനകീയാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ അൺഫിറ്റ് പട്ടികയിലാണ്.
പുതിയ കെട്ടിടം ഒരുങ്ങുന്നത് വരെ പകരം കെട്ടിടത്തിൽ പ്രവർത്തിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി വേണം പുതിയ കെട്ടിടം നിർമിക്കാൻ. അതിന് എൻഎച്ച്എം പദ്ധതിയിൽ പണം കിട്ടും.
എന്നാൽ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കണം.
ഇതിനുള്ള പണം തനതു ഫണ്ടിൽ നിന്നു നൽകണമെന്നത് പഞ്ചായത്തിനെ കുഴക്കുന്നു. അത്യാവശ്യ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടെങ്കിലും നീക്കം ചെയ്യുന്നതിനു പ്രത്യേകം ഫണ്ട് പദ്ധതിയിൽ വകയിരുത്തണം.
കെട്ടിടം പൊളിച്ചു കിട്ടിയാൽ പുതിയ കെട്ടിടം പണിയുന്നതിന് ദേശീയ ആരോഗ്യ പദ്ധതിയിൽ ഫണ്ട് അനുവദിക്കുന്നതിനു തടസ്സമില്ല. രണ്ടു വർഷം മുൻപ് തന്നെ കൊല്യയിൽ കെട്ടിടം പണിയുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചതാണ്.
പക്ഷേ നിലവിലുള്ള കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാനുള്ള നടപടികൾ തുടങ്ങിയില്ല.
മധൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബങ്ങളുടെ ആരോഗ്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുപ്പതു വർഷം മുൻപ് പണിത കെട്ടിടമാണ് കൊല്യയിലെ കുടുംബക്ഷേമ ഉപകേന്ദ്രം. ഇപ്പോൾ പഞ്ചായത്തിലെ നാലു വാർഡുകളിലെ കുടുംബങ്ങളുടെ ആരോഗ്യ ക്ഷേമത്തിൽ കരുതലും ജാഗ്രതയുമായി പ്രവർത്തിക്കേണ്ട
ജനകീയാരോഗ്യ കേന്ദ്രം. പന്ത്രണ്ടായിരത്തോളം പേരുണ്ട് ഈ നാലു വാർഡുകളുടെ പരിധിയിൽ.
കൊല്യ, അറന്തോട്, മധൂർ, ഉളിയത്തടുക്ക എന്നിവയാണ് വാർഡുകൾ.
ഏറ്റവും ശോചനീയം ശിരിബാഗിലു ജനകീയാരോഗ്യ കേന്ദ്രം
ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് ശിരിബാഗിലു ജനകീയാരോഗ്യ കേന്ദ്രം. ജീവനക്കാർക്ക് ഇവിടെ ജോലി ചെയ്യാൻ തന്നെ ഭീതിയാണ്. 2019 ൽ തന്നെ അൺഫിറ്റ് ആയതാണ് കെട്ടിടം.
മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ചില വാർഡുകളിൽ സേവനം ഉണ്ടായിരുന്നു. ഇപ്പോൾ മധൂർ പഞ്ചായത്തിലെ 18 ാം വാർഡിലെ (ഉളിയ) ഏഴായിരത്തിലേറെ പേരും 16ാം വാർഡിലെ ( മന്നിപ്പാടി ) 2400 ലേറെ പേരുമുണ്ട് ഈ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ.
കെട്ടിടം ഉപയോഗിക്കാൻ കഴിയാത്തതു കൊണ്ട് സമീപത്തെ അങ്കണവാടി കേന്ദ്രത്തിലാണ് പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെ നടക്കുന്നത്.
പരിമിതികൾ മറികടക്കാൻ കഴിയാതെ
എല്ലാ ജനകീയാരോഗ്യ കേന്ദ്രങ്ങളെയും ജനസൗഹൃദ കേന്ദ്രമായി മാറ്റാനുള്ള നടപടികളിൽ വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. കെട്ടിടത്തിന്റെ സുരക്ഷ, സൗകര്യം ഇല്ലായ്മ, ആവശ്യമായ ജീവനക്കാരുടെ എണ്ണക്കുറവ് തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി ആരോപിക്കുന്നത്.
സമഗ്രമായ പ്രാഥമിക പരിരക്ഷ താഴെത്തട്ടിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് ആരോഗ്യകേന്ദ്രങ്ങൾ മുഖേന നടപ്പിലാക്കേണ്ടത്. ആഴ്ചയിൽ ആറു ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയും സേവനം ലഭ്യമാക്കണം.
ഉച്ചയ്ക്ക് ഒരു മണി വരെ ഫീൽഡ് തല ക്ലിനിക്, രണ്ടു മുതൽ 4 മണി വരെ സ്ഥാപന തല ക്ലിനിക് എന്നിങ്ങനെയാണ് പ്രവർത്തനം.
മാനസികാരോഗ്യം, ഗർഭിണികൾ, കുട്ടികൾ, കിടപ്പു രോഗികൾ എന്നിവർക്ക് പ്രത്യേകം ആരോഗ്യ സേവനം, പകർച്ച വ്യാധികൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങൾ, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം എന്നിവ തടയുന്നതിനുള്ള കരുതൽ, 9 ലാബ് പരിശോധനകൾ, വൈറ്റമിൻ ഗുളികകൾ ഉൾപ്പെടെ 36 മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ, തുടർ പരിചരണം, രോഗ നിർണയം, ശ്വാസ കോശ രോഗ സാധ്യത കണ്ടെത്തൽ, ജീവിതശൈലി രോഗ സാധ്യത കണ്ടെത്തൽ തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രത്തിലേക്ക് വിവിധ പരിശോധനകൾക്ക് വരുമ്പോൾ ഇത് ഏറ്റവും മികച്ച ആരോഗ്യ പരിസ്ഥിതി സൗഹൃദ കേന്ദ്രമെന്നു തോന്നാത്ത നിലയിലാണ് കെട്ടിടം.
‘ പഞ്ചായത്ത് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെ പരിമിതികളിൽ കുടുക്കുന്നത്. വികസന പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാകുന്നില്ല.
എതിർ പക്ഷ അംഗങ്ങളുടെ വാർഡുകളെ ബോധപൂർവം അവഗണിക്കുന്നു. ഇതു കാരണം സർക്കാർ അനുവദിക്കുന്ന പല പദ്ധതികളും നടപ്പിലാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്’
സി.ഉദയകുമാർ,
വാർഡ് അംഗം , കൊല്യ
∙‘ ശിരിബാഗിലുവിലെ ജനകീയാരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ നിന്നു 10 ലക്ഷം രൂപയും മധൂർ പഞ്ചായത്തിൽ നിന്നു 5 ലക്ഷം രൂപയും കാസർകോട് വികസന പാക്കേജിൽ നിന്ന 10 ലക്ഷം രൂപ കൂടി ലഭ്യമാക്കാനുള്ള നടപടികളിലാണ്.
ഏറ്റവും മികച്ച ജനകീയാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കാനുള്ള കെട്ടിടമാണ് ആവശ്യം . നിലവിലുള്ള കെട്ടിടം പൊളിച്ചു പണിതാൽ പുതിയ കെട്ടിടത്തിനു എൻഎച്ച്എം ഫണ്ട് കിട്ടും.
പി.എ.ബഷീർ, വാർഡ് അംഗം
∙‘ പണി പഠിക്കാൻ വന്നു സ്ഥലം മാറിപ്പോകുന്ന ജീവനക്കാരെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മധൂർ പഞ്ചായത്തിനു ലഭിക്കുന്നത്.
വിവിധ പദ്ധതികൾ തയാറാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകണം.
പലപ്പോഴും അത് ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 3 മാസമാണ് പഞ്ചായത്തിനു സെക്രട്ടറി ഉണ്ടായിരുന്നത്. ഇപ്പോൾ സെക്രട്ടറി, അസി.എൻജിനീയർ, ഒന്നും മൂന്നും ഗ്രേഡ് ഓവർസീയർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിൽ ജീവനക്കാരില്ല.
ഇതു കൊണ്ട് എങ്ങനെ വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകും? രാഷ്ട്രീയമായ വിവേചനമാണ് പഞ്ചായത്ത് അനുഭവിക്കുന്നത്. ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് കോടികൾ വേണം.
പഞ്ചായത്തിനു അതിനുള്ള ഫണ്ടില്ല. ശിരിബാഗിലു, കൊല്യ ജനകീയാരോഗ്യ കേന്ദ്രങ്ങൾ പൊളിച്ചു മാറ്റാനുള്ള പദ്ധതി ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നില്ല. ഇത് കിട്ടിയാൽ പദ്ധതിയിൽ ഉൾപ്പെടുത്തും ’
രാധാകൃഷ്ണ സൂർലു,
അധ്യക്ഷൻ, വികസനകാര്യ
സ്ഥിരം സമിതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]