ബോവിക്കാനം ∙ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കായികതാരങ്ങൾക്ക് നൽകിയ വാക്കു പാലിച്ച് സ്ഥാനാർഥി. മുളിയാർ പഞ്ചായത്തിലെ മൂലടുക്കം വാർഡിൽനിന്നു മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എം.എ.അസീസിന്റെ ഇടപെടലിൽ മുണ്ടക്കൈയിലെ ചെറുപ്പക്കാരുടെ വോളിബോൾ ഗ്രൗണ്ട് എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്.
മുണ്ടക്കൈ പള്ളിക്ക് എതിർവശത്തുള്ള പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിൽ വോളിബോൾ ഗ്രൗണ്ട് നിർമിക്കാൻ കോർപറേഷൻ ഭരണസമിതി യോഗമാണ് അനുമതി നൽകിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ആർ.കെ.റഫീഖ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ചേർന്ന പിസികെ ബോർഡ് യോഗം അനുമതി നൽകിയത്.
കശുമാവ് മരങ്ങൾ നശിപ്പിക്കാൻ പാടില്ല, ആവശ്യപ്പെടുമ്പോൾ ഒഴിവാക്കി തിരികെ നൽകണം, നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് സ്ഥലം അനുവദിച്ചത്. സ്ഥലം ലഭിച്ചതോടെ ഗ്രൗണ്ടിന്റെ നിർമാണം തുടങ്ങുകയും ചെയ്തു.
മുണ്ടക്കൈയിലെ നാട്ടുകാരുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു ഗ്രൗണ്ട്. ഇവിടെ നിരപ്പായിക്കിടക്കുന്ന ചെറിയ സ്ഥലത്ത് 10 വർഷത്തോളമായി വോളിബോൾ കളി നടക്കുന്നുണ്ട്.
എന്നാൽ കോർട്ടിന് ആവശ്യമായ വീതിയോ നീളമോ ഈ സ്ഥലത്തിന് ഉണ്ടായിരുന്നില്ല. പിസികെ സ്ഥലം ആയതിനാൽ വീതി കൂട്ടാൻ അനുമതിയും ലഭിച്ചില്ല.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് മുൻപിൽ ഇവിടത്തെ നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യവും ഇതായിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി അസീസ് ഇക്കാര്യത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകി. തുടർന്ന് അപേക്ഷ നൽകാൻ റഫീഖിനെ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിരന്തരം ഇടപെട്ട് ഗ്രൗണ്ട് അനുവദിക്കും വരെ അസീസ് ഇടപെട്ടുകൊണ്ടിരുന്നു. പിസികെ അനുവദിച്ചതോടെ എത്രയും പെട്ടെന്ന് ഗ്രൗണ്ട് നിർമിക്കാനുള്ള തയാറെടുപ്പിലാണ് മുണ്ടക്കൈയിലെ വോളിബോൾ പ്രേമികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

