രാജപുരം ∙ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അങ്കണവാടിക്കുട്ടികൾക്ക് നൽകാനുള്ള പരിഷ്കരിച്ച മാതൃകാ ഭക്ഷണ മെനു പുറത്തിറക്കിയത് അങ്കണവാടികളിലെ സൗകര്യങ്ങൾ പരിശോധിക്കാതെ എന്നാക്ഷേപം. ഈ മാസം 8 മുതൽ മാതൃക ഭക്ഷണം നൽകിത്തുടങ്ങണം എന്നാണ് അങ്കണവാടികൾക്ക് ലഭിച്ച നിർദേശം.
ഭക്ഷണ മെനു ലഭിച്ചതോടെ എങ്ങനെ ഉണ്ടാക്കി നൽകും എന്നോർത്ത് ജീവനക്കാർ ആശങ്കയിലാണ്.
ഭക്ഷണം പാകം ചെയ്യാനാവശ്യമായ പാത്രങ്ങൾ, മെനുവിൽ പറഞ്ഞ രീതിയിൽ ചേരുവകൾ അളന്നെടുക്കാനുള്ള അളവുതൂക്ക ഉപകരണങ്ങൾ എന്നിവ അങ്കണവാടികളിലില്ല. ഇത്തരം ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യവുമില്ല.
ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ പരിശീലനം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
കുട്ടികൾക്ക് ഇലയട, കൊഴുക്കട്ട എന്നിവ ഉണ്ടാക്കാൻ 1 ഗ്രാം, 5 ഗ്രാം, 20 ഗ്രാം, 100 ഗ്രാം തുടങ്ങിയ അളവുകളിലാണ് ചേരുവകൾ നിർദേശിച്ചിട്ടുള്ളത്.
പക്ഷേ, ഇവ തൂക്കി അളക്കാനുള്ള ഉപകരണം അങ്കണവാടികളിൽ ഉണ്ടോ എന്ന പരിശോധന അധികൃതർ നടത്തിയിട്ടില്ല.
തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും പോഷക മൂല്യമുള്ള വിവിധ ഭക്ഷണ ക്രമങ്ങളാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട, ഇലയട
എന്നിവയിൽ ഏതെങ്കിലും നൽകണം. ഇവ ഉണ്ടാക്കാൻ അരി പൊടിച്ചെടുക്കണം.
എന്നാൽ, പൊടിക്കാനുള്ള ഉപകരണം അങ്കണവാടികളിൽ ഇല്ല. സ്വകാര്യ ഫ്ലോർ മില്ലുകളിൽ നിന്ന് അരി പൊടിച്ചെടുത്താൽ അതിനാവശ്യമായ തുക ജീവനക്കാർ സ്വന്തം കയ്യിൽ നിന്നു കൊടുക്കണം.
ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ജീവനക്കാർ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നൽകാനുള്ള മുട്ട ബിരിയാണി ഉണ്ടാക്കേണ്ടത് റേഷൻ അരിയിലാണ്.
ഇത് സ്വാദിഷ്ടമല്ലെന്നും പറയുന്നു. കൊഴുക്കട്ട, ഇഡ്ഡലി എന്നിവ ഉണ്ടാക്കാൻ അപ്പച്ചെമ്പ് എവിടെ നിന്ന് സംഘടിപ്പിക്കുമെന്ന് ജീവനക്കാർ ചോദിക്കുന്നു.
പരിഷ്കരിച്ച ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ സാധനത്തോടൊപ്പം മിക്സി, അളവ് തൂക്ക ഉപകരണങ്ങൾ, സാധനങ്ങൾ കേട് കൂടാതെ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സംവിധാനം തുടങ്ങിയവ കൂടി അങ്കണവാടികളിൽ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
അതേ സമയം പരിഷ്കരിച്ച മെനു പ്രകാരം ഉള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകൾ അങ്കണവാടികളിൽ ഉണ്ടെന്നും, ആവശ്യമായ സംവിധാനങ്ങളൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്ന കാര്യം ആലോചനയിലാണെന്നും അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]