സംസ്ഥാനത്ത് ബവ്കോ വിൽപനശാലകളിൽ നിന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ അടിവസ്ത്രത്തിൽ ഒളിച്ചും സഞ്ചിയിൽ പൊതിഞ്ഞും കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഷോപ്പിൽ മോഷണം നടത്തിയ സംഘം നഗരത്തിലെ നാല് ഷോപ്പുകളിൽ കൂടി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ഈ തിരിമറി വ്യക്തമായത്. പ്രധാനമായും പ്രീമിയം കൗണ്ടറുകളിൽ നിന്നാണ് വിലകൂടിയ മദ്യം ഇത്തരത്തിൽ കടത്തിയത്.
4000 രൂപയ്ക്ക് മുകളിൽ വിലവരുന്ന മദ്യംവരെ ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. യുവാക്കളും ഇതര സംസ്ഥാനക്കാരുമാണ് ഈ രീതിയിൽ വിലകൂടിയ മദ്യം കടത്തിയവരിൽ ഉൾപ്പെട്ടിരിക്കുന്നത്.
കണക്കെടുപ്പിനിടെ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രീമിയം കൗണ്ടറിലെ മദ്യ മോഷണം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മദ്യം കടത്തിയവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് സ്വന്തംനിലയിൽ മദ്യം തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ഇത്തരം ദുരുപയോഗങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

