ചെറുവത്തൂർ ∙ തർക്കത്തെ തുടർന്ന് മുടങ്ങിയ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ജലമേള വീണ്ടും നടക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. നടത്തിപ്പിന് ചുമതലയുള്ള ടൂറിസം വകുപ്പ് അധികൃതർ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട
തിരക്കിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ പിന്നീട് മത്സരം നടത്തിപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം.
നിരാശരായി കായികപ്രേമികൾ. ജില്ലയ്ക്ക് ആദ്യമായി ലഭിച്ച ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം ഇതോടെ പൂർണതയില്ലാതെ അവസാനിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഇനി വീണ്ടും മത്സരം നടക്കില്ല എന്ന സൂചനയാണ് നിലവിൽ അധികൃതരിൽനിന്ന് ലഭിക്കുന്നത്. ഇതോടെ ടീമുകൾ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.
ചെറിയൊരു സാങ്കേതിക തകരാറുമൂലം, ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ മേള ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുന്ന സ്ഥിതിയാണ്.ജലമേളയുടെ രണ്ടാമത്തെ ഹീറ്റ്സിൽ സമയ സൂചിക ബോർഡ് നിശ്ചലമായതാണ് തർക്കത്തിനും മത്സരം പാതിവഴിയിൽ ഉപേക്ഷിക്കാനും കാരണമായത്. സാങ്കേതിക തകരാർമൂലം സംഭവിച്ച പിഴവിന് വലിയ വില കൊടുക്കേണ്ടിവന്ന അവസ്ഥയാണിപ്പോൾ.
എം. രാജഗോപാലൻ എംഎൽഎയുടെ ശ്രമകരമായ ഇടപെടൽവഴി ജില്ലയ്ക്ക് ലഭിച്ച ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം ഏറെ ആവേശത്തോടെയായിരുന്നു കായികപ്രേമികൾ ഏറ്റെടുത്തത്.
അതേസമയം സാങ്കേതിക തകരാർമൂലം സംഭവിച്ച പ്രശ്നം പരിഹരിക്കുന്നതിന് ടീമുകൾ സഹകരിച്ചിരുന്നെങ്കിൽ മേള നിർത്തിവയ്ക്കേണ്ട
അവസ്ഥ വരില്ലായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇപ്പോൾ നിർത്തിവച്ച മത്സരം മറ്റൊരു ദിവസം നടത്തുമെന്ന് ടൂറിസം അധികൃതർ പറഞ്ഞെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. 22ന് ശബരിമലയിലെത്തുന്ന രാഷ്ട്രപതി 3 ദിവസം കേരളത്തിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട തിരക്കിലാണ് ടൂറിസം വകുപ്പ് അധികൃതർ.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ മത്സരം വീണ്ടും അവതാളത്തിലാകും.
മാത്രമല്ല, അടുത്തയാഴ്ച കണ്ണൂർ ജില്ലയിലെ വള്ളുവൻകടവിൽ ഉത്തര കേരള ജലമേള നടക്കുകയാണ്. അതിൽ ജില്ലയിലെ മിക്ക ടീമുകളും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി ജില്ലയിലെ സിബിഎൽ എന്നു നടത്തും എന്ന ആശങ്കയിലാണ് ടീമുകൾ.
സമ്മാനത്തുക ലഭിക്കുമോ?
മത്സരം നിർത്തിവച്ച സാഹചര്യത്തിൽ സിബിഎല്ലിൽ പങ്കെടുത്ത ടീമുകൾക്ക് സമ്മാനങ്ങളും പ്രൈസ് മണിയും ലഭിക്കില്ല.
മത്സരത്തിൽ പങ്കെടുക്കുന്നതിന് ബോണസായി ലഭിക്കുന്ന തുകയും ടീമുകൾക്ക് നൽകണമെന്ന് ആവശ്യമുണ്ട്, ഒരുലക്ഷം രൂപയാണ് ബോണസ് തുകയായി ലഭിക്കേണ്ടത്.
ജലമേളയിൽ പങ്കെടുക്കാൻ വലിയ തുകയാണ് ഓരോ ടീമും ചെലവഴിച്ചത്. ഒരു ടീമിൽ 10 പേരെ മറ്റ് ജില്ലകളിൽനിന്ന് തുഴയാൻ കൊണ്ടുവരാം എന്നതിനാൽ അറുപതോളം തുഴച്ചിൽകാരാണ് ആലപ്പുഴയിൽനിന്നും മറ്റു ജില്ലകളിൽനിന്നുമായി തുഴയാനെത്തിയത്. ദിവസം 1000 മുതൽ 1500 രൂപ വരെ ഇവർക്ക് നൽകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

