ചെറുവത്തൂർ ∙ തടിച്ചുകൂടിയ ആയിരങ്ങൾ നിരാശരായി. ജില്ലയ്ക്ക് ആദ്യമായി അനുവദിച്ച ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം മുടങ്ങി.
ഹീറ്റ്സ് മത്സരങ്ങൾക്കിടയിൽ ഉണ്ടായ സമയ സൂചികയിലെ സാങ്കേതിക തകരാറാണ് ജലമേള മുടങ്ങാൻ കാരണമായത്.അച്ചാംതുരുത്തികോട്ടപ്പുറം പുഴയിൽ നടന്ന ജലമേളയാണ് കായിക പ്രേമികളെ നിരാശരാക്കിയത്. മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻവഴി ജലമേളയുടെ ഉദ്ഘാടനം നിർവഹിച്ച് ഉച്ചയ്ക്ക് 3.30ന് ഹീറ്റ്സ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
രണ്ടാമത്തെ ഹീറ്റ്സിൽ വയൽക്കര വെങ്ങാട്ട്, ഫൈവ്സറ്റാർ കുറ്റിവയൽ, പാലിച്ചോൻ അച്ചാംതുരുത്തി ബി എന്നീ ടീമുകൾ മത്സരിച്ചപ്പോൾ സമയം നിയന്ത്രിച്ച സൂചിക ബോർഡ് ഓഫായി. ഈ സമയം ടീമുകൾ ഫിനിഷിങ് പോയിന്റിലേക്ക് മുന്നേറിയിരുന്നു.
സമയം കണക്കാക്കി വിജയികളെ കണ്ടെത്തുന്ന മത്സരം ആയതിനാൽ ഈ മത്സരം അവസാനത്തെ ഹീറ്റ്സായി വീണ്ടും നടത്താമെന്ന് ഒഫിഷ്യൽസ് കരുതിയെങ്കിലും വീണ്ടും മത്സരിക്കാൻ തയാറല്ലെന്ന് ടീമുകൾ അറിയിച്ചതോടെ മത്സരം നിന്നു.
ഒരു മണിക്കൂറോളം ചർച്ച നീണ്ടു.ഈ സമയമത്രയും മത്സരം കാണാനുള്ള ആവേശത്തോടെ തീരത്ത് ആയിരങ്ങൾ ക്ഷമയോടെ കാത്തുനിന്നു. എന്നാൽ തീരുമാനം എടുക്കാൻ കഴിയാത്ത രീതിയിലേക്ക് ചർച്ച നീണ്ടതോടെ മത്സരം നിർത്തിവച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനമായി.
ഇക്കാര്യം എം.രാജഗോപാലൻ എംഎൽഎയുടെയും കലക്ടർ കെ. ഇംബശേഖറിന്റെയും സാന്നിധ്യത്തിൽ മുഖ്യ സംഘാടകരായ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് അറിയിച്ചു.
ഇതോടെ ജലമേള കാണാനെത്തിയവർ തീർത്തും നിരാശരായി മടങ്ങി.
പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ അഴീക്കോടൻ
പാതിവഴിയിൽ മുടങ്ങിയ ചാംപ്യൻസ് ബോട്ട് ലീഗ് ജലോത്സവത്തിൽ ഇന്നലെ 5 ഹീറ്റ്സ് മത്സരങ്ങൾ നടന്നപ്പോൾ പാലിച്ചോൻ അച്ചാംതുരുത്തിയും എകെജി മയിച്ചയും ന്യൂ ബ്രദേഴ്സും മികച്ച സമയത്തിലാണ് ഫിനിഷ് ചെയ്തത്.അതേസമയം വിവാദമായ ഒരു ഹീറ്റ്സിൽ സമയ സൂചികയിൽ പ്രശ്നം വന്നതിനെ തുടർന്ന് ആ മത്സരത്തിൽ പങ്കെടുത്ത വയൽക്കര വെങ്ങാട്ട്, ഫൈറ്റിങ് സ്റ്റാർ കുറ്റിവയൽ, പാലിച്ചോൻ അച്ചാംതുരുത്തി ബി എന്നീ ടീമുകളുടെ സമയം ലഭ്യമായില്ല.
3.46 മിനിറ്റിലാണ് പാലിച്ചോൻ അച്ചാംതുരുത്തിയുടെ എ ടീം ഫിനിഷ് ചെയ്തത്. 3.46 മിനിറ്റിൽ തന്നെ എകെജി മയിച്ചയും ഫിനിഷ് ചെയ്തെങ്കിലും മൈക്രോ സെക്കൻഡ് വ്യത്യാസത്തിൽ എകെജി മയിച്ച പാലിച്ചോനെക്കാളും പിന്നിലായി.
3.50 മിനിറ്റായിരുന്നു ന്യൂ ബ്രദേഴ്സ് മയിച്ചയുടെ ഫിനിഷിങ് സമയം.അതേ സമയം ബേപ്പൂരിലും ധർമ്മടത്തും ചാംപ്യൻസ് ട്രോഫിയിൽ ജലരാജ പട്ടം സ്വന്തമാക്കിയ അഴീക്കോടൻ അച്ചാംതുരുത്തിക്ക് സ്വന്തം തട്ടകത്തിൽ വേഗം കുറഞ്ഞു.പാലിച്ചോനും എകെജി മയിച്ചയും നേടിയ സമയം പിടിക്കാൻ അഴീക്കോടന് കഴിഞ്ഞില്ല.
വീണ്ടും മത്സരം നടത്താനുള്ള സാധ്യത മങ്ങിയേക്കും
ചെറുവത്തൂർ ∙ സിബിഎൽ ഇനി നടക്കുമോ? തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരെഞ്ഞെടുപ്പും വരാനിരിക്കെ മാറ്റിവച്ച മത്സരം അതിനുമുൻപ് നടത്തണം. എന്നാൽ അതിന് ഇനി സമയം ഉണ്ടോ? വീണ്ടും മത്സരങ്ങൾ നടത്താമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും അത് എപ്പോൾ എന്നതിന് കൃത്യതയില്ല.
അടുത്തയാഴ്ച കണ്ണൂർ ജില്ലയിലെ വള്ളുവൻകടവിൽ ഉത്തരകേരള ജലമേള നടക്കുകയാണ്. അതിൽ പങ്കെടുക്കുന്നത് ജില്ലയിലെ മുഴുവൻ ടീമുകളുമാണ്.
അതുകൊണ്ടുതന്നെ ഇനി എന്ന് സിബിഎൽ നടത്തും എന്ന ആശങ്കയിലാണ് ടീമുകൾ. ഈ ജലമേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ഓരോ ടീമുകളും ചെലവഴിച്ചത്.
അറുപതോളം തുഴച്ചിൽകാരാണ് ആലപ്പുഴയിൽനിന്നും മറ്റു ജില്ലകളിൽനിന്നുമായി വിവിധ ടീമുകൾക്കായി തുഴയാനെത്തിയത്. ദിവസം 1000 മുതൽ 1500 രൂപ വരെ ഇവർക്ക് നൽകണം.
ദിവസങ്ങളോളം നീണ്ട പരിശീലനമാണ്.
ലക്ഷക്കണക്കിന് രൂപയാണ് പരിശീലനത്തിനു ചെലവഴിക്കുന്നത്. സിബിഎൽ മത്സരങ്ങളിൽ പങ്കെടുത്താൽ ബോണസായി ഒരുലക്ഷം രൂപവരെ ടീമുകൾക്ക് ലഭിക്കും.
ഇവിടെ മത്സരം നിർത്തിവച്ചതിനാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.
സമയസൂചിക പ്രവർത്തിച്ചത് മത്സരം തുടങ്ങി ഒരു മിനിറ്റ് കഴിഞ്ഞ്
ചെറുവത്തൂർ ∙ ചാംപ്യൻസ് ട്രോഫി ജലോത്സവം മുടങ്ങാൻ കാരണമായത് സ്റ്റാർട്ട് കൊടുക്കുമ്പോൾ സമയ സൂചിക ബോർഡ് ഓണാകാതിരുന്നത്. ചെറിയ സാങ്കേതിക തകരാറാണെങ്കിലും അതുമൂലം നഷ്ടമായത് ജില്ലയ്ക്ക് ആദ്യമായി ലഭിച്ച സിബിഎൽ മത്സരങ്ങളുടെ പൂർണതയാണ്.ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമാണ്.
വർഷങ്ങൾക്കു മുൻപുതന്നെ കാര്യങ്കോട് പുഴയിൽ ജലോത്സവം നടത്തി പേരെടുത്തവരാണ് ഇവിടത്തെ സംഘാടകർ. ആയിരങ്ങളെ ആകർഷിച്ചിരുന്ന ഉത്തര മലബാർ ജലോത്സവം സിബിഎൽ(ചാംപ്യൻസ് ബോട്ട് ലീഗ്) ആയശേഷം ആദ്യമായി നടന്ന ജലമേള പൂർത്തീകരിക്കാൻ കഴിയാതെ പോയത് കനത്ത തിരിച്ചടിയാണ്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇതിന്റെ സംഘാടനം തന്നെ ഒരുക്കുന്നത്.
എം. രാജഗോപാലൻ എംഎൽഎയുടെ ശ്രമകരമായ ഇടപെടൽ വഴിയാണ് ഇത്തവണ ജില്ലയ്ക്ക് സിബിഎൽ ലഭിച്ചത്.
ജനകീയ സംഘാടക സമിതി രൂപീകരിച്ചാണ് സംഘാടനത്തിന്റെ മേൽനോട്ടം വഹിച്ചതെങ്കിലും മത്സരങ്ങൾ നിയന്ത്രിച്ചത് അംഗീകൃത ഓഫിഷ്യൽസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ സാങ്കേതിക തകരാറ് അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് സംഘാടകർക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.സ്റ്റാർട്ടിങ് പോയിന്റിൽനിന്ന് മത്സരം തുടങ്ങുമ്പോൾതന്നെ സമയ സൂചികയും ബോർഡിൽ ചലിക്കാൻ തുടങ്ങും.
എന്നാൽ രണ്ടാമത്തെ ഹീറ്റ്സിൽ ഇത് തുടക്കത്തിൽതന്നെ ചലിക്കാതെ പോയി. ഒരു മിനിറ്റ് കഴിഞ്ഞ് ചലിച്ചെങ്കിലും ടീമുകൾ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

