പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കൽ കോളേജിൽ രോഗിക്ക് എക്സ്റേ മാറി നൽകിയ ഗുരുതര വീഴ്ചയിൽ നടപടി. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഗുരുതര വീഴ്ച സ്ഥിരീകരിച്ചത്. എക്സ്റേ മാറിയ വിവരം തിരിച്ചറിയാതെ രോഗിയെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ച പൾമനോളജി വിഭാഗം ഡോക്ടർക്ക് ഔദ്യോഗികമായി താക്കീതും നൽകിയിട്ടുണ്ട്.
ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയ 16 കാരിയായ പെൺകുട്ടിക്ക് പരിശോധനയുടെ ഭാഗമായി ഡോക്ടർ എക്സ്റേ എടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് റേഡിയോളജി വിഭാഗത്തിൽ എത്തിയ പെൺകുട്ടിക്ക്, ആശുപത്രിയിൽ ഇൻപേഷ്യന്റായി ചികിത്സയിലുള്ള 88 കാരിയായ വയോധികയുടെ എക്സ്റേയാണ് ജീവനക്കാർ മാറി നൽകിയത്.
ഈ തെറ്റായ എക്സ്റേ റിപ്പോന്തുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് തെറ്റായി വിലയിരുത്തുകയും ഇതിനുള്ള മരുന്നുകൾ കുറിച്ചു നൽകുകയും ചെയ്തു.
പിന്നീട് തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ വിവരം പുറത്തുവന്നത്.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധന നടത്തിയപ്പോൾ രോഗിയുടെ യഥാർത്ഥ പ്രായവും എക്സ്റേയിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തമാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും നേരിട്ട് കോന്നി മെഡിക്കൽ കോളേജിൽ എത്തി ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി സമർപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സ്റേ വിതരണം ചെയ്ത കൗണ്ടറിലാണ് പിഴവുണ്ടായതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യവകുപ്പും നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

