
കലക്ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിൽ തുടർച്ചയായി രണ്ടാം ദിവസവും തേനീച്ചകളുടെ ആക്രമണം. ജീവനക്കാരടക്കം 15 പേർക്ക് പരുക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവർക്ക് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ല.തേനീച്ച ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കലക്ടർ അനുകുമാരി വിളിച്ച അടിയന്തര യോഗം നടക്കുന്നതിനിടെയാണ് സിവിൽ സ്റ്റേഷൻ വളപ്പിൽ തേനീച്ചകൾ കൂട്ടത്തോടെ ജീവനക്കാരെയും ജനങ്ങളെയും ആക്രമിച്ചത്. 10.45നായിരുന്നു സംഭവം.കെട്ടിടത്തിലെ എല്ലാ ജനാലകളും അടച്ചിടാനും ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഓഫിസിനുള്ളിൽ കയറ്റാനും കലക്ടർ നിർദേശം നൽകി. പുറത്തുനിന്നവർക്കാണു തേനീച്ചക്കുത്തു കിട്ടിയത്. സാരിത്തലപ്പും ചുരിദാർ ഷാളും ഹെൽമറ്റും ടവ്വലും ഉപയോഗിച്ചു തേനീച്ചകളെ പ്രതിരോധിച്ച് ഉദ്യോഗസ്ഥരും ജനങ്ങളും ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം , തേനീച്ചയുടെ കുത്തേറ്റ് ജീവനക്കാരിൽ പലരും ചികിത്സയിലായിരുന്നതിനാൽ ഇന്നലെ സിവിൽ സ്റ്റേഷനിൽ ഹാജർനില കുറവായിരുന്നു.
കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തിലെ 3 വലിയ തേനീച്ചക്കൂടുകളും സമീപ മന്ദിരങ്ങളിലെ 6 കൂടുകളും ഉൾപ്പെടെ 9 കൂടുകൾ അടിയന്തരമായി നീക്കം ചെയ്യാൻ കലക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തേനീച്ചക്കൂടുകൾ കത്തിക്കില്ല, പകരം കീടനിയന്ത്രണ വിഭാഗത്തിന്റെ സഹായത്തോടെ ശനിയാഴ്ചയ്ക്കകം നീക്കം ചെയ്യും. ഇതിനായി ദുരന്തനിവാരണ വകുപ്പ്–വനം വകുപ്പ് എന്നിവരുടെ സഹായവും കലക്ടർ അഭ്യർഥിച്ചിട്ടുണ്ട്. ജോലി സമയത്തിനു ശേഷം മുഴുവൻ ജീവനക്കാരും പുറത്തിറങ്ങിയെന്ന് ഉറപ്പാക്കി രാത്രിയോടെ കൂടുകൾ നീക്കംചെയ്യാനാണ് ആലോചന. ഇതിന് വൈദഗ്ധ്യം നേടിയ 3 സംഘങ്ങൾ ഇന്നലെ വൈകിട്ടോടെ കലക്ടറേറ്റിലെത്തി.
കഴിഞ്ഞദിവസം തേനീച്ചക്കൂട് ഇളകാനിടയായ കാരണം ഇപ്പോഴും വ്യക്തമല്ല. ശക്തമായ കാറ്റിൽ കൂടുകളിലൊന്നിന്റെ ഭാഗം അടർന്നുവീണതിനെ തുടർന്ന് തേനീച്ച ആക്രമണമുണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തൽ. കലക്ടറേറ്റ് വളപ്പിൽ വർഷങ്ങളായി തേനീച്ചകൾ കൂടുകൂട്ടാറുണ്ടെന്നും കഴിഞ്ഞ ദിവസമുണ്ടായത് ആദ്യ സംഭവമാണെന്നും ജീവനക്കാർ പറയുന്നു.
തേനീച്ച സ്റ്റേഷൻ
തിരുവനന്തപുരം∙ കലക്ടറുടെ ചേംബറിനടുത്ത് ചുമരിലൊരു കൂറ്റൻ തേനീച്ചക്കൂട്. ബഹുനില മന്ദിരത്തിലെ അഞ്ചാം നിലയിൽ രണ്ടെണ്ണം. പിൻവശത്തെ കെട്ടിടത്തിൽ ചെറുതും വലുതുമായി 6 എണ്ണം. അഞ്ചാം നിലയിലെ പൊന്നുംവില(ജനറൽ) സ്പെഷൽ തഹസിൽദാറുടെ ഓഫിസിൽ സ്പെഷൽ തഹസിൽദാറുടെ ചേംബറിനോട് ചേർന്ന് 2 തേനീച്ചക്കൂടുകളാണുള്ളത്. ജനാലകളിലൂടെ ഇവയെ വ്യക്തമായി കാണാം. 45 ഓഫിസുകളാണ് സിവിൽ സ്റ്റേഷനിലുള്ളത്. വർഷങ്ങളായി ഇവിടെ തേനീച്ചക്കൂടുകളുണ്ടെങ്കിലും യഥാസമയം നീക്കാൻ നടപടിയില്ല.
വില്ലൻ ‘റോക്ക് ബീ’
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ആക്രമിച്ചത് ‘റോക്ക് ബീ’ എന്നറിയപ്പെടുന്ന പെരുന്തേനീച്ച. മന്ദിരങ്ങളുടെ സൺഷേഡ്, പാറയിടുക്കുകൾ, വലിയ മരങ്ങളുടെ ശിഖരങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മൺസൂൺ കാലയളവ് കഴിയുമ്പോൾ പുതിയ സ്ഥലങ്ങൾതേടി ഇവ യാത്രയാകും. തുടർന്ന് കൂടു കൂട്ടും. സീസൺ അനുകൂലമാകുമ്പോൾ കൂടുകളിൽ തേൻ സംഭരിക്കും. അംഗസംഖ്യയും കൂടും. ശല്യപ്പെടുത്തിയില്ലെങ്കിൽ ഇവ അപകടകാരിയല്ലെന്ന് തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപികൾച്ചറിസ്റ്റ്സ് സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു. നാട്ടിൻപുറത്ത് ഇവയെ കാണാറുണ്ട്. മഴ കുറവുള്ള സ്ഥലങ്ങളിൽനിന്ന് കുടിയേറുകയാണ് ഇവ. സാധാരണ തേനീച്ചകളെക്കാളും വലുപ്പം കൂടുതലാണ്. തേനീച്ച വിഷത്തിന്റെ അളവും കൂടുതലാണ്.
സെക്രട്ടേറിയറ്റിലും പരിശോധന
സെക്രട്ടേറിയറ്റിലും ഇന്നലെ വ്യാപക പരിശോധന നടത്തി. പൊതുഭരണ വകുപ്പ് അഡിഷനൽ സെക്രട്ടറി പി.ഹണിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും തേനീച്ച–കടന്നൽക്കൂടുകളൊന്നും കണ്ടെത്താനായില്ല. ചില സർക്കാർ ഓഫിസുകളിൽ ഇന്നലെ ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധന നടന്നു.
ഇമെയിൽ കേരളത്തിന് പുറത്തുനിന്ന്
പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും കലക്ടറേറ്റിലെ ബോംബ് ഭീഷണി വന്ന അതേ ഇമെയിലിൽ നിന്നാണ് പെരുമ്പാവൂരിലെ ആരാധനാലയത്തിന് മൂന്നാഴ്ച മുൻപ് ബോംബ് ഭീഷണിയുണ്ടായതെന്നു പൊലീസ് കണ്ടെത്തി. ഹോട്മെയിലിൽ നിന്നാണ് സന്ദേശം വന്നത്. ഐപി അഡ്രസ് കണ്ടെത്തുന്നതിന് സൈബർ സെൽ സംഘം പരിശോധന തുടങ്ങിയെങ്കിലും 2 ദിവസമെടുക്കുമെന്നാണ് വിവരം. അതേസമയം, ചില സുരക്ഷാ ഏജൻസികൾ തന്നെ ജാഗ്രത പരിശോധിക്കാനായി ഇത്തരം മെയിലുകൾ അയയ്ക്കാറുണ്ടെന്ന വിവരവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. കേരളത്തിന് പുറത്തുനിന്ന് ഇമെയിൽ വന്നെന്നാണ് വിവരം.