കാസർകോട് ∙ ജില്ലാ ആസ്ഥാനത്തുള്ള അഗ്നിരക്ഷാ നിലയത്തിൽ രാപകൽ ജീവൻ രക്ഷാദൗത്യവുമായി ഓടുന്ന ജീവനക്കാർക്ക് അന്തിയുറങ്ങാൻ ഇടമില്ല. നാലു വനിതാ ജീവനക്കാർ ഉൾപ്പെടെ 25 പേർ അഗ്നിരക്ഷാ നിലയത്തിൽ തന്നെയുള്ള കുടുസ്സ് മുറികളിലാണ് ഒന്നര വർഷമായി താമസിക്കുന്നത്. കറന്തക്കാട് ദേശീയപാത സർവീസ് റോഡ് അരികിലുള്ള അഗ്നിരക്ഷാ നിലയത്തിനു സമീപം ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ തന്നെ അഞ്ചു ബ്ലോക്കുകളിലായി 21 ക്വാർട്ടേഴ്സുകളിൽ ആയിരുന്നു ഇവർ കുടുംബത്തോടെ താമസിച്ചിരുന്നത്.
വർഷങ്ങൾക്കു മുൻപേ വിണ്ടു കീറിയും തകർന്നും അൺഫിറ്റ് ആയിരുന്ന ബ്ലോക്കുകളിൽ 8 ക്വാർട്ടേഴ്സ് പൊളിച്ചു നീക്കി.
ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമാണത്തിനു വേണ്ടിയാണ് അത് പൊളിച്ചത്. മറ്റുള്ള ബ്ലോക്കുകളിൽ താമസം വിലക്കി.
ഇതോടെ കുടുംബങ്ങളുമായി താമസിക്കുന്നവർക്ക് വലിയ വാടക കൊടുത്തു താമസിക്കാൻ കഴിയാതെയായി. കുടുംബങ്ങളുമായി അല്ലാത്തവർ 4 പതിറ്റാണ്ടിലേറെ പഴക്കമുള്ള അഗ്നിരക്ഷാ നിലയത്തിൽ തന്നെയായി താമസം.
വിള്ളൽ വീണ കെട്ടിടത്തിലെ കുടുസ്സ് മുറിയിൽ രണ്ടും നാലും കട്ടിൽ അടുപ്പിച്ച് ഇട്ടാണ് ഇപ്പോൾ അന്തിയുറക്കം.
വനിതാ ജീവനക്കാർ തൊട്ടടുത്ത് തന്നെ മറ്റൊരു മുറിയിലാണ് താമസം. പകൽ ഓഫിസ് സമയത്ത് വാതിൽ അടച്ചിടണം.
ജയിലിൽ കഴിയുന്നതിലും ദയനീയം തന്നെയാണ് ഈ സ്ഥിതി. വസ്ത്രങ്ങളും മറ്റും കട്ടിലിൽ ഒഴിഞ്ഞ സ്ഥലം നോക്കി ഇടണം.
തുരുമ്പിച്ച് ഏതു സമയത്തും വൈദ്യുതി ചോർച്ച ഉണ്ടാകാൻ സാധ്യതയുള്ളതാണ് വൈദ്യുതി ട്യൂബ്, ബൾബ് തുടങ്ങിയവ ഫിറ്റ് ചെയ്തിട്ടുള്ള ഹോൾഡറുകൾ. കാസർകോട് ഫയർസ്റ്റേഷൻ, ജില്ലാ ഫയർ ഓഫിസ്, സ്റ്റോർ റൂം, മെസ്, ജീവനക്കാരുടെ താമസം, ഗാരിജ് എന്നിങ്ങനെ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ രണ്ടു നിലയാണ് ഇത്.
പുറമേ നിന്നു വീക്ഷിക്കുന്നവർക്ക് ഇത് അഭയാർഥി ക്യാംപാണെന്നേ തോന്നൂ.
പുതിയ ക്വാർട്ടേഴ്സിന് വർഷങ്ങൾ കാക്കണം
അൺഫിറ്റ് കെട്ടിടം പൊളിച്ചുനീക്കി പുതിയ ക്വാർട്ടേഴ്സ് കെട്ടിടം പണിയണമെങ്കിൽ വർഷങ്ങൾ കാത്തു നിൽക്കണം. താഴെ ഗാരിജ്, അതിനു മുകളിൽ രണ്ടു നില ഉൾപ്പെടെ 1308 ചതുരശ്ര മീറ്റർ വിസ്തീർണം വരുന്ന ഫയർ ആൻഡ് റെസ്ക്യു ഓഫിസ് കെട്ടിടം പണിയുന്നതിനുള്ള നടപടികളിലാണ്.
ഫയർസ്റ്റേഷനു പിറകിൽ തന്നെയാണു ഇതിന്റെ നിർമാണം തുടങ്ങുന്നത്. പണി തീർന്നു ഫയർ സ്റ്റേഷൻ ഇങ്ങോട്ടു മാറ്റിയാൽ നിലവിലുള്ള ഫയർസ്റ്റേഷൻ കെട്ടിടം നീക്കം ചെയ്യും.
വൈദ്യുതീകരണം ഉൾപ്പെടെ 4.99 കോടി ആണ് ഇതിനു ചെലവ് കണക്കാക്കിയിരുന്നത്.
26 ശതമാനം തുക കുറവ് ചെയ്താണ് കരാറുകാരൻ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. അടുത്ത മാസം പണി തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
കാസർകോട് ഫയർ സ്റ്റേഷൻ കെട്ടിടം, ജില്ലാ ഫയർ ഓഫിസ്, ക്വാർട്ടേഴ്സ് കോംപ്ലക്സ് ഉൾപ്പെടെ 15 കോടി രൂപ ചെലവുള്ള പദ്ധതി ആണ് രണ്ടു വർഷം മുൻപ് സർക്കാരിനു സമർപ്പിച്ചിരുന്നത്. ഫയർസ്റ്റേഷൻ കെട്ടിടം കാസർകോട് വികസന പാക്കേജിൽ പണം വകയിരുത്തിയാണ് നിർമിക്കുന്നത്.
ജില്ലാ ഫയർ ഓഫിസ്, ക്വാർട്ടേഴ്സ് കോംപ്ലക്സ് എന്നിവ പണിയുന്നതിനു പണം സർക്കാർ അനുവദിച്ചിട്ടില്ല. 4.90 കോടി രൂപയിൽ 26 ശതമാനം വരെ തുക കുറച്ച് ഫയർസ്റ്റേഷൻ കെട്ടിടം നിർമിക്കുമ്പോൾ ഇതിന്റെ ഗുണനിലവാരം കുറയുമോ എന്ന ആശങ്കയുണ്ട്.
വാഹനം 9, ഡ്രൈവർ 7
ജീവനക്കാർക്ക് ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുമ്പോൾ തന്നെ ജീവൻ രക്ഷാ ദൗത്യം നിർവഹിക്കാൻ നാടൊട്ടുക്കും പരക്കം പായുമ്പോൾ ആവശ്യമായ ജീവനക്കാരില്ല.
നേരത്തെ 11 വാഹനങ്ങളും 10 ഡ്രൈവർമാരും ഉണ്ടായിരുന്നു. ഇപ്പോൾ നാലു വലിയ വാഹനം ഉൾപ്പെടെ 9 വാഹനം ഉണ്ട്.
ഡ്രൈവർമാരുടെ എണ്ണം ഏഴായി ചുരുക്കി. ദിവസം നാലും പത്തും അപായം ഉണ്ടാകുമ്പോൾ ഇവിടെ എത്താൻ കിട്ടുന്നത് രണ്ടു ഡ്രൈവറെ ആയിരിക്കും.
ഹോംഗാർഡ് സേവനമാണ് അന്നേരം ആശ്രയം. ഈ വർഷം തീപിടിത്തം, വെള്ളക്കെട്ട്, കിണറ്റിൽ വീണത്, തുടങ്ങി അറുന്നൂറോളം അപായ സംഭവങ്ങളിലാണ് കാസർകോട് അഗ്നിരക്ഷാസേന രക്ഷാ ദൗത്യവുമായി എത്തിയത്.
വെള്ളവും പ്രശ്നം
അഗ്നിരക്ഷാ സേനയ്ക്കു രക്ഷാ ദൗത്യം നിർവഹിക്കാൻ ഉൾപ്പെടെ ആവശ്യമായ വെള്ളം കിട്ടാനും ഇവിടെ ദുരിതം അനുഭവിക്കുന്നുണ്ട്.
കുഴൽക്കിണറിൽ നിന്നുൾപ്പെടെ ആവശ്യമായ വെള്ളം കിട്ടുന്നില്ല. ജീവനക്കാർക്കു പ്രാഥമിക കാര്യങ്ങൾക്കുള്ള വെള്ളം മാത്രമേ കിട്ടുന്നുള്ളൂ.
കിണറ്റിൽ നിന്നും കുഴൽക്കിണറിൽ നിന്നും അരമണിക്കൂർ പമ്പ് ചെയ്യുമ്പോൾ വെള്ളം തീരും. രക്ഷാ ദൗത്യത്തിനുള്ള വെള്ളത്തിനു വിദ്യാനഗറിൽ ജല അതോറിറ്റിയാണ് ആശ്രയം.
രണ്ടു വാഹനത്തിൽ വെള്ളം നിറച്ചുവയ്ക്കണം.
4500 ലീറ്റർ വീതം 9,000 ലീറ്റർ വെള്ളം വേണം. നിലവിൽ പല ഇടങ്ങളിലായി ഒരേ സമയത്ത് അപായം ഉണ്ടാകുമ്പോൾ വെള്ളം നിറച്ച് സ്ഥലത്തെത്താൻ ഏറെ വൈകുന്നു.
കാസർകോട് എട്ട് ഇടങ്ങളിൽ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ നേരിട്ടു വെള്ളം എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയാണു പദ്ധതി.
കാസർകോട് കെഎസ്ആർടിസി ഡിപ്പോ പരിസരം, കറന്തക്കാട്, എം.ജി.റോഡ്, താലൂക്ക് ഓഫിസ് ട്രാഫിക് സർക്കിൾ സമീപം, വിദ്യാനഗർ, സിവിൽസ്റ്റേഷൻ, നാലാം മൈൽ, ചെർക്കള എന്നിവിടങ്ങളിൽ സ്ഥാപിക്കാനാണ് നിർദേശം.
ഇതിന് 14 ലക്ഷം രൂപ ചെലവ് വരും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ വികസന പദ്ധതിയിൽ ഉൾപ്പെടെ ഇതിനു സഹായം തേടിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

