തൃക്കരിപ്പൂർ ∙ പതിറ്റാണ്ട് മുൻപ് തൂക്കുപാലം തകർന്ന വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കെ വളപ്പ്–മാടക്കാൽ ജലപാതയിൽ പാലം പണിയാനുള്ള നടപടികൾ പുരോഗമിക്കുന്നു. 40 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാലം പണിയുക. പാലം നിർമിക്കുന്നതിനു സ്വകാര്യ വ്യക്തികളിൽനിന്നു സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം നിർദിഷ്ട
പാലം പരിസരത്ത് എം.രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ.മനോഹരൻ തുടങ്ങിയവർ വിശദീകരണം നടത്തി. വടക്കെ വളപ്പ്–മാടക്കാൽ പാലത്തിനൊപ്പം തെക്കേക്കാട് – പടന്നക്കടപ്പുറം പാലവും പണിയുന്നതിനുള്ള പദ്ധതിയും പുരോഗമിച്ചിട്ടുണ്ട്.
ഈ പാലത്തിനും 40 കോടി രൂപയാണ് ചെലവ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു തന്നെയാണ് ഇതിന്റെയും പ്രവൃത്തി.
2 പാലങ്ങളുടെയും നിർമാണത്തിന് സ്ഥലം ഒരുക്കുന്നതിൽ എംഎൽഎയുടെ സഹായം കിഫ്ബി അഭ്യർഥിച്ചു.
പാലം പണിയാനാവശ്യമായ സ്ഥലം എംഎൽഎ ഇടപെട്ട് മുൻകൂർ കൈവശാവകാശം ലഭ്യമാക്കുകയാണെങ്കിൽ പാലം നിർമാണത്തിനുള്ള തുകയ്ക്ക് സാമ്പത്തികാനുമതി നൽകാൻ നടപടി എടുക്കാമെന്നു കിഫ്ബി അറിയിച്ചിട്ടുണ്ട്. ഡിസൈൻ വിഭാഗത്തിൽനിന്ന് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കി ഉടൻ തന്നെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെആർഎഫ്ബി ഉറപ്പുനൽകിയിട്ടുണ്ട്.
4 കോടി രൂപ ചെലവിൽ വടക്കെ വളപ്പ്–മാടക്കാൽ ജലപാതയിൽ കവ്വായി കായലിൽ പണിത തൂക്കുപാലം 2013 ജൂൺ 27നു തകർന്നു വീണതാണ്.കേവലം 58 ദിവസത്തെ ആയുസ്സ് മാത്രമായിരുന്നു ഈ തൂക്കുപാലത്തിന്. 2013 ഏപ്രിൽ 29 നാണ് തുറന്നു കൊടുത്തത്.
തകർന്ന പാലത്തിനു പകരമായി പ്രഖ്യാപിച്ചതാണ് ഇപ്പോൾ പണിയാനിരിക്കുന്ന പാലം. തൂക്കുപാലം തകർച്ചയുമായി ബന്ധപ്പെട്ട് ഉടലെടുത്ത നിരന്തര വിവാദങ്ങളും തർക്കങ്ങളും ഒന്നിലധികം അന്വേഷണങ്ങളും എങ്ങുമെത്താതിരിക്കുമ്പോഴാണ് കടലോര ജനതയ്ക്ക് ആശ്വാസവും ആഹ്ലാദവും ജനിപ്പിച്ച് 10 സ്പാനുകളോടെ പാലം പണിയാനുള്ള പദ്ധതിയുടെ പുരോഗതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]