ചെറുവത്തൂർ ∙ ജില്ലയ്ക്ക് ലഭിച്ച ആദ്യത്തെ ചാംപ്യൻസ് ബോട്ട് ലീഗ് ജലമേള നാളെ ജലരാജ പട്ടം സ്വന്തമാക്കാൻ ടീമുകൾ കടുത്ത പരിശീലനത്തിൽ. ആവേശത്തുഴയെറിഞ്ഞ് മിനിറ്റുകൾകൊണ്ട് വിജയം സ്വന്തമാക്കാൻ കുതിക്കുന്ന ടീമുകളുടെ മത്സരം കാണാനുള്ള ആവേശത്തിൽ കായികപ്രേമികൾ.
അച്ചാംതുരുത്തി–കോട്ടപ്പുറം തീരത്താണ് നാളെ ഉച്ചയ്ക്ക് 2ന് ജലോത്സവം നടക്കുക. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും.
നേരത്തെ നടന്ന ഉത്തര മലബാർ ജലോത്സവത്തെയാണ് ചാംപ്യൻസ് ബോട്ട് ലീഗായി നടത്താൻ സർക്കാർ അനുമതി നൽകിയത്. ധർമടം, ബേപ്പൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് ചാംപ്യൻസ് ബോട്ട് ലീഗ് നടക്കുന്നത്.16 ടീമുകൾ മത്സരിക്കും.
ഹീറ്റ്സ് മത്സരങ്ങളിൽനിന്ന് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന ടീമുകളെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് പരിഗണിക്കും. ഇവരാണ് ഫൈനലിൽ മത്സരിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
രണ്ടും സ്ഥാനത്തിന് ഒരുലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ബോണസും നൽകും. മത്സരത്തിന് ആവേശം പകരാൻ ചെണ്ടമേളവും ഗാനമേളയും ഉണ്ടാകും.
ചാംപ്യൻസ് ബോട്ട് ലീഗ് ആയതിനാൽ ഇത്തവണ വനിതകളുടെ മത്സരം ഉണ്ടാകില്ല.
ഭാവിയിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വനിതകളുടെ മത്സരവും ഉൾപ്പെടുത്താൻ ആലോചിക്കുമെന്നു എം.രാജഗോപാലൻ എംഎൽഎ, കലക്ടർ കെ.ഇമ്പശേഖരൻ, ടൂറിസം വകുപ്പ് ഡയറക്ടർ എം.കെ.നസീബ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ എന്നിവർ അറിയിച്ചു.
ജില്ലയ്ക്ക് ആദ്യമായി സർക്കാർ സമ്മാനിച്ച ചാംപ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ടൂറിസം രംഗത്ത് വലിയ പ്രതീക്ഷ കൈവരിക്കും. ജനകീയ ഉത്സവമായി ഇതിനെ മാറ്റുന്നതിന് വേണ്ട
ഒരുക്കങ്ങൾ തയാറായി കഴിഞ്ഞു. ജനകീയ പങ്കാളിത്വത്തോടെയാണ് നടത്തിപ്പ്.
വരും വർഷങ്ങളിൽ വനിതകളുടെ വള്ളം കളി മത്സരവും നടത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കും.
എം.രാജഗോപാലൻ എംഎൽഎ സംഘാടക സമിതി ചെയർമാൻ
ബേപ്പൂരിലും ധർമടത്തും അഴീക്കോടൻ;അച്ചാംതുരുത്തിയിൽ ആര് നേടും കപ്പ്?
ഈ വർഷം വടക്കൻ കേരളത്തിൽ നടന്ന ചാംപ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിട്ട് ജലരാജ പട്ടം സ്വന്തമാക്കിയത് അഴീക്കോടൻ അച്ചാംതുരുത്തിയാണ്.
കഴിഞ്ഞ വർഷം അച്ചാംതുരുത്തിയിൽ നടന്ന ഉത്തര മലബാർ ജലോത്സവത്തിൽ ജേതാക്കൾ അഴീക്കോടൻ തന്നെയായിരുന്നു. എന്നാൽ ജില്ലയ്ക്ക് ആദ്യമായി ലഭിച്ച ചാംപ്യൻസ് ട്രോഫിയിൽ സ്വന്തം തട്ടകത്തിൽ അഴീക്കോടൻ ജലരാജാവ് ആകുമോ? കായികപ്രേമികളുടെ ചർച്ചയാണിത്. കഴിഞ്ഞയാഴ്ച ബേപ്പൂരിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ മൈക്രോ സെക്കൻഡ് വിത്യാസത്തിലാണ് പാലിച്ചോൻ അച്ചാംതുരുത്തിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.
മികച്ച സമയവുമായിട്ടാണ് വയൽക്കര വെങ്ങാട്ടും എകെജി പൊടോതുരുത്തിയും എകെജി മയിച്ചയും ന്യൂബ്രേദർസ് മയിച്ചയും വയൽക്കര മയിച്ചയും ഇ.എം.മുഴക്കീലും വിബിസി കുറ്റിവയലും കൃഷ്ണപിള്ള കാവുഞ്ചിറയും നവോദയ മംഗലശേരിയും സുഗതൻ മാസ്റ്റർ സ്മാരക ക്ലബ് ഗുമിട്ടിമുക്കും റെഡ് സ്റ്റാർ കാര്യങ്കോടും അടക്കമുള്ള ടീമുകൾ ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തിൽ ഈ ടീമുകളെല്ലാം കരുത്ത് കാണിച്ചാൽ ഫോട്ടോ ഫിനിഷിലേക്കുവരെ എത്താവുന്ന സ്ഥിതിയാണ്.
വനിതകളുടെ പോരാട്ടം ഇല്ല;വരും വർഷങ്ങളിൽ പരിഗണക്കണമെന്ന് ആവശ്യം
ചാംപ്യൻസ് ലീഗ് ട്രോഫി മത്സരങ്ങളിൽ വനിതകളുടെ പോരാട്ടം ഇല്ലാത്തതിന്റെ നിരാശയിലാണ്.
വിവിധ ബോട്ട് ക്ലബ്ബുകളുടെ വനിതാ ടീമുകൾ. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഉത്തര മലബാർ ജലോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട
ഇനമാണ് വനിതകളുടെ 15 പേർ തുഴയും വള്ളംകളി മത്സരം. പുരുഷന്മാരുടെയും 15 പേർ തുഴയും വള്ളംകളി മത്സരവും നടക്കാറുണ്ട്. എന്നാൽ ചാംപ്യൻസ് ബോട്ട് ലീഗ് ട്രോഫി മത്സരത്തിൽ 25 പേർ തുഴയും വള്ളംകളി മത്സരമാണ് നടക്കുക.
അതുകൊണ്ടുതന്നെ വനിതകളുടെ പോരാട്ടം ഇത്തവണ ഇല്ലാത്തതിൽ വലിയ നിരാശയിലാണ് കായികപ്രേമികൾ. അതേസമയം അടുത്ത വർഷം മത്സരം വിപുലീകരിച്ച് വനിതകൾക്കും പ്രാധാന്യം നൽകുന്നത് പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു.
സമയത്തോടു മല്ലിടുന്ന മത്സരം;വേലിയേറ്റവും ഇറക്കവും ആശങ്ക
നെഹ്റു ട്രോഫി നടത്തിപ്പ് പോലെയാണ് ഇത്തവണ അച്ചാംതുരുത്തിയിൽ ചാംപ്യൻസ് ട്രോഫി മത്സരം നടത്തുക.
ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം നേടി എത്തുന്ന ടീമുകളെയാണ് ഫൈനലിൽ പ്രവേശിപ്പിക്കുക. അതുകൊണ്ടുതന്നെ ഹീറ്റ്സ് മത്സരങ്ങൾ ഫൈനൽ പോരാട്ടത്തിന്റെ കരുത്തു കാണിക്കും.
ബേപ്പൂരിലും ധർമടത്തും നടന്ന മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ച ടീമുകൾ നേടിയ സമയത്തേക്കാൾ മികച്ച സമയം നേടിയാണ് ലൂസേഴ്സ് ഫൈനലിൽ മത്സരിച്ച് ജയിച്ച ടീമുകൾ നേടിയത്. ഇത് പുഴയിലെ ഒഴുക്കിന്റെ പ്രശ്നമായിട്ടാണ് ടീമുകൾ ചൂണ്ടിക്കാട്ടുന്നത്. ഇവിടെയും വേലിയേറ്റവും വേലി ഇറക്കവും വേഗത്തെ ബാധിക്കുമെന്ന ആശങ്ക ടീമുകൾക്കുണ്ട്.
ഒഴുക്കുള്ള പുഴകളിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ മത്സരം നടത്തുന്നത് ഒഴിവാക്കണം എന്ന അഭിപ്രായവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]