കോട്ടിക്കുളം∙ കനത്ത മഴയുടെ കുത്തൊഴുക്കും കടലേറ്റവും കാരണം തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗം അരിക് ഇടിഞ്ഞ് ഒന്നര മീറ്ററോളം താഴ്ന്നു.തൃക്കണ്ണാട് ബസ് സ്റ്റോപ്പിന്റെയും കടലേറ്റത്തിൽ ചുമർ തകർന്ന കോട്ടിക്കുളം കൊടുങ്ങല്ലൂർ ഭഗവതി മണ്ഡപത്തിന്റെയും ഇടയിലാണ് 6 മീറ്ററോളം നീളത്തിലും രണ്ടു മീറ്റർ വീതിയിലും മണ്ണ് ഒലിച്ചു പോയി കുഴിയായത്. ആഴ്ചകളായി തുടരുന്ന കടലേറ്റത്തിൽ പടിപടിയായി ഉയർന്നുവന്ന തിരമാല സംസ്ഥാന പാതയിലേക്ക് കയറുമെന്ന ആശങ്കയ്ക്കിടെ ആണ് ഇടതടവില്ലാതെ പാതവശം കുത്തൊഴുക്കിൽ ഇടിഞ്ഞത്.
വൻ ഭാരമുള്ള ട്രക്കുകൾ ഉൾപ്പെടെ കടന്നു പോകുന്ന കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ തൃക്കണ്ണാട്– കോട്ടിക്കുളം ഭാഗത്തെ ഈ കുഴി നികത്തുകയും റോഡിൽ കുത്തിയൊലിച്ചു വരുന്ന വെള്ളവും കടൽ കയറുന്നതും തടഞ്ഞില്ലെങ്കിൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങും.
ബുധനാഴ്ച പകലും അർധരാത്രി കഴിഞ്ഞും നിർത്താതെ മഴ പെയ്യുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് റോഡ് വശം ഒലിച്ചുപോയി കുഴിയായത് നാട്ടുകാർ കണ്ടത്.
ഡ്രെയ്നേജ് ഇല്ലാത്ത റോഡ്
റോഡരികിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ഡ്രെയ്നേജ് സ്ഥാപിക്കാത്തതാണു റോഡരിക് ഇടിയാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
വർഷങ്ങളായി നാട്ടുകാർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഒരു ഭാഗത്ത് കടലേറ്റവും മറ്റൊരു ഭാഗത്ത് കനത്ത മഴയും നാട്ടുകാരുടെയും അധികൃതരുടെയും ഉറക്കം കെടുത്തുന്നു. ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടെങ്കിലും അതിനു ഫണ്ടില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ.
താൽക്കാലിക നടപടികൾക്ക് ഫണ്ട് വകയിരുത്തിയെങ്കിലും അതിന്റെ നിർവഹണവും അനിശ്ചിതമായി നീണ്ടു പോകുകയാണ്.
റോഡ് വശം ഇടിഞ്ഞ ഭാഗത്ത് അപകട മുന്നറിയിപ്പ് നൽകുന്ന റിബൺ കെട്ടാൻ ഉച്ചയോടെ വന്ന അധികൃതരുമായി നാട്ടുകാർ ഏറെ നേരം വാക്കേറ്റമുണ്ടായി.
കടലേറ്റത്തിൽ കൊടുങ്ങല്ലൂർ ഭഗവതി മണ്ഡപത്തിന്റെ ചുമർ ഉൾപ്പെടെ ഇടിഞ്ഞ ഭാഗം കരിങ്കല്ല് ഇറക്കി സംരക്ഷിക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു തദ്ദേശവാസികൾ. അപായ മുന്നറിയിപ്പ് റിബൺ കെട്ടാൻ കഴിയാതെ അധികൃതർ മടങ്ങുകയായിരുന്നു.
എസ്റ്റിമേറ്റ് വെട്ടിക്കുറച്ചു
അതിനിടെ കൊടുങ്ങല്ലൂർ മണ്ഡപം, ബസ് കാത്തിരിപ്പു കേന്ദ്രം, കട
ഉൾപ്പെടെ സംരക്ഷിക്കാൻ കരിങ്കല്ല് പാകുന്നതിനു കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് അധികൃതർ സമർപ്പിച്ച 25 ലക്ഷം രൂപ എസ്റ്റിമേറ്റ് വീണ്ടും പുതുക്കി നൽകാൻ നിർദേശം നൽകി. അതിൽ നിന്നു 2 ലക്ഷം രൂപ വെട്ടിക്കുറച്ചു.
കരിങ്കല്ല് പാകുന്നതിനു 23 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. എംഎൽഎമാരായ സി.എച്ച്.
കുഞ്ഞമ്പു, എം.രാജഗോപാലൻ എന്നിവർ മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ചർച്ച നടത്തി 25 ലക്ഷം രൂപ ലഭ്യമാക്കിയിരുന്നു. തുടർന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ 22 ലക്ഷം രൂപ എസ്റ്റിമേറ്റ് ഉണ്ടായിരുന്നത് പുതുക്കി ബുധനാഴ്ച 25 ലക്ഷം രൂപ എസ്റ്റിമേറ്റ് നൽകിയത്.
ഇന്നലെ റോഡിന്റെ വശം ഇടിഞ്ഞത് കാരണമായിരിക്കാം റോഡിനു വേണ്ടി ഇതിൽ നിന്നു 2 ലക്ഷം രൂപ വിനിയോഗിക്കാൻ നീക്കിവച്ചതെന്നു പറയുന്നു.
കുഴി നികത്താൻ സാമഗ്രികൾ എത്തിച്ചു
∙സംസ്ഥാനപാതയരികിൽ മണ്ണിടിഞ്ഞു ഒലിച്ചുപോയതിനെത്തുടർന്നുണ്ടായ കുഴി നികത്താൻ ആവശ്യമായ സാമഗ്രികൾ എത്തിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുഡി റോഡ്സ് എക്സി. എൻജിനീയർ അറിയിച്ചതായി കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു.
ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഇതിനുള്ള പണം വിനിയോഗിക്കും. അതിനിടെ കൊടുങ്ങല്ലൂർ ഭഗവതി മണ്ഡപത്തിനും മറ്റും രക്ഷാകവചം തീർക്കുന്നതിനെന്ന പേരിൽ ഇറക്കാനെത്തിച്ച കരിങ്കല്ല് ഒരു വിഭാഗം മടക്കി അയച്ചു.
ഇതു വലുപ്പം കുറഞ്ഞ കല്ലുകളാണെന്നും കടൽ കയറി വരുന്നത് പ്രതിരോധിക്കാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു മടക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]