കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12 ഇടത്തും വിജയിച്ചിട്ടും, സംസ്ഥാന മന്ത്രിസഭയിൽ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ യുഡിഎഫ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് അണികളിൽ വലിയ തോതിലുള്ള അതൃപ്തിയാണ് ഇതിനെത്തുടർന്ന് രൂപപ്പെട്ടിരിക്കുന്നത്.
പാറയ്ക്കൽ അബ്ദുല്ലയെ രണ്ടര വർഷത്തിനു ശേഷം ടേം വ്യവസ്ഥയിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പുനൽകിയെങ്കിലും, പ്രവർത്തകരുടെ പ്രതിഷേധം ശമിപ്പിക്കാൻ ഈ പ്രഖ്യാപനത്തിനായില്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പ്രതിഷേധ സൂചകമായി കരിങ്കൊടികളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
പിന്നീട് ഇവ നീക്കം ചെയ്തു. “ആറിൽ ആറു സീറ്റും ലീഗ് നേടിയ കോഴിക്കോട് ജില്ലയെ തഴയാൻ എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോടിനെ തഴയാൻ മാത്രം ഗഫൂറിന്റെ മെറിറ്റ് എന്തെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ.
കോഴിക്കോട് വെറും സമ്മേളനം നടത്താനുള്ള ജില്ല മാത്രമാണോ എന്നാണ് മറ്റൊരു പോസ്റ്ററിൽ. സംസ്ഥാന മന്ത്രിസഭയിൽ കോഴിക്കോടിനോടുള്ള അനീതിയിൽ പ്രതിഷേധിക്കുകയെന്നും ഒരു പോസ്റ്ററിൽ ഉണ്ട്.” മലപ്പുറത്തിന് ശേഷം ലീഗിന് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ളത് കോഴിക്കോട്ടാണ്.
മത്സരിച്ച ആറ് സീറ്റിലും ലീഗ് വിജയിച്ചു. കാൽനൂറ്റാണ്ടിന് ശേഷം ജില്ലയിൽ വൻതിരിച്ചുവരവ് നടത്തിയ കോൺഗ്രസിനും ഇത്തവണ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.
കഴിഞ്ഞ 25 വർഷമായി കോഴിക്കോട് ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധികൾ ആരും തന്നെ നിയമസഭയിലെത്തിയിരുന്നില്ല. അഞ്ച് കോൺഗ്രസ് പ്രതിനിധികളും ആറ് മുസ്ലിം ലീഗ് പ്രതിനിധികളും ഒരു ആർഎംപി അംഗവുമാണ് ഇത്തവണ കോഴിക്കോട് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ പൊതുവികാരം. ജില്ലയിൽ മികച്ച വിജയം കൈവരിച്ചിട്ടും മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയും രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

