മുള്ളേരിയ ∙ അപകട വളവുകൾ നിവർത്താതെയും വീതികൂട്ടാതെയും ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാത റീടാറിങ് തുടങ്ങി.
അനുദിനം തിരക്ക് വർധിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ വീതി കൂട്ടണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാതെയാണ് മരാമത്ത് വകുപ്പ് റീടാറിങ്ങിനു മാത്രം പണം അനുവദിച്ചത്. 2021ൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പ്രഖ്യാപിച്ച 100 കോടിയുടെ നവീകരണ പദ്ധതി ആവിയായതിനൊപ്പം റോഡ് വീതികൂട്ടലും വെറുംവാക്കായി. 23 കോടി രൂപ ചെലവിലാണ് കേരള–കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് റീടാറിങ് ചെയ്യുന്നത്.
ഇതോടൊപ്പം തകർന്ന കലുങ്കുകളും പുനർ നിർമിക്കുന്നുണ്ട്.
ജാൽസൂറിൽ കലുങ്കിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്.
മഴ പൂർണമായും മാറിയ ശേഷം റീടാറിങ് നടത്താനാണ് തീരുമാനം. ദേശീയപാതയിലെ ചെർക്കളയിൽ നിന്നു തുടങ്ങി സുള്ള്യയ്ക്കടുത്തുള്ള ജാൽസൂറിൽ അവസാനിക്കുന്ന റോഡ് ചെങ്കള, മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 39.1 കിലോമീറ്റർ നീളമുള്ള റോഡിൽ 15 കിലോമീറ്റർ ഭാഗം നേരത്തെ റീടാറിങ് ചെയ്തിരുന്നു.
കെകെ പുറം മുതൽ ശാന്തിനഗർ വരെ 9 കിലോമീറ്റർ 2 വർഷം മുൻപ് റീടാറിങ് ചെയ്തു.
മുള്ളേരിയ ടൗൺ മുതൽ പടിയത്തടുക്ക വരെ 6 കിലോമീറ്റർ മലയോര ഹൈവേയുടെ ഭാഗമായി വീതികൂട്ടിയുള്ള നവീകരണം പുരോഗമിക്കുകയാണ്. ബാക്കി 24.1 കിമീ ദൂരമാണ് 23 കോടി രൂപ ചെലവിൽ റിടാറിങ് ചെയ്യുന്നത്. നിലവിലുള്ള അഞ്ചര മീറ്റർ വീതിയിലാണ് റീടാറിങ്.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡ് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കുണ്ടും കുഴിയുമായ റോഡിലെ നരകയാത്രയ്ക്ക് ഇതോടെ പരിഹാരമാകുമെങ്കിലും, തിരക്കേറിയ റോഡിൽ വീതി കൂട്ടാതെ റീടാറിങ് കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ചെർക്കള മുതൽ ജാൽസൂർ വരെ അപകടകരമായ ഇരുപതോളം കൊടും വളവുകളും ഉണ്ട്.
ഒട്ടേറെ ജീവനെടുത്ത കോട്ടൂർ വളവും ഈ റോഡിലാണ്. ടാറിങ് അഞ്ചര മീറ്ററേയുള്ളൂവെങ്കിലും റോഡിന് ഭൂരിഭാഗം സ്ഥലത്തും 12 മീറ്ററിലേറെ വീതിയുണ്ട്.
സ്ഥലം ഏറ്റെടുക്കാതെ തന്നെ വീതികൂട്ടാൻ കഴിയും. ഇക്കാര്യം നേരത്തെ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും റീടാറിങ്ങിനു മാത്രമാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.
റോഡിന്റെ അവസ്ഥ നിവേദനംവഴി നേരത്തേതന്നെ മന്ത്രിമാരെ അറിയിച്ച് എംഎൽഎ
റോഡ് നവീകരണത്തിന് 100 കോടി രൂപ അനുവദിച്ചുവെന്ന് അവകാശപ്പെട്ട് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ 2021 ജൂൺ 4 ന് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ട്രാഫിക് ഏറ്റവും കൂടുതലുള്ള ഈ റോഡിൽ വളവുകളും തിരിവുകളും മൂലം അപകടങ്ങൾ നിത്യസംഭവമാണ്. ഒട്ടേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് കോട്ടൂർ വളവിൽ തുടർച്ചയായി അപകടവും മരണവും സംഭവിച്ചുകൊണ്ടിരിക്കുന്നു.
പൊതുവേ തിരക്കുള്ള റോഡിൽ ശബരിമല സീസൺ ആകുന്നതോടെ തിരക്ക് പതിന്മടങ്ങ് വർധിക്കുന്നു. അഞ്ചര മീറ്റർ വീതിയിലാണ് നിലവിൽ ടാറിങ് ഉള്ളത്. അപകടങ്ങൾ വർധിക്കാൻ ഇതും കാരണമാണ്.
10 മുതൽ 12 മീറ്റർവരെ സ്ഥലലഭ്യതയുള്ള ഈ റോഡ് ഭൂമി ഏറ്റെടുക്കാതെതന്നെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. ഇക്കാര്യം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യ നിവേദനത്തിൽതന്നെ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]